അറ്റ്‌ലാന്റ: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ രണ്ടാമതും ജനവിധി തേടുന്ന ജോ ബൈഡന്റെ പ്രചാരണ കാംപയിനിനിടെ ഫലസ്തീന്‍ അനുകൂലിയുടെ പ്രതിഷേധം. ശനിയാഴ്ച അറ്റ്‌ലാന്റയിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ ബൈഡന്‍ സംസാരിക്കുന്നതിനിടെയാണ് യുവാവ് 'നിങ്ങളൊരു ഏകാധിപതിയാണ്, വംശഹത്യക്കാരനായ ജോ. പതിനായിരക്കണക്കിന് ഫലസ്തീനികള്‍ മരിച്ചു, കുട്ടികള്‍ മരിച്ചുവീഴുന്നു' എന്നിങ്ങനെ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞത്.
ഇസ്രായേല്‍-ഹമാസ് യുദ്ധം അവസാനിപ്പിക്കണമെന്നും വെടിനിര്‍ത്തല്‍ വേണമെന്നും ഫലസ്തീനെ സ്വതന്ത്രമാക്കണമെന്നും പ്രതിഷേധക്കാരന്‍ ആവശ്യപ്പെട്ടു. ഇയാളെ സുരക്ഷ സേനാംഗങ്ങള്‍ പിടിച്ചുകൊണ്ടുപോയി. സംഭവത്തിന്റെ വീഡിയോ എക്‌സില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.'അയാളുടെ പ്രതിഷേധത്തില്‍ ഞാന്‍ നീരസപ്പെടുന്നില്ല. അന്യായമായി ഇരകളാക്കപ്പെടുന്ന ധാരാളം ഫലസ്തീനികള്‍ ഉണ്ട്' -എന്നായിരുന്നു ബൈഡന്റെ പ്രതികരണം. ഇസ്രായേല്‍ ആക്രമണത്തില്‍ ഇതിനകം 30,000ത്തിലധികം ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. പോഷകാഹാരക്കുറവും നിര്‍ജലീകരണവും കാരണം നിരവധി കുട്ടികള്‍ മരിച്ചു. മുതിര്‍ന്നവര്‍ പച്ചപ്പുല്ലും കാലിത്തീറ്റയും തിന്ന് ജീവന്‍ നിലനിര്‍ത്തുകയാണ്. സഹായവസ്തുക്കളുമായി വരുന്ന ട്രക്കുകള്‍ക്കുനേരെയും ഇസ്രായേല്‍ സൈന്യം ആക്രമണം നടത്തുന്നത് പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു.