റഷ്യയുടെ യുഎന്‍ രക്ഷാസമിതി സ്ഥിരാംഗത്വം റദ്ദാക്കുന്നതിനെ പിന്തുണയ്ക്കില്ല; യുക്രെയ്‌ന്റെ ആവശ്യം തള്ളി അമേരിക്ക

Update: 2022-03-04 01:54 GMT

വാഷിങ്ടണ്‍: യുഎന്‍ രക്ഷാസമിതിയുടെ സ്ഥിരാംഗത്വത്തില്‍നിന്ന് റഷ്യയെ നീക്കണമെന്ന യുക്രെയ്‌ന്റെ ആവശ്യത്തെ പിന്തുണയ്ക്കില്ലെന്ന് അമേരിക്ക. അത്തരമൊരു നീക്കം അംഗീകരിക്കാനാവില്ല. ഇക്കാര്യമാവശ്യപ്പെട്ട് യുക്രെയ്ന്‍ വിദേശകാര്യമന്ത്രി ദിമിത്രോ കുലേബ നടത്തിയ പ്രസ്താവന അമേരിക്ക തള്ളി. സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയില്‍ യുദ്ധരംഗത്തുള്ള രാജ്യങ്ങള്‍ ആയുധം താഴെ വയ്ക്കണമെന്നാവശ്യപ്പെട്ട് നടന്ന യോഗത്തിലാണ് ദിമിത്രോ കുലേബ റഷ്യയ്‌ക്കെതിരേ ആഞ്ഞടിച്ചത്.

തങ്ങളുടെ രാജ്യത്തേക്ക് കടന്നുകയറി യുദ്ധം തുടങ്ങിയ റഷ്യയുടെ നീക്കത്തിന്റെ അടിസ്ഥാനത്തില്‍ റഷ്യയുടെ സ്ഥിരാംഗത്വം റദ്ദാക്കണമെന്നായിരുന്നു യുക്രെയ്ന്‍ വിദേശകാര്യമന്ത്രിയുടെ ആവശ്യം. 'അന്താരാഷ്ട്രനിയമങ്ങള്‍ പരിശോധിച്ചാല്‍, യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ സ്ഥിരാംഗത്വം കൈയളുന്ന റഷ്യയുടെ സ്ഥാനം നിയമവിരുദ്ധമാണെന്ന് തെളിയും. റഷ്യയുടെ നീക്കം ഒരുതരത്തിലും അംഗീകരിക്കാനാവുന്നതല്ല. പ്രതിരോധിക്കുകയാണ് യുെ്രെകന്‍ ചെയ്യുന്നത്. പ്രത്യാക്രമണം ഞങ്ങളൊരിക്കലും നടത്തിയിട്ടില്ല'- വീഡിയോ സന്ദേശത്തില്‍ യുക്രെയ്ന്‍ വിദേശകാര്യമന്ത്രി പറഞ്ഞു.

റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തെ അപലപിച്ച് യുഎന്‍ രക്ഷാ സമിതിയില്‍ വെള്ളിയാഴ്ച അവതരിപ്പിച്ച പ്രമേയം പാസായിരുന്നില്ല. യുഎസും അല്‍ബേനിയയും ചേര്‍ന്നവതരിപ്പിച്ച പ്രമേയത്തെ 15 അംഗസമിതിയിലുള്ള 11 രാജ്യങ്ങള്‍ അനുകൂലിച്ചെങ്കിലും സ്ഥിരാംഗമെന്ന നിലയില്‍ റഷ്യ വീറ്റോ ചെയ്തു. ഇതോടെ പ്രമേയം പാസ്സായില്ല. ഈ വോട്ടെടുപ്പില്‍നിന്ന് ഇന്ത്യ, യുഎഇ, ചൈന എന്നീ രാജ്യങ്ങള്‍ വിട്ടുനില്‍ക്കുകയും ചെയ്തു. അതേസമയം, റഷ്യ യുെ്രെകനില്‍ നിന്ന് പിന്‍മാറണമെന്ന പ്രമേയം മാര്‍ച്ച് രണ്ടിന് യുഎന്‍ പൊതുസഭ വന്‍ ഭൂരിപക്ഷത്തോടെ പാസ്സാക്കിയിരുന്നു. 141- 5 എന്ന വോട്ടുനിലയിലാണ് പ്രമേയം അംഗീകരിച്ചത്.

ഇന്ത്യ ഇത്തവണയും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. റഷ്യ, ബെലാറൂസ്, വടക്കന്‍ കൊറിയ, സിറിയ, എറിത്രിയ എന്നീ രാജ്യങ്ങളാണ് പ്രമേയത്തെ എതിര്‍ത്തത്. ഇന്ത്യക്ക് പുറമേ ഇറാനും ചൈനയും പാകിസ്താനും ബംഗ്ലാദേശും ശ്രീലങ്കയും വോട്ടെടുപ്പില്‍ വിട്ടുനിന്നു. എന്നാല്‍, നേപ്പാള്‍, ഭൂട്ടാന്‍, മാലിദ്വീപ് എന്നീ രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു. മുന്‍ സോവിയറ്റ് റിപ്പബ്ലിക്കുകളായ കിര്‍ഗിസ്താന്‍, കസാക്കിസ്താന്‍, അര്‍മേനിയ, താജിക്കിസ്താന്‍ എന്നീ രാജ്യങ്ങളും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. യുക്രെയ്ന്‍ വിഷയത്തില്‍ യുഎന്നിലെ വോട്ടെടുപ്പില്‍നിന്ന് നാലാം തവണയാണ് ഇന്ത്യ മാറിനില്‍ക്കുന്നത്. യുക്രെയ്‌നും ജോര്‍ജിയക്കും പിന്നാലെ മോള്‍ഡോവയും യുറോപ്യന്‍ യൂനിയന്‍ അംഗത്വം തേടി അപേക്ഷ നല്‍കി.




Tags:    

Similar News