ഇസ്മാഈല്‍ ഹനിയ്യയെ കൊലപ്പെടുത്തിയത് ഹമാസിന് കാര്യമായ ദോഷം വരുത്തില്ലെന്ന് അമേരിക്കന്‍ ചാനല്‍
ന്യൂയോര്‍ക്ക്: ഹമാസ് രാഷ്ട്രീയകാര്യ സമിതി അധ്യക്ഷനായിരുന്ന ഇസ്മാഈല്‍ ഹനിയ്യയെ ഇസ്രായേല്‍ കൊലപ്പെടുത്തിയത് പ്രസ്ഥാനത്തിന് കാര്യമായ ദോഷം വരുത്തില്ലെന്ന് അമേരിക്കന്‍ ചാനലായ എംഎസ്എന്‍ബിസി. വര്‍ഷങ്ങളായി ഹമാസ് നേതാക്കാളെ ഇസ്രായേല്‍ കൊലപ്പെടുത്തുന്നുണ്ട്. ഇതൊന്നും പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തിയിട്ടില്ലെന്ന് ചാനല്‍ വ്യക്തമാക്കുന്നു.
ഹമാസിന്റെ നിരവധി മുതിര്‍ന്ന നേതാക്കളെയാണ് ഇസ്രായേല്‍ മുമ്പ് വധിച്ചത്. സ്ഥാപകനും ആത്മീയ വഴികാട്ടിയുമായ ഷെയ്ഖ് അഹമ്മദ് യാസീനെ മാര്‍ച്ച് 2004ല്‍ കൊലപ്പെടുത്തി. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അഹമദ് യാസീന്റെ പിന്‍ഗാമി അബ്ദുല്‍ അസീസ് റന്‍തീസിയും കൊല്ലപ്പെട്ടു. 2012 നവംബറില്‍ ഗസ സിറ്റിയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹമാസിന്റെ സൈനിക വിഭാഗമായ അല്‍ ഖസ്സാം ബ്രിഗേഡിന്റെ കമ്മാന്‍ഡര്‍ അഹമ്മദ് അല്‍ ജബരി കൊല്ലപ്പെട്ടു.
2024 ജനുവരിയില്‍ സാലിഹ് അല്‍ അറൂരിയെ ബെയ്‌റൂത്തില്‍ കൊലപ്പെടുത്തി. ഈ കൊലപാതകള്‍ങ്ങള്‍ക്കിടയിലും വര്‍ഷങ്ങളായി വികസിപ്പിച്ചെടുത്ത ശക്തമായ സ്ഥാപന ഘടന കാരണം ഹമാസ് ഒരു പ്രസ്ഥാനമായി നിലനില്‍ക്കുകയാണെന്ന് ചാനല്‍ വ്യക്തമാക്കി. 17 വര്‍ഷത്തെ ഭരണത്തെ തുടര്‍ന്ന് ഗസയില്‍ അതിന്റെ സ്വാധീനം കൂടുതല്‍ ഭദ്രമാക്കുകയും ചെയ്തു. ധാരാളം പേര്‍ ഇപ്പോഴും ഹമാസിന്റെ ഭാഗമാകാന്‍ തയ്യാറായി മുന്നോട്ടുവരുന്നുണ്ട്.
ബുധനാഴ്ച പുലര്‍ച്ച ഇറാന്‍ തലസ്ഥാനമായ തെഹ്‌റാനിലുണ്ടായ സ്‌ഫോടനത്തിലാണ് ഇസ്മാഈല്‍ ഹനിയ്യ രക്തസാക്ഷിയായത്. വെള്ളിയാഴ്ച ഖത്തറില്‍ നടന്ന ഖബറടക്ക ചടങ്ങില്‍ നിരവധി പേര്‍ പങ്കെടുത്തു. ഹനിയ്യയുടെ കൊലപാതകത്തില്‍ ഇസ്രായേലിന് കനത്ത തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ലാ ഖാംനഇ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഹനിയ്യ ഇറാന്റെ മണ്ണിലാണ് രക്തസാക്ഷിയായത്. രക്തസാക്ഷിയുടെ ചോരക്ക് മറുപടി നല്‍കുക എന്നത് ഇറാന്റെ കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറാന്‍ ബാലിസ്റ്റിക് മിസൈലുകളും സ്‌ഫോടനാത്മക ഡ്രോണുകളും ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്ന് ഇസ്രായേല്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തിയതായി ഇസ്രായേലി ചാനല്‍ മകാന്‍ റിപ്പോര്‍ട്ട് ചെയ്തു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍, ഒരുപക്ഷേ ഈ ആഴ്ച അവസാനത്തോടെ ആക്രമണമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇറാന് പുറമെ ഹിസ്ബുല്ലയുടെ ഭാഗത്തുനിന്നു ഇസ്രായേല്‍ വലിയ തിരിച്ചടി പ്രതീക്ഷിക്കുന്നുണ്ട്. ഹിസ്ബുല്ല കമാന്‍ഡര്‍ ഫുആദ് ഷുക്കൂര്‍ കഴിഞ്ഞദിവസം ബെയ്‌റൂത്തില്‍ കൊല്ലപ്പെട്ടിരുന്നു. വലിയൊരു തിരിച്ചടി തന്നെയുണ്ടകുമെന്ന് ഹിസ്ബുല്ല സെക്രട്ടറി ജനറല്‍ ഹസന്‍ നസ്‌റുല്ലാഹ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇതിന്റെ പശ്ചാത്തലത്തില്‍ ഇസ്രായേലിലെ ഹൈഫ പ്രദേശത്ത് എല്ലാവിധ പരിപാടികളും റദ്ദാക്കി. ആക്രമണ ഭീഷണിയുള്ളതിനാല്‍ അവധിയിലുള്ള ഇസ്രായേലി സൈനികരെ ഉടന്‍ തന്നെ തിരിച്ചുവിളിക്കാനും തീരുമാനിച്ചിട്ടുണ്ട്. നിലവിലെ സുരക്ഷാ സാഹചര്യം പരിഗണിച്ച് അധിനിവേശ വെസ്റ്റ്ബാങ്കിലും ഇസ്രായേല്‍ സൈന്യത്തിന്റെ എണ്ണം വര്‍ധിപ്പിച്ചിരിക്കുകയാണ്. ഹനിയ്യയുടെ കൊലപാതകത്തിനെതിരെ ഫലസ്തീനിലും മറ്റു രാജ്യങ്ങളിലും വലിയ പ്രതിഷേധമാണ് ഉയരുന്നത്. കൊലപാതകത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് ദക്ഷിണാഫ്രിക്ക ആവശ്യപ്പെട്ടു.