
വാഷിങ്ടണ്‍: അനധികൃത കുടിയേറ്റക്കാര്‍ക്കെതിരായ നടപടി വീണ്ടും കടുപ്പിച്ച് ഡോണള്‍ഡ് ട്രംപ്. ഭീമമായ പിഴയും ജയില്‍ശിക്ഷയും നല്‍കാനാണ് ട്രംപിന്റെ പുതിയ നീക്കം. 30 ദിവസത്തില്‍ കൂടുതല്‍ രാജ്യത്ത് തങ്ങുന്ന വിദേശികള്‍ നിര്‍ബന്ധമായും അക്കാര്യം ബന്ധപ്പെട്ട അധികൃതരെ അറിയിക്കുകയും റജിസ്റ്റര്‍ ചെയ്യുകയും വേണമെന്ന് ഏറ്റവും പുതിയ ഉത്തരവില്‍ പറയുന്നു. ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയാല്‍ പിഴയും തടവുശിക്ഷയുമുണ്ടാകുമെന്നും ആഭ്യന്തര വകുപ്പ് വ്യക്തമാക്കി. അനധികൃതമായി യുഎസില്‍ തങ്ങാതെ സ്വയം രാജ്യം വിടുന്നതാണ് നല്ലതെന്നും അങ്ങനെ ചെയ്യുന്നവര്‍ക്ക് യുഎസില്‍ നിന്ന് സമ്പാദിക്കുന്ന പണവും ഒപ്പം കൊണ്ടുപോകാന്‍ കഴിയുമെന്നും എക്‌സ് പോസ്റ്റില്‍ വ്യക്തമാക്കുന്നു.
സ്വയം രാജ്യത്ത് നിന്ന് പുറത്ത് പോകുന്നവര്‍ക്ക് ഭാവിയില്‍ എപ്പോഴെങ്കിലും നിയമപരമായി യുഎസിലേക്ക് കുടിയേറാന്‍ സാധിക്കുമെന്നും പണമില്ലാത്തതിനാലാണ് രാജ്യത്ത് തങ്ങുന്നതെന്ന് വ്യക്തമാക്കിയാല്‍ ഫ്‌ലൈറ്റ് ടിക്കറ്റ് കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കാമെന്നും പോസ്റ്റ് വിശദീകരിക്കുന്നുണ്ട്.
മുന്നറിയിപ്പുകള്‍ ലംഘിച്ചും അനധികൃതമായി തുടരാന്‍ തീരുമാനിക്കുകയാണെങ്കില്‍ പിടിക്കപ്പെട്ടാല്‍ ഉടന്‍ നാടുകടത്തുമെന്നും അനധികൃതമായി യുഎസില്‍ തുടരുന്ന ദിവസത്തിന് 998 ഡോളര്‍ (ഏകദേശം 86,000 രൂപ) എന്ന നിരക്കില്‍ പിഴ ഈടാക്കുമെന്നും , സ്വയം പോകാമെന്ന് സമ്മതിക്കുകയും പോകാതിരിക്കുകയും ചെയ്താല്‍ ദിവസം 1000- മുതല്‍ 5000 ഡോളര്‍ വരെയെന്ന നിരക്കില്‍ പിഴ ഈടാക്കുമെന്നും മേലില്‍ യുഎസില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്യുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.
അതേസമയം, നിലവിലെ മുന്നറിയിപ്പ് എച്ച് വണ്‍ ബി അല്ലെങ്കില്‍ സ്റ്റുഡന്റ് വീസ ഉള്ളവര്‍ക്ക് ബാധകമല്ല. എന്നാല്‍ ഭാവിയില്‍ ഇക്കൂട്ടര്‍ അനധികൃതമായി യുഎസില്‍ നില്‍ക്കുന്നത് നടയുകയും ചെയ്യും. എച്ച് വണ്‍ ബി വീസയില്‍ ജോലിക്കെത്തുകയും ജോലി നഷ്ടമാവുകയും നിശ്ചിത കാലയളവില്‍ യുഎസില്‍ നിന്ന് മടങ്ങാതിരിക്കുകയും ചെയ്താല്‍ കടുത്ത നടപടിയുണ്ടാകുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.