ഫലസ്തീന്‍ അനുകൂല നിലപാട്: സാദിഖ് ഖാന് മൂന്നാം തവണയും ലണ്ടന്‍ മേയര്‍; 14 പാര്‍ലമെന്റ് മണ്ഡലങ്ങളിലും ഭൂരിപക്ഷം
ലണ്ടന്‍: ലണ്ടന്‍ നഗരത്തിന്റെ മേയറായി ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയും പാകിസ്ഥാന്‍ വംശജനുമായ സാദിഖ് ഖാന് മൂന്നാം തവണയും വിജയം. കഴിഞ്ഞ രണ്ട് തവണത്തേക്കാള്‍ മികച്ച ഭൂരിപക്ഷത്തിനാണ് സാദിഖ് ഖാന്‍ ഇത്തവണ വിജയിച്ചത്. സാദിഖ് ഖാന്‍ ഗസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടതും, ലണ്ടന്‍ നഗരത്തില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചതും ആയുധമാക്കി എതിര്‍ക്യാംപ് ശക്തമായ പ്രചരണങ്ങള്‍ സാദിഖ് ഖാനെതിരെ നടത്തിയിരുന്നെങ്കിലും അതിനെയെല്ലാം പരാജയപ്പെടുത്തിക്കൊണ്ടാണ് ലേബര്‍ പാര്‍ട്ടിയുടെ വിജയം.
ലണ്ടന്‍ നഗരത്തിന് പുറമെ മാഞ്ചസ്റ്റര്‍ സിറ്റി ഉള്‍പ്പടെയുള്ള യു.കെയിലെ വലിയ നഗരങ്ങളുടെയെല്ലാം ഭരണം ലേബര്‍പാര്‍ട്ടിക്ക് ലഭിച്ചത് ഋഷി സുനക് ക്യാംപിന് കനത്ത തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. മാത്രവുമല്ല ഭരണകക്ഷിയായ ടോറികളേക്കാള്‍ മികച്ച മുന്നേറ്റമാണ് മറ്റൊരു പ്രതിപക്ഷമായ ലിബറല്‍ ഡെമോക്രാറ്റുകള്‍ക്കും ലഭിച്ചിരിക്കുന്നത്. വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന്റെ സെമിഫൈനലായി കണക്കാക്കുന്ന ഈ തിരഞ്ഞെടുപ്പിലെ തിരിച്ചടി ടോറികള്‍ക്ക് കനത്ത നിരാശയാണ് സമ്മാനിച്ചിരിക്കുന്നത്.
107 കൗണ്‍സിലുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ കഴിഞ്ഞ തവണത്തേക്കാള്‍ 185 സീറ്റുകള്‍ അധികം വര്‍ദ്ധിപ്പിച്ച് 1140 സീറ്റുകളോടെ ലേബര്‍ പാര്‍ട്ടി ഒന്നാം സ്ഥാനത്തും 104 സീറ്റുകള്‍ അധികം നേടി ലിബറല്‍ ഡെമോക്രാറ്റുകള്‍ രണ്ടാം സ്ഥാനത്തുമാണ്.
എന്നാല്‍ ഭരണകക്ഷിയായ ടോറികള്‍ക്ക് കഴിഞ്ഞ തവണത്തേക്കാള്‍ 473 സീറ്റുകള്‍ കുറയുകയാണ് ചെയ്തിരിക്കുന്നത്. കേവലം 513 സീറ്റുകളില്‍ മാത്രമാണ് ഋഷി സുനകിന്റെ പാര്‍ട്ടിക്ക് ജയിക്കാനായത് എന്നത് വരാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ ഋഷി സുനകിന് ലഭിക്കാനിരിക്കുന്ന തിരിച്ചടിയെ സൂചിപ്പിക്കുന്നതാണ്. സ്വതന്ത്രര്‍ക്കും ഗ്രീന്‍പാര്‍ട്ടിക്കും ടോറികളേക്കാള്‍ മികച്ച പ്രകടനം കാഴ്ചവെക്കാനായാതായണ് വിലയിരുത്തല്‍.
2016നേക്കാള്‍ മികച്ച ഭൂരിപക്ഷത്തിലാണ് ഇത്തവണ സാദിഖ് ഖാന്‍ വിജയിച്ചത്. ടോറിപാര്‍ട്ടിയിലെ സൂസന്‍ ഹാളായിരുന്നു ഇത്തവണ സാദിഖ് ഖാന്റെ എതിര്‍ സ്ഥാനാര്‍ത്ഥി. സാദിഖ് ഖാന്‍ ഫലസ്തീന്‍ അനുകൂല നിലപാടുകളെ വിമര്‍ശിച്ചുകൊണ്ടായിരുന്നു ടോറികളുടെയും സൂസന്‍ ഹാളിന്റെയും പ്രചരണം.സാദിഖ് ഖാന്റെ ഫലസ്തീന്‍ അനുകൂല നിലപാടുകള്‍ തിരിച്ചടിയാകുമെന്ന് ചില വലതുപക്ഷ മാധ്യമങ്ങളും വിലയിരുത്തിയിരുന്നു. എന്നാല്‍ അതിനെയെല്ലാം അതിജീവിച്ചു കൊണ്ട് 276000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സാദിഖ് ഖാന്‍ വിജയിച്ചിരിക്കുന്നത്. ലണ്ടന്‍ നഗരത്തിലെ 14 പാര്‍ലമെന്റ് മണ്ഡലങ്ങളിലും സാദിഖ് ഖാന് തന്നെയാണ് ഭൂരിപക്ഷം ലഭിച്ചിരിക്കുന്നത്.
ജനവിധി അംഗീകരിച്ച് എത്രയും പെട്ടെന്ന് പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്ന് പ്രധാനമന്ത്രി ഋഷി സുനകിനോട് സാദിഖ് ഖാന്‍ ആവശ്യപ്പെട്ടു. താന്‍ സ്‌നേഹിക്കുന്ന നഗരത്തെ മൂന്നാം തവണയും സേവിക്കാന്‍ അവസരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും സാദിഖ് ഖാന്‍ പറഞ്ഞു. 2024 മാറ്റത്തിന്റെ വര്‍ഷമാണെന്നും ഋഷി സുനക് ഒരു പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ അടുത്ത സര്‍ക്കാര്‍ രൂപീകരിക്കാന്‍ ലേബര്‍ പാര്‍ട്ടി തയ്യാറാണെന്നും സാദിഖ് ഖാന്‍ പറഞ്ഞു.