കൊളംബോ സ്‌ഫോടന പരമ്പര; രണ്ട് സായുധസംഘടനകളെ ശ്രീലങ്ക നിരോധിച്ചു
നാഷനല്‍ തൗഹീത് ജമാഅത്ത് (എന്‍ടിജെ), ജമാഅത്തെ മില്ലത്ത് ഇബ്രാഹിം എന്നീ സംഘടനകളെയാണ് പ്രസിഡന്റ് മൈത്രിപാല സിരിസേന നിരോധിച്ചത്. 250 പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനത്തിനു ഒരാഴ്ചയ്ക്കുശേഷമാണ് ആക്രമണവുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന സംഘടനകളെ നിരോധിച്ചതായി പ്രസിഡന്റ് പ്രസ്താവനയില്‍ അറിയിച്ചത്.
കൊളംബോ: ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തിലുണ്ടായ സ്‌ഫോടനങ്ങളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് സായുധസംഘടനകളെ ശ്രീലങ്ക നിരോധിച്ചു. നാഷനല്‍ തൗഹീത് ജമാഅത്ത് (എന്‍ടിജെ), ജമാഅത്തെ മില്ലത്ത് ഇബ്രാഹിം എന്നീ സംഘടനകളെയാണ് പ്രസിഡന്റ് മൈത്രിപാല സിരിസേന നിരോധിച്ചത്. 250 പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനത്തിനു ഒരാഴ്ചയ്ക്കുശേഷമാണ് ആക്രമണവുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന സംഘടനകളെ നിരോധിച്ചതായി പ്രസിഡന്റ് പ്രസ്താവനയില്‍ അറിയിച്ചത്. രണ്ട് സംഘടനകള്‍ക്കെതിരേ വ്യക്തമായ തെളിവുകള്‍ ലഭിക്കാത്തതിനെത്തുടര്‍ന്നാണ് നേരത്തെ നിരോധനത്തിലേക്ക് കടക്കാതിരുന്നതെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍, ഈസ്റ്റര്‍ ദിനത്തിലെ സ്‌ഫോടനത്തില്‍ നാഷനല്‍ തൗഹീത് ജമാഅത്തിന് വ്യക്തമായ പങ്കുണ്ടെന്നാണ് പോലിസിന്റെ നിഗമനം.
സായുധാക്രമണത്തിന്റെ സൂത്രധാരനെന്നു സംശയിക്കുന്ന സഹറാന്‍ ഹഷിമാണ് എന്‍ടിജെയുടെ സ്ഥാപകന്‍. ജമാഅത്തെ മില്ലാത്ത് ഇബ്രാഹിമിലെ അംഗങ്ങളും ആക്രമണത്തില്‍ പങ്കെടുത്തിട്ടുണ്ടെന്നും പോലിസ് കരുതുന്നു. ഈ സാഹചര്യത്തിലാണ് സംഘടനകളെ നിരോധിക്കാന്‍ പ്രസിഡന്റ് തീരുമാനിച്ചത്. ആക്രമണവുമായി ബന്ധപ്പെട്ട് സിറിയ, ഈജിപ്ത് എന്നിവിടങ്ങളില്‍നിന്നുള്ള വിദേശികളടക്കം നൂറോളം പേരെ ഇതിനകം പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വെള്ളിയാഴ്ച സായുധരുടെ ഒളിത്താവളത്തില്‍ ലങ്കന്‍ സുരക്ഷാസേന നടത്തിയ റെയ്ഡിനിടെ ഉണ്ടായ ചാവേര്‍ ആക്രമണങ്ങളിലും വെടിവയ്പിലും 15 പേര്‍ കൊല്ലപ്പെട്ടിരുന്നു. ആറു സ്ത്രീകളും മൂന്നു കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.
കിഴക്കന്‍ ശ്രീലങ്കയിലെ ബട്ടിക്കലോവയ്ക്കു സമീപം അമ്പര സൈന്തമരുതു പട്ടണത്തില്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു ഏറ്റുമുട്ടല്‍. പട്ടാളവും പോലിസും അടങ്ങുന്ന സംഘം റെയ്ഡിനെത്തവെ സായുധര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പട്ടാളവക്താവ് സുമിത് അട്ടപ്പട്ടു അറിയിച്ചു. സംഘത്തിലെ മൂന്നുപേര്‍ നടത്തിയ ചാവേര്‍ സ്‌ഫോടനങ്ങളിലാണ് സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടത്. സംഘത്തിലെ രണ്ടുപേരെ ഏറ്റുമുട്ടലില്‍ വധിച്ചു. പരിക്കേറ്റ ഒരു സ്ത്രീയെയും കുട്ടിയെയും ആശുപത്രിയിലാക്കി. ഈസ്റ്റര്‍ദിന സ്‌ഫോടനങ്ങളെത്തുടര്‍ന്ന് പോലിസും പട്ടാളവും രാജ്യത്തുടനീളം അന്വേഷണവും റെയ്ഡും ശക്തമാക്കിയിരിക്കുകയാണ്. 10,000 പട്ടാളക്കാരെയാണ് തിരച്ചിലിനും സുരക്ഷാക്രമീകരണങ്ങള്‍ക്കുമായി വിന്യസിച്ചിരിക്കുന്നത്.