നൈജീരിയയില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്ന് എട്ടുമരണം; നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നു
ഡസന്‍ കണക്കിനു കുട്ടികള്‍ കെട്ടിടത്തിനടിയിലുള്ളതായി സംശയിക്കുന്നുവെന്ന് ലാവോസ് സ്‌റ്റേറ്റ് എമര്‍ജന്‍സി മാനേജ്‌മെന്റ് ആജന്‍സി(എസ്ഇഎംഎ) തലവന്‍ അദേസിന തിയാമിയു പറഞ്ഞു
അബൂജ: നൈജീരിയയുടെ വ്യാപാര തലസ്ഥാനമായ ലാവോസില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്ന് എട്ടുപേര്‍ മരിച്ചു. നൂറിലേറെ കുട്ടികള്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം. പ്രാദേശിക സമയം രാവിലെ 9ഓടെയാണ് ലാവോസ് ദ്വീപിലെ ഇതാഫജി മാര്‍ക്കറ്റിനു സമീപത്തെ സ്‌കൂള്‍ കെട്ടിടം തകര്‍ന്നത്. സര്‍ക്കാര്‍ സുരക്ഷാജീവനക്കാരും നാട്ടുകാരും കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ നീക്കി കെട്ടിടത്തിനടിയില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള തീവ്രശ്രമത്തിലാണ്. ഡസന്‍ കണക്കിനു കുട്ടികള്‍ കെട്ടിടത്തിനടിയിലുള്ളതായി സംശയിക്കുന്നുവെന്ന് ലാവോസ് സ്‌റ്റേറ്റ് എമര്‍ജന്‍സി മാനേജ്‌മെന്റ് ആജന്‍സി(എസ്ഇഎംഎ) തലവന്‍ അദേസിന തിയാമിയു പറഞ്ഞു. 40 പേരെ സുരക്ഷാ ജീവനക്കാര്‍ രക്ഷപ്പെടുത്തിയതില്‍ പലര്‍ക്കും ഗുരുതരപരിക്കേറ്റിട്ടുണ്ട്. റെഡ് ക്രോസും പോലിസും ഉള്‍പ്പെടെ ആയിരക്കണക്കിനു പേരാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളത്. കെട്ടിടത്തിലെ മൂന്നാംനിലയില്‍ 100 കുട്ടികളുണ്ടായിരുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. സ്‌കൂള്‍ ബാഗുകളും കളിക്കോപ്പുകളും വസ്ത്രങ്ങളുമെല്ലാം ബുള്‍ഡോസര്‍ ഉപയോഗിച്ചാണ് നീക്കം ചെയ്യുന്നത്. അധികൃതര്‍ സ്ഥലത്തെത്തും മുമ്പ് നിരവധി പേരുടെ ജീവന്‍ രക്ഷിച്ച പ്രദേശവാസികളെ തിയാമിയു പ്രശംസിച്ചു. 2014 സപ്തംബറില്‍ എട്ടുനില കെട്ടിടം തകര്‍ന്ന് 116 പേര്‍ മരണപ്പെട്ടിരുന്നു. രണ്ടുവര്‍ഷത്തിനു ശേഷം തെക്കുകിഴക്കന്‍ നൈജീരിയയിലെ ചര്‍ച്ച് തകര്‍ന്ന് 60 പേര്‍ മരണപ്പെട്ടിരുന്നു.