ഇസ്രായേല്‍ വടക്കന്‍ ഗസയില്‍ ആക്രമണം തുടങ്ങി

വീണ്ടും ആക്രമണം തുടങ്ങുകയാണെന്ന് ഔദ്യോഗികമായി തന്നെ ഇസ്രായേല്‍ അറിയിച്ചു.

Update: 2023-12-01 06:01 GMT

ഗസ: വെടിനിര്‍ത്തല്‍ കരാര്‍ അവസാനിക്കുന്നതിന് മുമ്പ് തന്നെ ഇസ്രായേല്‍ വടക്കന്‍ ഗസ്സയില്‍ ആക്രമണം തുടങ്ങി. ഗസ മുനമ്പില്‍ നിന്ന് വെടിയൊച്ചകള്‍ കേട്ടതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. തെക്കന്‍ ഗസയിലെ ഖാന്‍ യൂനിസില്‍ നിന്നും അല്‍ ജസീറയുടെ റിപ്പോര്‍ട്ടര്‍ താരേഖ് അബു അസും ആണ് വടക്കന്‍ ഗസയില്‍ വീണ്ടും ഇസ്രായേല്‍ ആക്രമണം തുടങ്ങിയെന്ന റിപ്പോര്‍ട്ട് ചെയ്തത്. ഇതിന് പിന്നാലെ തങ്ങള്‍ ഗസയില്‍ വീണ്ടും ആക്രമണം തുടങ്ങുകയാണെന്ന് ഔദ്യോഗികമായി തന്നെ ഇസ്രായേല്‍ അറിയിച്ചു.

ഗസ നഗരത്തിന്റെ വടക്ക്-പടിഞ്ഞാറ് മേഖലയിലാണ് ആക്രമണം . ഇസ്രായേലിന്റെ ഡ്രോണുകളും യുദ്ധവിമാനങ്ങളും ഗസക്ക് മുകളിലുണ്ടെന്നും അല്‍ ജസീറ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അതേസമയം, ഗസയില്‍ നിന്നും തങ്ങള്‍ക്ക് നേരെ മിസൈല്‍ ആക്രമണം ഉണ്ടായെന്ന ആരോപണവുമായി ഇസ്രായേല്‍ സൈന്യം രംഗത്തെത്തി. ഇസ്രായേലിനെ ലക്ഷ്യമിട്ട് ഗസയില്‍ നിന്നും വന്ന മിസൈല്‍ നിര്‍വീര്യമാക്കിയെന്നാണ് സൈന്യത്തിന്റെ അവകാശവാദം. എന്നാല്‍ ഇതുസംബന്ധിച്ച് ഹമാസിന്റെ പ്രതികരണം പുറത്ത് വന്നിട്ടില്ല.

ഒരാഴ്ച നീണ്ട താല്‍ക്കാലിക വെടിനിര്‍ത്തല്‍ വെള്ളിയാഴ്ച രാവിലെ ഏഴിന് (പ്രാദേശികസമയം) അവസാനിക്കാനിരിക്കെ ഇത് രണ്ടുദിവസത്തേക്കുകൂടി നീട്ടാന്‍ ഖത്തറും ഈജിപ്തും ചര്‍ച്ചകള്‍ ഊര്‍ജിതമാക്കിയിരുന്നു. ചര്‍ച്ചകളില്‍ സമ്പൂര്‍ണ വെടിനിര്‍ത്തലിന് ഹമാസ് താല്‍പര്യം പ്രകടിപ്പിച്ചെങ്കിലും ഇസ്രായേല്‍ തയാറല്ലെന്നാണ് സൂചനകള്‍. ബുധനാഴ്ച രാത്രി ഇസ്രായേലിലെത്തിയ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ സാന്നിധ്യത്തില്‍ യുദ്ധമന്ത്രിസഭാ യോഗം ചേര്‍ന്നു.

ആറുദിവസ താല്‍ക്കാലിക ഇടവേള വ്യാഴാഴ്ച രാവിലെ ഏഴിന് അവസാനിക്കുന്നതിന് നിമിഷങ്ങള്‍ക്കു മുമ്പാണ് 24 മണിക്കൂര്‍കൂടി നീട്ടിയതായി പ്രഖ്യാപനം വന്നത്. ബുധനാഴ്ച രാത്രി 16 ബന്ദികളെ ഹമാസ് മോചിപ്പിക്കുകയും പകരം 30 ഫലസ്തീനി തടവുകാരെ ഇസ്രായേല്‍ വിട്ടയക്കുകയും ചെയ്തിരുന്നു. വ്യാഴാഴ്ചയും ഇസ്രായേല്‍ 30 ഫലസ്തീനി തടവുകാരെ വിട്ടയക്കുകയും 10 ബന്ദികളെ ഹമാസ് മോചിപ്പിക്കുകയും ചെയ്തു.

ഹമാസ് ബന്ദികളാക്കിയ മുഴുവന്‍ സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കാതെ ഇനി വെടിനിര്‍ത്തലിനില്ലെന്ന നിലപാട് ഇസ്രായേല്‍ സ്വീകരിച്ചുവെന്നാണ് വിവരം. എന്നാല്‍, മുഴുവന്‍ ബന്ദികളെയും മോചിപ്പിക്കുന്നതിന് പകരമായി ഇസ്രായേലി ജയിലുകളിലെ എല്ലാ തടവുകാരെയും വിട്ടയക്കണമെന്നാണ് ഹമാസ് നിലപാട്.





Tags:    

Similar News