മല്‍സരത്തിനിടെ പരിക്കേറ്റ മെക്‌സിക്കന്‍ വനിതാ ബോക്‌സിങ് താരം അന്തരിച്ചു

Update: 2021-09-03 10:41 GMT

മെക്‌സിക്കോ സിറ്റി: മല്‍സരത്തിനിടെ റിങ്ങില്‍ വച്ച് പരിക്കേറ്റ് ചികില്‍സയിലായിരുന്ന മെക്‌സിക്കന്‍ വനിതാ ബോക്‌സിന്‍ താരം അന്തരിച്ചു. 18കാരിയായ ബോക്‌സര്‍ ജീനറ്റ് സക്കറിയാസ് സപാറ്റയാണ് പരിക്കേറ്റ് അഞ്ചുദിവസത്തിനുശേഷം മരണത്തിന് കീഴടങ്ങിയത്. ശനിയാഴ്ച മോണ്‍ട്രിയലില്‍ നടന്ന ജിം ഗാല ഇന്റര്‍നാഷനല്‍ ബോക്‌സിങ് ഇവന്റില്‍ പങ്കെടുക്കവെയാണ് ജീനറ്റിന് പരിക്കേറ്റത്. വെല്‍റ്റര്‍വെയ്റ്റ് മത്സരത്തിന്റെ നാലാം റൗണ്ടില്‍ മേരി പിയര്‍ ഹൂളിനോട് ജീനറ്റ് പരാജയപ്പെട്ടിരുന്നു.

ഷെഡ്യൂള്‍ ചെയ്ത ആറ് റൗണ്ട് പ്രൊഫഷനല്‍ പോരാട്ടത്തിന്റെ അഞ്ചാം റൗണ്ടിനുള്ള ബെല്ലിന് ഉത്തരം നല്‍കാന്‍ ജീനറ്റിന് കഴിഞ്ഞിരുന്നില്ല. അപസ്മാരമുണ്ടായതിനെത്തുടര്‍ന്ന് ജീനറ്റിനെ റിങ്ങില്‍നിന്ന് നീക്കി ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഈ വേദനാജനകമായ വേര്‍പാടില്‍ ഗ്രൂപ്പ് ഇവോണ്‍ മിഷേല്‍ ടീമിലെ മുഴുവന്‍ അംഗങ്ങളും അങ്ങേയറ്റം വിഷമത്തിലാണെന്ന് പ്രമോട്ടര്‍ ഇവോണ്‍ മൈക്കല്‍ പറഞ്ഞു.

പോരാളിയുടെ കുടുംബത്തിനും പ്രത്യേകിച്ച് ഭര്‍ത്താവ് ജോവന്നി മാര്‍ട്ടിനസിനും അദ്ദേഹം അനുശോചനം അറിയിച്ചു. മല്‍സരത്തിന്റെ ഫലത്തില്‍ താന്‍ അസ്വസ്ഥനായിരുന്നുവെന്ന് ജീനറ്റിന്റെ എതിരാളിയായിരുന്ന മേരി പിയര്‍ ഹൂള്‍ തിങ്കളാഴ്ച തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ കുറിച്ചിരുന്നു. ബോക്‌സിങ് ഒരുപാട് അപകടങ്ങള്‍ പിടിച്ചതാണ്. ഇതാണ് ഞങ്ങളുടെ ജോലി, ഞങ്ങളുടെ അഭിനിവേശം. ഒരിക്കലും ഒരു എതിരാളിയെ ഗുരുതരമായി വേദനിപ്പിക്കാനുള്ള ഉദ്ദേശം തങ്ങള്‍ക്കില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News