ബോറിസ് ജോണ്‍സന്റെ നിര്‍ദേശത്തിന് അംഗീകാരം; ഡിസംബര്‍ 12ന് ബ്രിട്ടനില്‍ പൊതുതിരഞ്ഞെടുപ്പ്

ജോണ്‍സണ്‍ അവതരിപ്പിച്ച പ്രമേയത്തെ 438 പേര്‍ പിന്തുണച്ചു. 'നമ്മുടെ രാജ്യത്തെ രൂപാന്തരപ്പെടുത്തുന്നതിന് ഈ തലമുറക്ക് ലഭിച്ച അവസരമാണിതെന്ന്' പൊതുതിരഞ്ഞെടുപ്പെന്ന ആശയത്തെ അംഗീകരിച്ചുകൊണ്ട് ലേബര്‍ നേതാവ് ജറമി കോര്‍ബിന്‍ പറഞ്ഞു.

Update: 2019-10-30 04:27 GMT

ലണ്ടന്‍: ഡിസംബര്‍ 12ന് തിരഞ്ഞെടുപ്പ് നടത്താമെന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ നിര്‍ദേശത്തിന് ലേബര്‍പാര്‍ട്ടി അംഗീകാരം. ഇതോടെ ബ്രിട്ടനില്‍ വീണ്ടുമൊരു പൊതുതിരഞ്ഞെടുപ്പിനു കളമൊരുങ്ങി. ജോണ്‍സണ്‍ അവതരിപ്പിച്ച പ്രമേയത്തെ 438 പേര്‍ പിന്തുണച്ചു. 'നമ്മുടെ രാജ്യത്തെ രൂപാന്തരപ്പെടുത്തുന്നതിന് ഈ തലമുറക്ക് ലഭിച്ച അവസരമാണിതെന്ന്' പൊതുതിരഞ്ഞെടുപ്പെന്ന ആശയത്തെ അംഗീകരിച്ചുകൊണ്ട് ലേബര്‍ നേതാവ് ജറമി കോര്‍ബിന്‍ പറഞ്ഞു.

ഡിസംബര്‍ ഒന്‍പതിനു തിരഞ്ഞെടുപ്പാകാമെന്ന നിര്‍ദേശം തള്ളിയതോടെ ലിബറല്‍ ഡമോക്രാറ്റുകളും സ്‌കോട്ടിഷ് ദേശീയ പാര്‍ട്ടിയും വോട്ടെടുപ്പില്‍നിന്നു വിട്ടുനിന്നു. ലേബര്‍ എംപിമാരില്‍ പകുതിയോളം പേരും നിയമനിര്‍മ്മാണത്തിനെതിരെ വോട്ട് രേഖപ്പെടുത്തിയിരുന്നു. അഞ്ച് ആഴ്ചത്തെ ഹ്രസ്വ പ്രചാരണത്തിനായി പാര്‍ലമെന്റ് അടുത്ത ബുധനാഴ്ച പിരിച്ചുവിടും. ജോണ്‍സന്റെ പ്രമേയം ഹൗസ് ഓഫ് ലോര്‍ഡ്‌സും ഉടന്‍ പാസാക്കുമെന്നാണ് പ്രതീക്ഷ.

'ഭരിക്കാനായി ജനിച്ചവരാണ്' എന്ന് കരുതുന്ന ജോണ്‍സനെപോലുള്ള കണ്‍സര്‍വേറ്റീവുകളെ പുറത്താക്കാന്‍ വോട്ടര്‍മാരോട് ആഹ്വാനം ചെയ്തുകൊണ്ട് കോര്‍ബിന്‍ തന്റെ പ്രചാരണത്തിന് കളമൊരുക്കി. 'ബ്രെക്‌സിറ്റ് ഇല്ലാതാക്കാനായി ഒരു സര്‍ക്കാരിനെ തിരഞ്ഞെടുക്കാനുള്ള ഏറ്റവും നല്ല അവസരമാണിത്' എന്നായിരുന്നു ലിബറല്‍ ഡമോക്രാറ്റിക് ലീഡര്‍ ജോ സ്വിന്‍സണ്‍ പറഞ്ഞത്.

ഒക്ടോബര്‍ 31ന് മുന്‍പ് യൂറോപ്യന്‍ യൂനിയന്‍ വിടുമെന്ന പ്രഖ്യാപനം നടക്കില്ലെന്ന് ഉറപ്പായതോടെയാണ് വീണ്ടും തിരഞ്ഞെടുപ്പ് നടത്താനുള്ള ശ്രമം ബോറിസ് ജോണ്‍സന്‍ ആരംഭിച്ചത്. കരാറില്ലാതെ ബ്രെക്‌സിറ്റ് ഉണ്ടാവില്ലെന്നു വ്യക്തമായി ഉറപ്പു തന്നാല്‍ തിരഞ്ഞെടുപ്പ് നിര്‍ദേശം പരിഗണിക്കാമെന്നായിരുന്നു ആദ്യം ലേബര്‍പാര്‍ട്ടി എടുത്ത നിലപാട്. ബ്രെക്‌സിറ്റ് കരാര്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗീകരിച്ചാല്‍ മാത്രമേ ജനുവരിക്ക് മുന്‍പ് യൂറോപ്യന്‍ യൂനിയന്‍ വിടാന്‍ സാധിക്കൂ. പൊതു തിരഞ്ഞെടുപ്പിലൂടെ അംഗബലം കൂട്ടി ശക്തമായി തിരിച്ചുവരാനാണ് ജോണ്‍സണ്‍ തയ്യാറെടുക്കുന്നത്. 

Tags:    

Similar News