ബാലാകോട്ട് ആക്രമണം; അന്താരാഷ്ട്ര മാധ്യമങ്ങളെ സ്ഥലത്തെത്തിച്ച് പാകിസ്താന്‍
തങ്ങളുടെ പ്രതിനിധി സംഘത്തില്‍ ഉണ്ടായിരുന്നുവെന്നും ആള്‍നഷ്ടമുണ്ടായതിന്റെ ലക്ഷണങ്ങള്‍ കണ്ടെത്താനായില്ലെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്തു
ഇസ്‌ലാമാബാദ്: പുല്‍വാമ ആക്രമണത്തിനു തിരിച്ചടിയായി ഇന്ത്യന്‍ സേന ബാലാകോട്ടില്‍ നടത്തിയ ആക്രമണത്തിനു 43 ദിവസം പിന്നിട്ടപ്പോള്‍ അന്താരാഷ്ട്ര മാധ്യമ സംഘത്തെ സ്ഥലത്തെത്തിച്ച് പാകിസ്താന്‍. ബിബിസി ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങളുടെ പ്രതിനിധികളെയാണ് ബാലാകോട്ടിലെത്തിച്ചത്. തങ്ങളുടെ പ്രതിനിധി സംഘത്തില്‍ ഉണ്ടായിരുന്നുവെന്നും ആള്‍നഷ്ടമുണ്ടായതിന്റെ ലക്ഷണങ്ങള്‍ കണ്ടെത്താനായില്ലെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്തു. സംഭവസ്ഥലം മാധ്യമപ്രതിനിധികള്‍ സന്ദര്‍ശിച്ചെന്നും ഇന്ത്യയുടെ വാദങ്ങള്‍ പൊള്ളയാണെന്നു ബോധ്യപ്പെട്ടെന്നും പാകിസ്താന്‍ സേനയുടെ പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ ട്വിറ്ററില്‍ അറിയിച്ചു. സംഘം സന്ദര്‍ശിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും അദ്ദേഹം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. ഇന്ത്യന്‍ വ്യോമസേന ആക്രമണം നടത്തിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചെന്നും ബോംബ് വീണ സ്ഥലത്ത് വലിയ ഗര്‍ത്തം കണ്ടെന്നും അവര്‍ പറഞ്ഞു. എന്നാല്‍, മാധ്യമങ്ങളുടെ സന്ദര്‍ശനം വൈകിപ്പിച്ചത് ആഘാതം മറച്ചുവയ്ക്കാനാണെന്നും പ്രദേശവാസികളുമായി കൂടുതല്‍ സംസാരിക്കുന്നതിന് സംഘത്തിന് വിലക്കേര്‍പ്പെടുത്തിയിരുന്നുവെന്നും ഇന്ത്യ ആരോപിച്ചു. ഇന്ത്യ തകര്‍ത്തെന്ന് പറയുന്ന കേന്ദ്രത്തിന് കേടുപാടൊന്നും സംഭവിച്ചില്ലെന്നും ആക്രമണം നടന്നുവെന്ന് പറയുന്ന മേഖല ജനവാസമില്ലാത്തതും ഒറ്റപ്പെട്ടതുമാണെന്നും പാകിസ്താന്‍ ആവര്‍ത്തിച്ചു. ഇന്ത്യന്‍ വ്യോമസേനയുടെ ആക്രമണത്തില്‍ മരങ്ങളും കൃഷിഭൂമിയുമാണ് തകര്‍ത്തതെന്നാണ് പാകിസ്താന്‍ പറയുന്നത്.