ലോക്ക് ഡൗണ്‍: നിയന്ത്രണങ്ങള്‍ പെട്ടെന്ന് നീക്കുന്നതിനെതിരേ മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന

രോഗം വ്യാപിക്കുന്നത് പരിശോധിക്കാന്‍ രാജ്യങ്ങള്‍ മതിയായ ട്രാക്കിങ് സംവിധാനങ്ങളും ക്വാറന്റൈന്‍ വ്യവസ്ഥകളും ഏര്‍പ്പെടുത്തണമെന്ന് ലോകാരോഗ്യസംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗബ്രിയേസസ് പറഞ്ഞു.

Update: 2020-05-07 04:35 GMT

ജനീവ: കൊവിഡ് വൈറസ് വ്യാപനം തടയുന്നതിനായി ലോകരാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ നീക്കിവരുന്നതിനിടെ മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന. കൊവിഡ് വ്യാപനത്തില്‍ ഇനിയും അതീവജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും അല്ലെങ്കില്‍ കേസുകള്‍ കുതിച്ചുയരുമെന്നും ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കി. നിയന്ത്രണങ്ങള്‍ പെട്ടെന്ന് നീക്കുന്നതിനെതിരേയാണ് ഡബ്ല്യുഎച്ച്ഒയുടെ മുന്നറിയിപ്പ്. രോഗം വ്യാപിക്കുന്നത് പരിശോധിക്കാന്‍ രാജ്യങ്ങള്‍ മതിയായ ട്രാക്കിങ് സംവിധാനങ്ങളും ക്വാറന്റൈന്‍ വ്യവസ്ഥകളും ഏര്‍പ്പെടുത്തണമെന്ന് ലോകാരോഗ്യസംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗബ്രിയേസസ് പറഞ്ഞു.

ജനീവയില്‍ കൊവിഡ് വൈറസ് സംബന്ധിച്ച് അവലോകനം നടത്തുകയായിരുന്നു അദ്ദേഹം. ലോക്ക് ഡൗണില്‍നിന്നുള്ള മാറ്റം രാജ്യങ്ങള്‍ ശ്രദ്ധാപൂര്‍വം കൈകാര്യം ചെയ്തില്ലെങ്കില്‍ അത് ഗുരുതരമായ സ്ഥിതിയുണ്ടാക്കും. ലോകാരോഗ്യസംഘടനയുടെ എപ്പിഡെമിയോളജിസ്റ്റ് മരിയ വാന്‍ കെര്‍ഖോവ് ഡയറക്ടര്‍ ജനറലിന്റെ ആശങ്കകളെ പിന്തുണച്ച് രംഗത്തെത്തി. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ വേഗത്തില്‍ എടുത്തുകളഞ്ഞാല്‍ വൈറസ് വ്യാപിക്കാനിടയാക്കുമെന്നായിരുന്നു മരിയയുടെ വിശദീകരണം. ഇന്ത്യ, ജര്‍മനി, സ്‌പെയിന്‍, ഇറ്റലി തുടങ്ങി വിവിധ രാജ്യങ്ങള്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ നീക്കിത്തുടങ്ങിയിട്ടുണ്ട്.

രാജ്യം വീണ്ടും തുറക്കാനുള്ള സന്നദ്ധത യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും അറിയിച്ചിരുന്നു. രാജ്യം വീണ്ടും തുറക്കുന്നതിലാണ് തന്റെ ശ്രദ്ധയെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. ഇതെല്ലാം കണക്കിലെടുത്താണ് ലോകാരോഗ്യസംഘടന മുന്നറിയിപ്പുമായി രംഗത്തെത്തിയത്. ലോക്ക് നിയന്ത്രണങ്ങള്‍ നീക്കുന്നതിനെക്കുറിച്ച് തീരുമാനിക്കേണ്ടത് അതത് സര്‍ക്കാരുകളാണെന്ന് ലോകാരോഗ്യസംഘടനയുടെ ഉദ്യോഗസ്ഥന്‍ മൈക്ക് റയാന്‍ പറഞ്ഞു. ആവശ്യമെങ്കില്‍ ലോകാരോഗ്യസംഘടന റിസ്‌ക് മാനേജ്‌മെന്റ് സംബന്ധിച്ച് ഉപദേശം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Tags:    

Similar News