ജോര്‍ദാന്‍ താഴ്‌വരയും വടക്കന്‍ ചാവുകടലും ഇസ്രായേലിന്റെ ഭാഗമാക്കും: നെതന്യാഹു
തെല്‍ അവീവ്: ഈ മാസം 17നു നടക്കുന്ന തിരഞ്ഞെടുപ്പില്‍ വിജയിക്കുകയും മുന്നണി സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്താല്‍, ജോര്‍ദാന്‍ താഴ്‌വരയും വടക്കന്‍ ചാവുകടലും ഇസ്രായേലിന്റെ ഭാഗമാക്കുമെന്നു പ്രധാനമന്ത്രി നെതന്യാഹു. ഇസ്രായേലിന്റെ ഐക്യവും അഖണ്ഡതയും പ്രധാനമാണ്. ഇസ്രയേലിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് ജോര്‍ദാന്‍ താഴ്‌വാരം അതിനിര്‍ണായകമാണ്. വരുന്ന തിരഞ്ഞെടുപ്പില്‍ നിങ്ങളെന്നെ തിരഞ്ഞെടുക്കുകയാണെങ്കില്‍ ജോര്‍ദാന്‍ താഴ്‌വരയും വടക്കന്‍ ചാവുകടലും ഇസ്രായേലിന്റെ ഭാഗമാക്കും. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പദ്ധതികളോടു ചേര്‍ന്ന് ഇത് സാധിക്കാനാവും -നെതന്യാഹു പറഞ്ഞു.
അതേസമയം, നെതന്യാഹുവിന്റെ പ്രസ്താവന മേഖലയില്‍ അക്രമം കൊണ്ടുവരാനും സമാധാന ചര്‍ച്ചകളെ തടസ്സപ്പെടുത്താനും മാത്രമേ ഉപകരിക്കൂ എന്ന് ജോര്‍ദാന്‍ വിദേശകാര്യ മന്ത്രി അയ്മന്‍ സഫാദി പ്രതികരിച്ചു. സമാധാന ചര്‍ച്ചകള്‍ക്ക് തുരങ്കം വയ്ക്കുന്നതാണ് നെതന്യാഹുവിന്റെ പ്രസ്താവനയെന്നു പലസ്തീനും യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുത്തറസും പ്രതികരിച്ചു.
ഇക്കഴിഞ്ഞ ഏപ്രിലില്‍ നടന്ന തിരഞ്ഞെടുപ്പില്‍ നെതന്യാഹുവിന്റെ പാര്‍ട്ടി കൂടുതല്‍ സീറ്റുകള്‍ നേടിയിരുന്നെങ്കിലും മുന്നണി സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്നു പാര്‍ലമെന്റ് പിരിച്ചുവിടുകയായിരുന്നു.