ജറുസലേം: ഫലസ്തീന്റെ ജെറുസലേം കാര്യമന്ത്രി ഫാദി അല്‍ ഹദാമിയെ ഇസ്രായേല്‍ അറസ്റ്റ് ചെയ്തു ചോദ്യം ചെയ്തതായി റിപോര്‍ട്ട്. ഇന്ന് രാവിലെ അദ്ദേഹത്തിന്റെ വസതിയില്‍ നിന്നുമാണ് ഇസ്രയേല്‍ പോലിസ് ഹദാമിയെ അറസ്റ്റ് ചെയ്തത്. ചിലി പ്രസിഡന്റ് സെബാസ്റ്റ്യന്‍ പിനേറയുടെ ജറുസലേം സന്ദര്‍ശന വേളയില്‍ ഹദാമി അദ്ദേഹത്തിനൊപ്പം അല്‍ അഖ്‌സ പള്ളി സന്ദര്‍ശിച്ചതാണ് അറസ്റ്റിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൊവ്വാഴ്ച സെബാസ്റ്റ്യന്‍ പിനേറയ്‌ക്കൊപ്പം ഹദാമി അഖ്‌സ പള്ളിയിലെത്തിയത് ഇസ്രായേലിനെ ചൊടിപ്പിച്ചിരുന്നു. പിനേറയ്‌ക്കൊപ്പം ഫലസ്തീന്‍ മന്ത്രി അഖ്‌സ സന്ദര്‍ശനത്തിന് പോയത് ചട്ടലംഘനമാണെന്ന് ആരോപിച്ചാണ് നടപടി.
അതേസമയം, ഞായറാഴ്ച അഞ്ച് ഫലസ്തീനി യുവാക്കളെയും അഖ്‌സ പരിസരത്ത് നിന്ന് ഇസ്രായേല്‍ അറസ്റ്റ് ചെയ്തതായി റിപോര്‍ട്ടുകളുണ്ട്. വ്യാഴാഴ്ച ഇസ്രായേല്‍ പോലിസ് നടത്തിയ വെടിവയ്പില്‍ മുഹമ്മദ് ഉബൈദ് എന്ന ഇരുപതുകാരന്‍ കൊല്ലപ്പെട്ടിരുന്നു.