ഒമ്പത് കൊലപാതകങ്ങള്‍; നൈജീരിയന്‍ സീരിയല്‍ കൊലയാളിക്ക് വധശിക്ഷ
2019 ജൂലൈ- സപ്തംബര്‍ മാസങ്ങളിലാണ് കൊലപാതകങ്ങള്‍ നടന്നത്. ജഡ്ജി അഡോള്‍ഫസ് എനെബെലെയാണ് ശിക്ഷ പ്രഖ്യാപിച്ചത്. രാജ്യത്തിന്റെ പലഭാഗങ്ങളിലെ ഹോട്ടല്‍ മുറികളിലാണു മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
അബൂജ: നൈജീരിയയില്‍ ഏറെ കൊളിളക്കം സൃഷ്ടിച്ച കൊലപാതക പരമ്പരകളിലെ പ്രതിക്ക് കോടതി വധശിക്ഷയ്ക്ക് വിധിച്ചു. ഒമ്പത് സ്ത്രീകളെ കൊലപ്പെടുത്തുകയും മറ്റൊരു സ്ത്രീയെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തതായി കോടതി കണ്ടെത്തിയ ഗ്രേഷ്യസ് ഡേവിഡ് വെസ്റ്റി (40) നെയാണ് തൂക്കിലേറ്റാന്‍ വിധിച്ചത്. 2019 ജൂലൈ- സപ്തംബര്‍ മാസങ്ങളിലാണ് കൊലപാതകങ്ങള്‍ നടന്നത്. ജഡ്ജി അഡോള്‍ഫസ് എനെബെലെയാണ് ശിക്ഷ പ്രഖ്യാപിച്ചത്. രാജ്യത്തിന്റെ പലഭാഗങ്ങളിലെ ഹോട്ടല്‍ മുറികളിലാണു മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
സപ്തംബറിലാണ് ഇയാള്‍ അറസ്റ്റിലാവുന്നത്. ഇരകളില്‍ ഏറെയും ലൈംഗികത്തൊഴിലാളികളായിരുന്നു. കൈകാലുകള്‍ ബന്ധിച്ച് കഴുത്തുഞെരിച്ചാണ് ഇവരെയെല്ലാം കൊലപ്പെടുത്തിയത്. ആറ് സ്ത്രീകളെക്കൂടി കൊലപ്പെടുത്തിയെന്ന് പ്രതി സമ്മതിച്ചതാണെങ്കിലും ഇതിന് തെളിവുകണ്ടെത്താനായില്ല. കൊല്ലപ്പെട്ട സ്ത്രീകളുടെ കഴുത്തിലും അരയിലും വെളുത്ത തുണികൊണ്ട് പൊതിഞ്ഞിരുന്നു. ഇത് ആചാരപരമായ കുറ്റകൃത്യങ്ങളെ സൂചിപ്പിക്കുന്നുവെന്ന് പോലിസ് പറഞ്ഞു. തുടര്‍ച്ചയായി സ്ത്രീകള്‍ കൊല്ലപ്പെട്ടത് നൈജീരിയയില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായി. പോലിസ് സംരക്ഷണമാവശ്യപ്പെട്ട് സ്ത്രീകള്‍ തെരുവിലിറങ്ങുന്ന സാഹചര്യവുമുണ്ടായി.
നൈജീരിയയില്‍ ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് റിവര്‍സ് സ്റ്റേറ്റ്. അറസ്റ്റിനെത്തുടര്‍ന്ന് ഡേവിഡ് വെസ്റ്റിനെ പോലിസ് തെരുവിലൂടെ പരേഡ് ചെയ്തിരുന്നു. പ്രതി കൊലപാതകം നടത്തിയെന്ന് സമ്മതിക്കുന്ന വീഡിയോ ട്വിറ്ററില്‍ പോലിസ് പ്രസിദ്ധീകരിക്കുകയും ചെയ്തു. ഒരുമാസത്തിനുശേഷം പ്രതി തന്റെ പ്രസ്താവന പിന്‍വലിക്കുകയും കോടതിയില്‍ കുറ്റക്കാരനല്ലെന്ന് വാദിക്കുകയുമായിരുന്നു. നൈജീരിയയില്‍ രണ്ടായിരത്തോളം പേര്‍ വധശിക്ഷയ്ക്ക് വിധിച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഏഴുപേര്‍ക്കെതിരേ മാത്രമേ ശിക്ഷ നടപ്പാക്കിയിട്ടുള്ളൂവെന്ന് മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു.