ക്ഷേമപെന്‍ഷന്‍ രാഷ്ട്രീയ കാരണങ്ങളാല്‍ മുടക്കിയത് സിപിഎം: ഉമ്മന്‍ ചാണ്ടി

Update: 2021-03-24 11:12 GMT

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ അവസാനകാലത്ത് ഇടതുപക്ഷം ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങള്‍ രാഷ്ട്രീയകാരണങ്ങളാല്‍ സാമൂഹ്യ സുരക്ഷാപെന്‍ഷന്‍ മുടക്കിയിട്ട് അതിന്റെ ഉത്തരവാദിത്വം ഇപ്പോള്‍ മറ്റുള്ളവരുടെമേല്‍ ചാരി കുപ്രചാരണം നടത്തുകയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. 2016 ഫെബ്രുവരിയിലെ ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്യാന്‍ 246 കോടി എസ്ബിടിക്ക് അനുവദിച്ച് 20ന് ധനവകുപ്പ് ഉത്തരവിറക്കിയിരുന്നു. അന്നുവരെ ഗുണഭോക്താക്കള്‍ക്ക് മണിയോര്‍ഡറായാണ് ക്ഷേമപെന്‍ഷന്‍ നല്കിയിരുന്നത്. മണിയോര്‍ഡറിന് വലിയ തുക കമ്മീഷനായ സാഹചര്യത്തിലാണ് പണം ബാങ്കിലേക്കു മാറ്റിയത്. ബാങ്കില്‍ നിന്ന് തദ്ദേശസ്ഥാപനങ്ങളിലേക്ക് തുക അനുവദിച്ചു. എന്നാല്‍ ഇടതുപക്ഷ ആഭിമുഖ്യമുള്ള തദ്ദേശസ്ഥാപനങ്ങള്‍ ഗുണഭോക്താക്കള്‍ക്ക് പണം വിതരണം ചെയ്തില്ല.

ഇതിന് അപവാദമായിരുന്നു ഇടതുപക്ഷത്തിന്റെ കോഴിക്കോട് മേയറായിരുന്ന വികെസി മമ്മദ് കോയ. ഇതു പാവപ്പെട്ടവരുടെ പണമാണെന്നും വിതരണം ചെയ്യാതെ പിടിച്ചുവയ്ക്കരുതെന്നും അദ്ദേഹം കര്‍ശന നിലപാട് സ്വീകരിച്ചു. 16 മാസം കുടിശിക വരുത്തിയെന്നു പറഞ്ഞ് ഇപ്പോള്‍ സിപിഎം പ്രചാരണം അഴിച്ചുവിട്ടിരിക്കുകയാണ്. രാഷ്ട്രീയകാരണങ്ങളാല്‍ അന്നു തുക വിതരണം ചെയ്യാതിരുന്ന കൊടിയ വഞ്ചനയ്ക്ക് സിപിഎം വൈകിയാണെങ്കിലും പാവപ്പെട്ട ജനങ്ങളോട് മാപ്പു പറയണം. യുഡിഎഫ് കാലത്ത് 34 ലക്ഷം ആയിരുന്ന സാമൂഹ്യസുരക്ഷാ പെന്‍ഷന്‍കാരുടെ എണ്ണം 59.5 ലക്ഷം ആക്കിയെന്നാണ് മറ്റൊരു പ്രചാരണം. വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് 14 ലക്ഷം ഗുണഭോക്താക്കളായിരുന്നതാണ് യുഡിഎഫ് 34 ലക്ഷമാക്കിയത്. യുഡിഎഫ് കാലത്ത് സാമൂഹ്യ സുരക്ഷാ പെന്‍ഷനും ക്ഷേമനിധി ബോര്‍ഡ് പെന്‍ഷനും ഒരേ സമയം വാങ്ങിയിരുന്നു. പിണറായി സര്‍ക്കാര്‍ അതു നിര്‍ത്തലാക്കി ഒറ്റ പെന്‍ഷനാക്കി. സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ തുക കൂട്ടിയപ്പോള്‍ ക്ഷേമനിധി ബോര്‍ഡില്‍നിന്ന് ചെറിയ തുകയുടെ പെന്‍ഷന്‍ വാങ്ങിയവര്‍ കൂട്ടത്തോടെ സാമൂഹ്യസുരക്ഷാപെന്‍ഷനിലേക്കു മാറി. അങ്ങനെയാണ് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍കാരുടെ എണ്ണം കൂടിയത്. യുഡിഎഫ് കാലത്ത് ഇതു രണ്ടും രണ്ടായിട്ടാണ് കണക്കാക്കിയിരുന്നത്. രണ്ടും കൂടി ചേര്‍ത്താല്‍ എല്‍ഡിഎഫിന്റെ കാലത്തെ എണ്ണത്തിലെത്തും.

Tags:    

Similar News