സംഗീതനിശയ്ക്കിടെ നോര്‍ത്ത് മാസിഡോണിയയില്‍ നൈറ്റ് ക്ലബ്ബില്‍ തീപ്പിടിത്തം; 51 പേര്‍ വെന്തുമരിച്ചു
ലണ്ടന്‍: നോര്‍ത്ത് മാസിഡോണിയയിലെ നൈറ്റ് ക്ലബ്ബിലുണ്ടായ തീപ്പിടിത്തത്തില്‍ 51 പേര്‍ മരിച്ചു. 100ലേറെ പേര്‍ക്ക് പരിക്കേറ്റു. തലസ്ഥാന നഗരമായ സ്‌കോപ്‌ജേയില്‍നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള കോക്കാനി എന്ന പട്ടണത്തില്‍ പ്രവര്‍ത്തിച്ചിരുന്ന നൈറ്റ് ക്ലബ്ബിലാണ് അപകടമുണ്ടായത്. പ്രാദേശികസമയം പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു അഗ്‌നിബാധയുണ്ടായത്.
രാജ്യത്തെ പ്രശസ്തമായ ഹിപ് ഹോപ് ബാന്‍ഡ് ആയ ഡിഎന്‍കെയുടെ സംഗീത പരിപാടി നടക്കുന്നതിനിടെയായിരുന്നു തീപ്പിടിത്തം. ഏകദേശം 1500 പേര്‍ പരിപാടിക്കെത്തിയിരുന്നു. സംഗീതനിശയ്ക്കിടെ കരിമരുന്ന് പ്രയോഗിച്ചപ്പോള്‍ തെറിച്ചുവീണ തീപ്പൊരിയാകാം ദുരന്തത്തിന് കാരണമെന്നാണ് ആഭ്യന്തര മന്ത്രി പാന്‍സ് ടോസ്‌കോവ്‌സ്‌കി പറഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് ചിലരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
ദുരന്തത്തെ നേരിടാന്‍ സര്‍ക്കാര്‍ പൂര്‍ണ്ണ സജ്ജരായിട്ടുണ്ടെന്നും അപകടത്തിന്റെ യഥാര്‍ത്ഥ കാരണങ്ങള്‍ നിര്‍ണ്ണയിക്കാന്‍ ആവശ്യമായതെല്ലാം ചെയ്യുമെന്നും പ്രധാനമന്ത്രി ഹ്രിസ്റ്റിജന്‍ മിക്കോസ്‌കി ഫെയ്സ്ബുക്കില്‍ ഒരു പ്രസ്താവനയില്‍ എഴുതി. രാജ്യത്തെ ഒരുപാട് യുവാക്കള്‍ അപകടത്തില്‍പ്പെട്ട് ജീവന്‍ വെടിഞ്ഞെന്നും ഇത് ദുഷ്‌കരവും വളരെ സങ്കടകരവുമായ ദിവസമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.
കോക്കാനിയിലെ ആശുപത്രിയില്‍ 90 പേരെയാണ് പൊള്ളലേറ്റ് പ്രവേശിപ്പിച്ചത്. പരിക്കേറ്റവരില്‍ ചിലരെ കൂടുതല്‍ ചികിത്സയ്ക്കായി സ്‌കോപ്ജെയിലെ ആശുപത്രികളിലേക്ക് മാറ്റി.
