കൊവിഡ് വ്യാപനം: വീണ്ടും മൂന്നാഴ്ചത്തെ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തി ഇസ്രായേല്‍
ജറുസലേം: കൊവിഡ് ബാധിതരുടെ എണ്ണം ഉയരുന്നതിനിടെ ഇസ്രായേലില്‍ വീണ്ടും ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തി. മൂന്നാഴ്ചത്തേയ്ക്കാണ് രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കൊവിഡിന്റെ രണ്ടാംഘട്ട വ്യാപനമാണ് രാജ്യത്തുണ്ടായിക്കൊണ്ടിരിക്കുന്നതെന്നും കൊവിഡ് വ്യാപനം തടയുന്നതിന് ലോക്ക് ഡൗണ്‍ അല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി. ലോക്ക് ഡൗണ്‍ നടപടികള്‍ നമുക്കെല്ലാവര്‍ക്കും കനത്ത വില നല്‍കുന്നതാണ്.
എന്നാല്‍, രാജ്യത്ത് പുതുതായി 4,000 പുതിയ കേസുകള്‍ റിപോര്‍ട്ട് ചെയ്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ കര്‍ശനമാര്‍ഗനിര്‍ദേശങ്ങളും കൊണ്ടുവന്നിട്ടുണ്ട്. വീടിനകത്ത് പത്തില്‍ കൂടുതലാളുകള്‍ ഒത്തുചേരാന്‍ പാടില്ല. പൊതുനിരത്തില്‍ 20 പേരില്‍ കൂടുതലുള്ള ചടങ്ങ് നടത്തരുത്. സ്‌കൂളുകളും ഷോപ്പിങ് സെന്ററുകളും അടയ്ക്കും. 500 മീറ്ററില്‍ കൂടുതല്‍ ദൂരം വീട്ടിലേക്കുള്ള യാത്രയ്ക്കുണ്ടെങ്കില്‍ അവര്‍ ജോലിസ്ഥലത്തുതന്നെ താമസിക്കണം. സര്‍ക്കാരിതര ഓഫിസുകള്‍, ബിസിനസ് സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തിക്കാം.
എന്നാല്‍, ഉപഭോക്താക്കള്‍ക്ക് പ്രവേശനമുണ്ടാവില്ല. സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്കും ഫാര്‍മസികള്‍ക്കും തുറക്കാന്‍ അനുമതിയുണ്ട്. മതപരമായ അവധിദിനങ്ങള്‍ ആഘോഷിക്കുന്ന ജൂതസമൂഹങ്ങള്‍ക്ക് ലോക്ക് ഡൗണ്‍ തടസ്സമുണ്ടാവുമെന്ന് നെതന്യാഹു വ്യക്തമാക്കി. രാജ്യത്ത് ഇതുവരെ 1,55,604 പേര്‍ക്കാണ് കൊവിഡ് ബാധിച്ചിട്ടുള്ളത്. 1,119 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു. ഏകദേശം ഒമ്പത് ദശലക്ഷം ജനസംഖ്യയുള്ള ഇസ്രായേലില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 2,882 പേര്‍ക്കാണ് രോഗം ബാധിച്ചത്.