അഡ്രിയാന്‍ ദാര്യ കപ്പലില്‍ നിന്നുള്ള എണ്ണ മെഡിറ്ററേനിയന്‍ തീരത്ത് ഇറക്കിയെന്ന് ഇറാന്‍
യൂറോപ്യന്‍ യൂനിയന്‍ ഉപരോധം ലംഘിച്ച് സിറിയയിലേക്കാണ് ഈ കപ്പലില്‍ എണ്ണ കൊണ്ടു പോകുന്നതെന്ന ആരോപണത്തിനിടെയാണ് പ്രഖ്യാപനം.
തെഹ്‌റാന്‍: യുഎസുമായി വലിയ നയതന്ത്ര തര്‍ക്കത്തിന് വഴിവച്ച ഇറാനിയന്‍ ഓയില്‍ ടാങ്കറില്‍ നിന്നുള്ള എണ്ണ അതിന്റെ ലക്ഷ്യത്തിലെത്തിയെന്നും ചരക്ക് വിറ്റഴിച്ചുവെന്നും ഇറാന്‍ വിദേശമന്ത്രാലയം. യൂറോപ്യന്‍ യൂനിയന്‍ ഉപരോധം ലംഘിച്ച് സിറിയയിലേക്കാണ് ഈ കപ്പലില്‍ എണ്ണ കൊണ്ടു പോകുന്നതെന്ന ആരോപണത്തിനിടെയാണ് പ്രഖ്യാപനം.
അഡ്രിയാന്‍ ദാരിയ എണ്ണ ടാങ്കര്‍ ഒടുവില്‍ മെഡിറ്ററേനിയന്‍ തീരത്ത് നങ്കൂരമിട്ടു. അതിലുള്ള ചരക്കുകള്‍ ഇറക്കി- വിദേശകാര്യമന്ത്രാലയം വക്താവ് അബ്ബാസ് മൂസവിയെ ഉദ്ധരിച്ച് ഇറാന്‍ വാര്‍ത്താ ഏജന്‍സിയായ ഇര്‍ന റിപോര്‍ട്ട് ചെയ്തു. എന്നാല്‍, ഏത് രാജ്യത്തിനാണ് ചരക്കു നല്‍കിയതെന്ന് വ്യക്തമാക്കാന്‍ തയ്യാറായില്ല.
നേരത്തേ ഗ്രേസ് 1 എന്ന പേരില്‍ അറിയപ്പെട്ടിരുന്ന അഡ്രിയാന്‍ ദാരിയ 1 കഴിഞ്ഞയാഴ്ച്ച അപ്രത്യക്ഷമായിരുന്നു. പിന്നീട് സിറിയന്‍ തുറമുഖമായ ടാര്‍ത്തൂസില്‍ കപ്പല്‍ എത്തിയതായുള്ള ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവന്നു.
ജൂലൈയില്‍ ബ്രിട്ടീഷ് സൈന്യമാണ് ജിബ്രാള്‍ട്ടറില്‍ വച്ച് ഇറാന്റെ എണ്ണ കപ്പല്‍ പിടിച്ചെടുത്തത്. സഖ്യകക്ഷിയായ സിറിയക്ക് എണ്ണ കൊണ്ടുപോവുകയാണ് കപ്പലെന്ന് ആരോപിച്ച് ആറ് ആഴ്ച്ച കപ്പല്‍ പിടിച്ചുവച്ചിരുന്നു. എന്നാല്‍, യുഎസിന്റെ എതിര്‍പ്പ് അവഗണിച്ച് കപ്പല്‍ പിന്നീട് വിട്ടയച്ചു. യൂറോപ്യന്‍ യൂനിയന്‍ ഉപരോധമുള്ള രാജ്യങ്ങളിലേക്ക് പോവില്ലെന്ന ഉറപ്പിലാണ് വിട്ടയച്ചതെന്നാണ് ബ്രിട്ടന്റെ അവകാശവാദം. എന്നാല്‍, അങ്ങിനെയൊരു വാഗ്ദാനവും നല്‍കിയിട്ടില്ലെന്ന് ഇറാന്‍ പിന്നീട് പറഞ്ഞു.