പാകിസ്താനില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ ആറ് ദിവസത്തെ സമയപരിധി നല്‍കി ഇംറാന്‍ ഖാന്‍
രാഷ്ട്രപതിയുടെയും പ്രധാനമന്ത്രി ഷെഹ്ബാസ് ശരീഫിന്റെയും ഓഫിസുകളും പാര്‍ലമെന്റും ഉള്‍പ്പെടെയുള്ള പ്രധാന കെട്ടിടങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നേരത്തെ സൈനികരെ വിന്യസിച്ചിരുന്നു.
ഇസ്‌ലാമാബാദ്: അടുത്ത ആറു ദിവസത്തികം പുതിയ തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കണമെന്നും അല്ലാത്തപക്ഷം ദശലക്ഷക്കണക്കിന് ആളുകള്‍ക്കൊപ്പം വീണ്ടും തലസ്ഥാനത്തേക്ക് മാര്‍ച്ച് ചെയ്യുമെന്നും പാക് സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. സര്‍ക്കാരിനെ താഴെയിറക്കാനും തിരഞ്ഞെടുപ്പ് നേരത്തെയാക്കാനും ലക്ഷ്യമിട്ട് ഇസ്‌ലാമാബാദില്‍ വ്യാഴാഴ്ച രാവിലെ പതിനായിരങ്ങളെ അണിനിരത്തി സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'സര്‍ക്കാര്‍ നിയമസഭകള്‍ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത് വരെ ഇവിടെ ഇരിക്കാനാണ് ഞാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ താന്‍ കണ്ടത് അവര്‍ (സര്‍ക്കാര്‍) രാജ്യത്തെ അരാജകത്വത്തിലേക്കാണ് കൊണ്ടുപോകുന്നതാണ്. 69കാരനായ ഖാനെ ഉദ്ധരിച്ച് ഡോണ്‍ ന്യൂസ് വെബ്‌സൈറ്റ് റിപോര്‍ട്ട് ചെയ്തു.
രാഷ്ട്രപതിയുടെയും പ്രധാനമന്ത്രി ഷെഹ്ബാസ് ശരീഫിന്റെയും ഓഫിസുകളും പാര്‍ലമെന്റും ഉള്‍പ്പെടെയുള്ള പ്രധാന കെട്ടിടങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നേരത്തെ സൈനികരെ വിന്യസിച്ചിരുന്നു. ഖാന്റെ അനുയായികളും പോലീസും തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്നായിരുന്നു സൈന്യത്തെ വിന്യസിച്ചത്.
രാജ്യത്തുടനീളമുള്ള അക്രമങ്ങളില്‍ തന്റെ അഞ്ച് അനുയായികള്‍ കൊല്ലപ്പെട്ടതായി ഖാന്‍ തന്റെ പ്രസംഗത്തില്‍ അവകാശപ്പെട്ടു. എന്നാല്‍, ഖാന്റെ അവകാശവാദത്തെക്കുറിച്ച് സര്‍ക്കാരില്‍ നിന്ന് പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. തന്റെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതിനായി ദീര്‍ഘനാളത്തെ കുത്തിയിരിപ്പ് സമരം നടത്തുമെന്ന് ഖാന്‍ നേരത്തെ പറഞ്ഞിരുന്നു.