ദീര്‍ഘദൂര ക്രൂയിസ് മിസൈല്‍ പരീക്ഷിച്ച് ഉത്തര കൊറിയ; അയല്‍രാജ്യങ്ങള്‍ക്ക് ഭീഷണിയെന്ന് അമേരിക്ക

അയല്‍രാജ്യങ്ങള്‍ക്ക് ഭീഷണി വര്‍ധിക്കുന്ന തരത്തില്‍ ഉത്തര കൊറിയ അവരുടെ സൈനിക ശക്തി വര്‍ധിപ്പിക്കുന്നതിന്റെ തെളിവാണ് മിസൈല്‍ പരീക്ഷണമെന്ന് അമേരിക്കയുടെ ഇന്തോ പസഫിക് കമാന്‍ഡ് മേധാവി പറഞ്ഞു. ഇപ്പോള്‍ പരീക്ഷിച്ചിരിക്കുന്ന മിസൈല്‍ പോലുള്ള ആയുധങ്ങള്‍ അയല്‍രാജ്യങ്ങള്‍ക്കും അന്താരാഷ്ട്ര സമൂഹത്തിനുമുയര്‍ത്തുന്ന ഭീഷണി വലുതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Update: 2021-09-13 07:05 GMT

പ്യോങ്‌യാങ്: ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് അമേരിക്കയുമായുള്ള നീണ്ട തര്‍ക്കത്തിനിടയില്‍ വടക്കേ അറ്റത്ത് ഉത്തര കൊറിയ പുതിയ 'ദീര്‍ഘദൂര ക്രൂയിസ് മിസൈല്‍' പരീക്ഷിച്ചു. പരീക്ഷണത്തിന്റെ ചിത്രങ്ങള്‍ അടക്കമുള്ള വിവരങ്ങള്‍ ഉത്തര കൊറിയന്‍ മാധ്യമമായ 'റൊഡോങ് സിന്‍മണ്‍' പുറത്തുവിട്ടു. വിക്ഷേപണ വാഹനത്തിലെ അഞ്ച് ട്യൂബുകളില്‍ ഒന്നില്‍നിന്ന് ജ്വാലയായി മിസൈല്‍ പുറത്തുകടക്കുന്നതും തിരശ്ചീനമായി പറക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഇക്കഴിഞ്ഞ ശനി, ഞായര്‍ ദിവസങ്ങളിലാണ് പരീക്ഷണം നടന്നതെന്ന് കൊറിയന്‍ വാര്‍ത്താ ഏജന്‍സി സ്ഥിരീകരിച്ചു.

ഉത്തര കൊറിയയ്ക്കും അതിന്റെ സമുദ്രജലത്തിനും മുകളിലൂടെ 1,500 കിലോ മീറ്റര്‍ ദൂരപരിധി വരെ മിസൈലുകള്‍ സഞ്ചരിച്ചുവെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. അതേസമയം, ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണത്തിനെതിരേ അമേരിക്ക രംഗത്തുവന്നു. ഉത്തര കൊറിയ നടത്തിയ മിസൈല്‍ പരീക്ഷണം അയല്‍രാജ്യങ്ങള്‍ക്ക് ഭീഷണിയാണെന്ന് അമേരിക്കന്‍ സൈന്യം പ്രതികരിച്ചു.

അയല്‍രാജ്യങ്ങള്‍ക്ക് ഭീഷണി വര്‍ധിക്കുന്ന തരത്തില്‍ ഉത്തര കൊറിയ അവരുടെ സൈനിക ശക്തി വര്‍ധിപ്പിക്കുന്നതിന്റെ തെളിവാണ് മിസൈല്‍ പരീക്ഷണമെന്ന് അമേരിക്കയുടെ ഇന്തോ പസഫിക് കമാന്‍ഡ് മേധാവി പറഞ്ഞു. ഇപ്പോള്‍ പരീക്ഷിച്ചിരിക്കുന്ന മിസൈല്‍ പോലുള്ള ആയുധങ്ങള്‍ അയല്‍രാജ്യങ്ങള്‍ക്കും അന്താരാഷ്ട്ര സമൂഹത്തിനുമുയര്‍ത്തുന്ന ഭീഷണി വലുതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അത്തരമൊരു ആയുധം ഉത്തരകൊറിയയുടെ ആയുധ സാങ്കേതികവിദ്യയില്‍ ശ്രദ്ധേയമായ മുന്നേറ്റത്തെ പ്രതിനിധീകരിക്കുന്നതാണെന്ന് വിദഗ്ധര്‍ പറയുന്നു.

അതേസമയം, ന്യൂക്ലിയര്‍, ബാലിസ്റ്റിക് മിസൈലുകളുടെ പരീക്ഷണങ്ങളില്‍ അന്താരാഷ്ട്ര സമൂഹത്തിന് ഭീഷണിയാവുന്ന ഒന്നും ചെയ്തിട്ടില്ലെന്നാണ് ഉത്തര കൊറിയയുടെ വാദം. മിസൈല്‍ 'ഗണ്യമായ ഭീഷണി ഉയര്‍ത്തുന്നു', ഇവാ വുമണ്‍സ് യൂനിവേഴ്‌സിറ്റിയിലെ ഉത്തര കൊറിയന്‍ സ്റ്റഡീസ് പ്രഫസര്‍ പാര്‍ക്ക് വോണ്‍ഗോണ്‍ എഎഫ്പിയോട് പറഞ്ഞു. വിവിധ ആയുധ സംവിധാനങ്ങളുടെ വികസനത്തിനായി കൂടുതല്‍ പരിശോധനകളുണ്ടാവാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ മാസം നടന്ന ദക്ഷിണ കൊറിയ- യുഎസ് സൈനിക അഭ്യാസത്തിനുള്ള പ്രതികരണമായിരുന്നു വിക്ഷേപണം- അദ്ദേഹം പറഞ്ഞു.

Tags:    

Similar News