ന്യൂസിലന്‍ഡില്‍ വീണ്ടും കൊവിഡ് റിപോര്‍ട്ട് ചെയ്തു
24 ദിവസത്തോളം പുതുതായി കൊവിഡ് റിപോര്‍ട്ട് ചെയ്യാതിരുന്ന സാഹചര്യത്തില്‍ രാജ്യം കൊവിഡ് മുക്തമായി പ്രഖ്യാപിക്കാനിരിക്കുകയായിരുന്നു.
വെല്ലിങ്ടണ്‍: കൊവിഡില്‍ നിന്നും മുക്തിനേടിയ ന്യൂസിലന്‍ഡില്‍ വീണ്ടും രോഗം സ്ഥിരീകരിച്ചതായി റിപോര്‍ട്ട്. യുകെയില്‍ നിന്ന് മടങ്ങിയെത്തിയ രണ്ട് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ആഴ്ചയാണ് കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ രാജ്യത്തുനിന്നും ഒഴിവാക്കിയത്. കൊവിഡിനെ പൊരുതി തോല്‍പ്പിച്ച ആദ്യ രാജ്യങ്ങളിലൊന്നായി ന്യൂസിലാന്‍ഡ് അറിയപെട്ടിരുന്നു.
24 ദിവസത്തോളം പുതുതായി കൊവിഡ് റിപോര്‍ട്ട് ചെയ്യാതിരുന്ന സാഹചര്യത്തില്‍ രാജ്യം കൊവിഡ് മുക്തമായി പ്രഖ്യാപിക്കാനിരിക്കുകയായിരുന്നു. തുടര്‍ന്നാണ് രാജ്യത്തെ എല്ലാ സാമൂഹിക സാമ്പത്തിക നിയന്ത്രണങ്ങളും എടുത്തുകളഞ്ഞത്.മറ്റുരാജ്യങ്ങളില്‍ നിന്നുള്ള ന്യൂസിലന്‍ഡുകാര്‍ രാജ്യത്തേക്ക് മടങ്ങിയെത്തുമ്പോള്‍ ഭാവിയില്‍ പുതിയ കേസുകള്‍ റിപോര്‍ട്ടു ചെയ്യാന്‍ സാധ്യതയുണ്ടെന്ന് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണ്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. രോഗം സ്ഥിരീകരിച്ച രണ്ടു പേരും ഈ മാസം ഏഴിന് ദോഹ, ബ്രിസ്ബന്‍ വഴിയാണ് ന്യൂസിലന്‍ഡിലെത്തിയത്. നിലവില്‍ ഇവര്‍ ഓക്ലാന്‍ഡിലെ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.
യുകെയിലേക്കുള്ള സമീപയാത്രയുടെ ഫലമായാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് റിപോര്‍ട്ട് ചെയ്യപ്പെട്ട മൊത്തം കേസുകളുടെ എണ്ണം 1,506 ആയി. ഇതുവരെ 22 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.