ഇന്തോനീസ്യയില്‍ ശക്തമായ ഭൂചലനം; ഏഴുപേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

മജെനെയില്‍ നാല് പേര്‍ മരിക്കുകയും 637 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി രാജ്യത്തെ ദുരന്ത ലഘൂകരണ ഏജന്‍സിയുടെ പ്രാഥമിക വിവരങ്ങള്‍ വ്യക്തമാക്കുന്നു.

Update: 2021-01-15 02:03 GMT

ജക്കാര്‍ത്ത: ഇന്തോനീസ്യയില്‍ ശക്തമായ ഭൂചലനത്തില്‍ ഏഴുപേര്‍ മരിച്ചു. 600 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അന്താരാഷ്ട്രമാധ്യങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഇന്തോനീസ്യയിലെ സുലവേസി ദ്വീപിലാണ് റിക്ടര്‍ സ്‌കെയില്‍ 6.2 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. മജെനെ നഗരത്തിന് ആറുകിലോമീറ്റര്‍ വടക്കുകിഴക്കായി 10 കിലോമീറ്റര്‍ താഴ്ചയിലായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് രാജ്യത്തെ ദുരന്ത ലഘൂകരണ ഏജന്‍സി അറിയിച്ചു. പ്രാദേശിക സമയം പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു സംഭവം. മജെനെയില്‍ നാല് പേര്‍ മരിക്കുകയും 637 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി രാജ്യത്തെ ദുരന്ത ലഘൂകരണ ഏജന്‍സിയുടെ പ്രാഥമിക വിവരങ്ങള്‍ വ്യക്തമാക്കുന്നു.

അയല്‍ പ്രവിശ്യയായ മാമുജുവില്‍ മൂന്ന് മരണങ്ങളും രണ്ട് ഡസനോളം പേര്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായി. ഏഴ് സെക്കന്‍ഡ് നേരത്തേക്ക് കടല്‍ പ്രക്ഷുബ്ദമായി. എന്നാല്‍, സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല. ഭൂകമ്പത്തെത്തുടര്‍ന്ന് പരിഭ്രാന്തരായ ആയിരക്കണക്കിനാളുകള്‍ സുരക്ഷ തേടി വീടുകളില്‍ നിന്നിറങ്ങിയോടി. 60 വീടുകള്‍ക്ക് നാശനഷ്ടമുണ്ടായതായി ഏജന്‍സി അറിയിച്ചു. രണ്ട് ഹോട്ടലുകള്‍ക്കും വെസ്റ്റ് സുലവേസി ഗവര്‍ണറുടെ ഓഫിസിനും ഒരു മാളിനും സാരമായ കേടുപാടുകള്‍ സംഭവിച്ചു. പലസ്ഥലത്തും വൈദ്യുതിബന്ധവും വിഛേദിക്കപ്പെട്ടു.

മോട്ടോര്‍ സൈക്കിളുകളില്‍ താമസക്കാര്‍ സുരക്ഷിതസ്ഥലങ്ങളിലേക്ക് ഓടിപ്പോകുന്നതായും ആളുകള്‍ കൈകൊണ്ട് അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ ശ്രമിക്കുന്നതായും സോഷ്യല്‍ മീഡിയയിലെ വീഡിയോകള്‍ വ്യക്തമാക്കുന്നു. പാലത്തിന് കേടുപാടുകള്‍ സംഭവിച്ചതിനാല്‍ മാമുജുവിലേക്കുള്ള യാത്ര തടസ്സപ്പെട്ടിരിക്കുകയാണ്. മണിക്കൂറുകള്‍ക്ക് മുമ്പ് ഇതേ ജില്ലയില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നിരവധി വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. പസഫിക് 'റിങ് ഓഫ് ഫയര്‍' എന്ന് വിളിക്കപ്പെടുന്ന ഇന്തോനീസ്യയില്‍ പതിവായി ഭൂകമ്പങ്ങളുണ്ടാവാറുണ്ട്. 2018 ല്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും തുടര്‍ന്നുള്ള സുനാമിയിലും സുലവേസിയിലെ പാലു നഗരത്തില്‍ ആയിരക്കണക്കിനാളുകള്‍ കൊല്ലപ്പെട്ടിരുന്നു.

Tags:    

Similar News