വാക്‌സിന്‍: സംസ്ഥാനത്ത് സ്റ്റോക്കുള്ളത് 2.4 ലക്ഷമെന്ന് മുഖ്യമന്ത്രി

സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും വാക്‌സിന്‍ നല്‍കും

Update: 2021-05-04 14:09 GMT

തിരുവനന്തപുരം: നിലവില്‍ 2.4 ലക്ഷം ഡോസ് വാക്‌സിനാണ് സ്‌റ്റോക്കുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പരമാവധി രണ്ടു ദിവസത്തേയ്ക്ക് മാത്രമേ അതു തികയുകയുള്ളൂ. 4 ലക്ഷം ഡോസ് കോവിഷീല്‍ഡും 75000 ഡോസ് കോവാക്‌സിനും ഇന്നു ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേന്ദ്ര സര്‍ക്കാരില്‍ നിന്നും നമുക്ക് ലഭിച്ചത് 7338860 ഡോസുകളാണ്. എന്നാല്‍ നമ്മള്‍ ഉപയോഗിച്ചത് 7426164 ഡോസുകളാണ്. 315580 ഡോസ് വാക്‌സിന്‍ കൂടെ പക്കല്‍ ഇനിയും ബാക്കിയുണ്ട്. വാക്‌സിനുകള്‍ ലഭിക്കുന്നില്ല എന്നതാണ് നിലവില്‍ നേരിടുന്ന പ്രശ്‌നം. ഒന്നുകില്‍ 45 വയസ്സിനു മുകളിലുള്ളവര്‍ക്ക് സൗജന്യമായി വാക്‌സിന്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം. അല്ലെങ്കില്‍ സംസ്ഥാനങ്ങള്‍ക്ക് വാങ്ങാന്‍ സാധിക്കുന്ന തരത്തില്‍ രാജ്യത്തെ വാക്‌സിന്‍ സപ്‌ളൈ ഉറപ്പു വരുത്തുകയെങ്കിലും വേണം.

ഓക്‌സിജന്‍

മെയ് മൂന്നിലെ കണക്കുകള്‍ പ്രകാരം കേരളത്തില്‍ 270.2 മെട്രിക് ടണ്‍ ലിക്വിഡ് ഓക്‌സിജന്‍ സ്‌റ്റോക്കിലുണ്ട്. 8.97 മെട്രിക് ടണ്‍ മെഡിക്കല്‍ ഓക്‌സിജന്‍ സിലിണ്ടര്‍ ആയും സ്‌റ്റോക്കുണ്ട്.108.35 മെട്രിക് ടണ്‍ ഓക്‌സിജനാണ് ഇപ്പോള്‍ ഒരു ദിവസം നമുക്ക് വേണ്ടി വരുന്നത്. ആരോഗ്യ കേന്ദ്രങ്ങളിലും സിഎഫ്എല്‍ടിസികള്‍ അടക്കമുള്ള ചികിത്സാ കേന്ദ്രങ്ങളിലും ഓക്‌സിജന്‍ സുഗമമായി ലഭിക്കുന്നുണ്ടെന്നു നിരീക്ഷിക്കാന്‍ ഉദ്യോഗസ്ഥതല കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.ഓക്‌സിജന്‍ ലഭ്യതയുമായി ബന്ധപ്പെട്ട് നടപടികള്‍ എടുക്കും.

വിക് ടേഴ്‌സ് ചാനല്‍ വഴി കോവിഡ് രോഗികള്‍ക് ഫോണ്‍ ഇന്‍ കണ്‍സള്‍ട്ടേഷന്‍ നല്‍കും. സ്വകാര്യ ചാനലുകള്‍ ഡോക്ടര്‍മാരുമായി ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന്‍ നടത്താന്‍ സൗകര്യം ഒരുക്കണം. അടുത്ത രണ്ടാഴ്ച കൊവിഡുമായി ബന്ധപ്പെട്ട എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങളില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്ത റിട്ടേണിങ് ഓഫിസര്‍മാരെ നിയോഗിക്കും. ടെലിമെഡിസിന്‍ കൂടുതല്‍ ഫലപ്രദമാക്കണം. ഒരു രോഗിക്ക് ഒരു തവണ ബന്ധപ്പെട്ട ഡോക്ടര്‍മാരെത്തന്നെ ബന്ധപ്പെടാനാകണം. ഈ കാര്യത്തില്‍ സ്വകാര്യ ഡോക്ടര്‍മാരും സംഘടനകളും പങ്കാളിത്തം വഹിക്കണം.

കെടിഡിസി ഉള്‍പ്പെടെയുള്ള ഹോട്ടലുകള്‍, സ്വകാര്യ ആശുപത്രിയുമായി ബന്ധപ്പെട്ട സൗകര്യങ്ങള്‍ എന്നിവയെല്ലാം ബെഡ്ഡുകള്‍ വര്‍ധിപ്പിക്കാന്‍ ഉപയോഗിക്കാം. അവശ്യസാധനങ്ങള്‍ ഓണ്‍ലൈനായി വിതരണം ചെയ്യാന്‍ സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍, ഹോര്‍ട്ടി, കണ്‍സ്യൂമര്‍ ഫെഡ് എന്നിവര്‍ ശ്രദ്ധിക്കണം. സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും വാക്‌സിന്‍ നല്‍കും. മൃഗചികിത്സകര്‍ക്കു വാക്‌സിന്‍ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

ജില്ലാതല കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍

തിരുവനന്തപുരം ജില്ലയില്‍ ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കാന്‍ മെഡിക്കല്‍ ഓക്‌സിജന്‍ സംഭരണം ആരംഭിച്ചിട്ടുണ്ട്. ഓക്‌സിജന്‍ സിലിണ്ടറുകള്‍ സംഭരിച്ചു സൂക്ഷിക്കാന്‍ വിമന്‍സ് കോളജ് ഓഡിറ്റോറിയത്തില്‍ ജില്ലാ സിലിണ്ടര്‍ സ്‌റ്റോക്ക് റൂം സജ്ജമാക്കി. കൊല്ലം ജില്ലയിലെ ഹാര്‍ബറുകളുടേയും അനുബന്ധ ലേലഹാളുകളുടേയും പ്രവര്‍ത്തനം നിരോധിച്ചു. പത്തനംതിട്ട ജില്ലയില്‍. അതിഥി തൊഴിലാളികള്‍ കൂട്ടമായി താമസിക്കുന്ന ഇടങ്ങള്‍ കേന്ദ്രീകരിച്ച് ജില്ലയില്‍ കോവിഡ് പരിശോധന വിപുലമാക്കി.

ആലപ്പുഴ ജില്ലയില്‍ ഓക്‌സിജന്‍ വാര്‍റൂമിന്റെ നേതൃത്വത്തില്‍ ശേഖരിച്ച ഓക്‌സിജന്‍ സിലണ്ടറുകള്‍ നിറയ്ക്കുന്നതിനായി മാവേലിക്കരയിലെ ട്രാവന്‍കൂര്‍ വര്‍ക്‌സ് ഓക്‌സിജന്‍ പ്ലാന്റിലേക്ക് മാറ്റി. ഇവ നിറച്ച് ഡി.എം.ഒ.യുടെ കീഴിലുള്ള ഓക്‌സിജന്‍ സ്‌റ്റോര്‍ റൂമില്‍ സൂക്ഷിക്കും. ആവശ്യാനുസരണം ആശുപത്രികള്‍ക്കും മറ്റ് ചികിത്സാകേന്ദ്രങ്ങള്‍ക്കും വിതരണം ചെയ്യും. വളര്‍ത്തുമൃഗങ്ങളുടെ സംരക്ഷണത്തിനായി കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആനിമല്‍ ഡേ കെയര്‍ സെന്റര്‍ തുടങ്ങി.

കോട്ടയം ജില്ലയില്‍ സ്വകാര്യ ആശുപത്രികളിലെ ചികിത്സാ സൗകര്യങ്ങളുടെ ലഭ്യത മുന്‍കൂട്ടി അറിയുന്നതിന് പ്രത്യേക കണ്‍ട്രോള്‍ സെല്‍ തുറക്കും. കോഴിക്കോട് ജില്ലയില്‍ കഴിഞ്ഞദിവസം 32.90 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. സമ്പര്‍ക്കത്തിലൂടെ വീടുകളില്‍ തന്നെ കൂടുതല്‍ ആളുകള്‍ക്ക് രോഗം പകരുന്ന സാഹചര്യമുള്ളതിനാല്‍, കാര്യമായ രോഗലക്ഷണമില്ലാത്തവരെ ഡൊമിസലറി കെയര്‍ സെന്ററുകളിലേക്ക് മാറ്റും.

കണ്ണൂര്‍ ജില്ലയില്‍ ചികില്‍സാ സൗകര്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ആശുപത്രികള്‍ക്കു പുറമെ, എല്ലാ സ്വകാര്യസഹകരണഇഎസ്‌ഐ ആശുപത്രികളിലെയും പകുതി കിടക്കകള്‍ കൊവിഡ് ചികില്‍സയ്ക്കു മാത്രമായി മാറ്റിവയ്ക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. ഗുരുതര രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന കാറ്റഗറി ബി, സി വിഭാഗങ്ങളില്‍പ്പെട്ട കൊവിഡ് രോഗികളെയാണ് ഇവിടെ പ്രവേശിപ്പിക്കുക. ചികില്‍സയ്ക്കാവശ്യമായ കിടക്കകള്‍, ഡി ടൈപ്പ് ഓക്‌സിജന്‍ സിലിണ്ടര്‍, ജീവന്‍ രക്ഷാ മരുന്നുകള്‍ തുടങ്ങിയവ ഉറപ്പുവരുത്തുന്നതിനായി സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പെടെ ജില്ലയിലെ എല്ലാ പ്രധാന ആശുപത്രികളിലും ഒരോ ഇന്‍സിഡന്റ് കമാന്ററെ നിയമിച്ചിട്ടുണ്ട്. ഓരോ ആശുപത്രിയിലും ഓക്‌സിജന്‍ ഹെല്‍പ്പ് ഡെസ്‌ക് സ്ഥാപിക്കാനും നിര്‍ദ്ദേശമുണ്ട്.

കൂലിപ്പണിക്കാര്‍ക്ക് തടസ്സമുണ്ടാക്കരുത്

കൂലിപ്പണിക്കാര്‍, വീട്ടുജോലിക്കാര്‍ മുതലായവരുടെ യാത്ര ചില സ്ഥലങ്ങളില്‍ പോലിസ് തടസപ്പെടുത്തുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇത്തരം ജോലിക്കാരുടെ യാത്രാബുദ്ധിമുട്ട് പരിഹരിക്കുന്നതിന് പോലിസിന് നിര്‍ദ്ദേശം നല്‍കും. പൊതുസ്ഥലങ്ങളില്‍ പോകുന്നവര്‍ രണ്ട് മാസ്‌ക് ധരിക്കണമെന്ന് നേരത്തേ തന്നെ നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍ പലരും ഈ നിര്‍ദ്ദേശം പാലിക്കുന്നതായി കാണുന്നില്ല. രണ്ട് മാസ്‌ക് ഉപയോഗിക്കുന്നവര്‍ ആദ്യം സര്‍ജിക്കല്‍ മാസ്‌കും പുറമെ തുണി മാസ്‌കുമാണ് ധരിക്കേണ്ടത്. ഓക്‌സിജന്‍, മരുന്നുകള്‍ മുതലായ അവശ്യ വസ്തുക്കള്‍ കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്ക് റോഡില്‍ ഒരു തടസവും ഉണ്ടാകാന്‍ പാടില്ലെന്ന് പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വാര്‍ഡ് തല സമിതികള്‍, റാപ്പിഡ് റെസ്‌പോണ്‍സ് ടീം എന്നിവയുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തും. അടുത്ത 24 മണിക്കൂറിനുളളില്‍ ഇവയുടെ പ്രവര്‍ത്തനം പൂര്‍ണ്ണതോതില്‍ എത്തും.



Tags:    

Similar News