പ്ലാസ്റ്റിക് നിരോധനം നോക്കുകുത്തി; ചാലിയാറിന് കുറുകെ പ്ലാസ്റ്റിക് ചാക്കിന്റെ തടയണ
ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കുമെന്ന് അറിഞ്ഞിട്ടും വാട്ടര്‍ അതോറിറ്റി ഇതിനു മുതിരുന്നത് സാമ്പത്തിക തിരിമറിക്ക് വേണ്ടിയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
നിലമ്പൂര്‍: പ്ലാസ്റ്റിക് നിരോധനം നിലവില്‍ വന്നിട്ടും ചാലിയാര്‍ പുഴക്ക് കുറുകെ 5000 പ്ലാസ്റ്റിക്ക് ചാക്ക് ഉപയോഗിച്ച് തടയണ. ചാലിയാറിനേയും പരിസരവാസികളേയും കൊല്ലാതെ കൊല്ലാന്‍ പ്ലാസ്റ്റിക് തടയണയുമായി നിലമ്പൂര്‍ വാട്ടര്‍ അതോറിറ്റി. നിലമ്പൂര്‍ കളത്തിന്‍ കടവിലാണ് വാട്ടര്‍ അതോറിറ്റി ചാലിയാര്‍ പുഴക്ക് കുറുകെ 5000 പ്ലാസ്റ്റിക്ക് ചാക്ക് ഉപയോഗിച്ച് തടയണ നിര്‍മിക്കുന്നത്.
തമിഴ്‌നാട്ടിലെ നീലഗിരി ഇളംമ്പാരി മലകളില്‍നിന്ന് ആരംഭിച്ച് മലപ്പുറം ജില്ല പിന്നിട്ട് കോഴിക്കോട് അറബിക്കടലില്‍ സംഗമിക്കുന്ന ചാലിയാര്‍ കേരളത്തിലെ 46 നദികളില്‍ വലുപ്പത്തിന്റെ കാര്യത്തില്‍ നാലാം സ്ഥാനത്താണ്. പ്ലാസ്റ്റിക് ചാക്ക് ഉപയോഗം പുഴയിലെയും പരിസര പ്രദേശങ്ങളിലേയും ആവാസ വ്യവസ്ഥയെ ഗുരുതരമായി ബാധിക്കും. നിലമ്പൂര്‍ നഗരസഭയിലെയും അമരമ്പലം പഞ്ചായത്തിലെയും കുടിവെള്ള സ്രോതസ്സ് കൂടിയാണ് ഈ പുഴ.
ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കുമെന്ന് അറിഞ്ഞിട്ടും വാട്ടര്‍ അതോറിറ്റി ഇതിനു മുതിരുന്നത് സാമ്പത്തിക തിരിമറിക്ക് വേണ്ടിയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ലക്ഷങ്ങള്‍ മുടക്കിയാണ് തടയണ നിര്‍മ്മിക്കുന്നതെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു. പ്ലാസ്റ്റിക് നിരോധനം നിലവില്‍ വന്ന സംസ്ഥാനമായിട്ടും ഇങ്ങനൊരു നടപടിയിലേക്ക് വാട്ടര്‍ അതോറിറ്റി മുതിര്‍ന്നതെന്തിനാണെന്ന് വിശദീകരിക്കാന്‍ വാട്ടര്‍ അതോറിറ്റി മലപ്പുറം എക്‌സിക്യൂട്ടിവ് എഞ്ചിനിയര്‍ തയാറായിട്ടില്ല.
നിലമ്പൂര്‍ നഗര സഭ നാട്ടുകാരുടെ സഹകരണത്തോടെ മുമ്പ് ചണ ചാക്ക് ഉപയോഗിച്ച് പ്രകൃതി സൗഹൃദ തടയണ നിര്‍മിച്ചിരുന്നു. അന്ന് അതിന് വെറും 30000 രൂപയുടെ താഴെ മാത്രമേ ചിലവ് വന്നിട്ടുള്ളൂവെന്നും നാട്ടുകാര്‍ പറയുന്നു. അങ്ങനെ ഒരു സാധ്യത മുന്നില്‍ ഉണ്ടായിട്ടും എന്ത് കൊണ്ടാണ് വാട്ടര്‍ അതോറിറ്റി ഇത്തരം ധൂര്‍ത്തിലേക്ക് പോകുന്നതെന്ന് മനസ്സിലാകുന്നില്ലെന്നാണ് ജനങ്ങള്‍ പറയുന്നത്. അതേസമയം 10 ലക്ഷം രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് വാട്ടര്‍ അതോറിറ്റി നിലമ്പൂര്‍ അസിസ്റ്ററ്റന്റ് എഞ്ചിനിയര്‍ തേജസ് ന്യൂസിനോട് പറഞ്ഞു.
നിലമ്പൂര്‍ കളത്തിന്‍ കടവില്‍ റെഗുലേറ്റര്‍ നിര്‍മാണത്തിന് കിഫ്ബി ധനസഹായത്തോടെ ജലവിഭവ വകുപ്പ് 2018ല്‍ തത്വത്തില്‍ അം?ഗീകാരം നല്‍കിയിരുന്നെങ്കിലും പദ്ധതി നിര്‍വഹണം എങ്ങുമെത്തിയിട്ടില്ല. പദ്ധതി പ്രഖ്യാപനം വന്നിട്ടും ഇത്രയും വലിയ തുക ചിലവഴിച്ചുള്ള നിര്‍മാണത്തിനെതിരേ വ്യാപകമായി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.