എഫ് 16 വിമാനം ഉപയോഗം: അമേരിക്ക പാകിസ്താനോട് വിശദീകരണം തേടി
കരാര്‍ വ്യവസ്ഥ പ്രകാരം എഫ്16 വിമാനം ഇന്ത്യക്കെതിരേ ഉപയോഗിച്ചത് ചട്ടലംഘനമാണെന്നു ചൂണ്ടിക്കാട്ടിയാണ് കൂടുതല്‍ വിശദീകരണം ആവശ്യപ്പെട്ടത്
വാഷിങ്ടണ്‍: പുല്‍വാമ-ബാലാകോട്ട് ആക്രമണ-പ്രത്യാക്രമണങ്ങള്‍ക്കിടെ ഇന്ത്യക്കെതിരേ അമേരിക്കന്‍ നിര്‍മിത എഫ് 16 വിമാനം ദുരുപയോഗം ചെയ്‌തെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പാകിസ്താനോട് അമേരിക്ക വിശദീകരണം തേടി. കരാര്‍ വ്യവസ്ഥ പ്രകാരം എഫ്16 വിമാനം ഇന്ത്യക്കെതിരേ ഉപയോഗിച്ചത് ചട്ടലംഘനമാണെന്നു ചൂണ്ടിക്കാട്ടിയാണ് കൂടുതല്‍ വിശദീകരണം ആവശ്യപ്പെട്ടത്. നേരത്തേ, ബാലാകോട്ട് സൈനിക നീക്കത്തിനു പിന്നാലെ പാകിസ്താന്‍ നിയന്ത്രണരേഖ മറികടന്ന് എഫ് 16 വിമാനങ്ങള്‍ ഉപയോഗിച്ച് സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടെത്തിയെന്നും ഇന്ത്യ തകര്‍ക്കുകയായിരുന്നുവെന്നും സൈനിക മേധാവികള്‍ സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഇന്ത്യന്‍ സേന തകര്‍ത്ത അംറാം മിസൈലിന്റെ അവശിഷ്ടങ്ങളും പ്രദര്‍ശിപ്പിച്ചിരുന്നു. എഫ് 16 വിമാനത്തില്‍ നിന്നു തൊടുക്കാവുന്നതാണ് അംറം മിസൈലുകള്‍. ഇന്ത്യ വിവരം പുറത്തുവിട്ടതിനു പിന്നാലെയാണ് അമേരിക്കയിലെ പെന്റഗണ്‍ ഡിഫന്‍സ് സെക്യൂരിറ്റി ആന്റ് കേര്‍പറേഷന്‍ ഏജന്‍സിയുടെ നടപടി. എന്നാല്‍, ആദ്യഘട്ടങ്ങളില്‍ യുദ്ധ വിമാനങ്ങള്‍ ഉപയോഗിച്ചില്ലെന്നായിരുന്നു പാകിസ്താന്‍ വാദിച്ചിരുന്നത്. കരാര്‍ പ്രകാരം എഫ് 16 ജെറ്റ് വിമാനങ്ങള്‍ ഭീകരതയ്‌ക്കെതിരേയും പ്രതിരോധിക്കാനും വേണ്ടിയാണ് ഉപയോഗിക്കേണ്ടതെന്നാണ് പെന്റഗണ്‍ പറയുന്നത്.