സിംബാബ്‌വെയില്‍ 'ഇഡായ്' ചുഴലിക്കാറ്റില്‍ 31 മരണം; 100 പേരെ കാണാതായി
40 ഓളം പേര്‍ക്ക് പരിക്കേറ്റു. ചുഴലിക്കാറ്റിനെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ നൂറോളം പേരെ കാണാതായതായി വാര്‍ത്താ ഏജന്‍സികള്‍ വ്യക്തമാക്കുന്നു. സിംബാബ്‌വെ- മൊസാംബിക് അതിര്‍ത്തിയിലെ മനികലന്‍ഡ് പ്രവിശ്യയിലാണ് ഇഡായ് ചുഴലിക്കാറ്റ് നാശം വിതച്ചത്.
ഹരാരെ: സിംബാബ്‌വെയില്‍ ഇഡായ് ചുഴലിക്കാറ്റില്‍ 31 പേര്‍ മരിച്ചതായി റിപോര്‍ട്ട്. മരണപ്പെട്ടവരില്‍ രണ്ട് വിദ്യാര്‍ഥികളും ഉള്‍പ്പെടുന്നു. 40 ഓളം പേര്‍ക്ക് പരിക്കേറ്റു. ചുഴലിക്കാറ്റിനെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ നൂറോളം പേരെ കാണാതായതായി വാര്‍ത്താ ഏജന്‍സികള്‍ വ്യക്തമാക്കുന്നു. സിംബാബ്‌വെ- മൊസാംബിക് അതിര്‍ത്തിയിലെ മനികലന്‍ഡ് പ്രവിശ്യയിലാണ് ഇഡായ് ചുഴലിക്കാറ്റ് നാശം വിതച്ചത്.
മൂന്ന് ദക്ഷിണാഫ്രിക്കന്‍ രാജ്യങ്ങളിലെ 1.5 ദശലക്ഷം പേരെ ഇഡായ് ചുഴലിക്കാറ്റ് ബാധിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. വീടുകള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍, പോലിസ് സ്‌റ്റേഷനുകള്‍, കച്ചവടസ്ഥാപനങ്ങള്‍ അടക്കമുള്ള ചുഴലിക്കാറ്റില്‍ തകര്‍ന്നടിഞ്ഞു. നിരവധി വീടുകളും പാലങ്ങളും വെള്ളപ്പൊക്കത്തില്‍ തകര്‍ന്നു. 25 ഓളം വീടുകള്‍ മണ്ണിനടിയിലായി. വെള്ളപ്പൊക്കത്തിന്റെ തീവ്രതയില്‍ റോഡുകള്‍ ഒലിച്ചുപോയതിനെത്തുടര്‍ന്ന് ആയിരക്കണക്കിനാളുകള്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്. ചുഴലിക്കാറ്റ് ബാധിച്ച മേഖലകളിലെ വൈദ്യുതി ബന്ധം പൂര്‍ണമായും നിലച്ചു. ആശയവിനിമയ സംവിധാനങ്ങളും സ്തംഭിച്ചു. സിംബാബ്‌വെ നാഷനല്‍ ആര്‍മിയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതെന്ന് വാര്‍ത്താവിതരണ മന്ത്രാലയം അറിയിച്ചു. ചുഴലിക്കാറ്റില്‍ തകര്‍ന്ന സ്‌കൂളുകളില്‍നിന്ന് കുട്ടികളെ വിമാനമാര്‍ഗമാണ് രക്ഷപ്പെടുത്തുന്നത്.
വീടുകള്‍ വെള്ളത്തിലായതിനെത്തുടര്‍ന്ന് പ്രാണരക്ഷാര്‍ഥം ഒരുകൂട്ടമാളുകളും മലയുടെ മുകളില്‍ തമ്പടിച്ചിരിക്കുകയാണ്. എന്നാല്‍, ശക്തമായ കാറ്റ് വീശുന്നതിനാല്‍ ഹെലികോപ്റ്ററിന് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് പ്രയാസം നേരിട്ടിരിക്കുകയാണെന്ന് മന്ത്രാലയം വ്യക്തമാക്കി. മൊസാംബിക്കിലുണ്ടായ ചുഴലിക്കാറ്റിന് തുടര്‍ച്ചയായാണ് സിംബാബ്‌വെയിലും ഇഡായ് ആഞ്ഞടിച്ചത്. മൊസാംബിക്കില്‍ ഇഡായി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ 70ഓളം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. നൂറിലധികം പേര്‍ക്ക് പരിക്കേറ്റിരുന്നു. 5,756 വീടുകളാണ് പൂര്‍ണമായും നശിച്ചത്. 1,41,000 പേരെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തിരുന്നു.