ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ രാജിവച്ചതായി റിപോര്‍ട്ട്; നിഷേധിച്ച് പ്രാധാനമന്ത്രിയുടെ ഓഫിസ്
എന്നാല്‍ അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയായതോടെ രാജിവാര്‍ത്ത പ്രധാനമന്ത്രിയുടെ മീഡിയ സെക്രട്ടറി നിഷേധിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്നതിനിടെയിലാണ് ശ്രീലങ്ക രാഷ്ട്രീയ പ്രതിസന്ധിയിലേക്കും നീങ്ങുന്നത്.
കൊളംബോ: ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയിലെ അസ്വസ്ഥതകള്‍ക്കിടയില്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ രാജി സമര്‍പ്പിച്ചതായി റിപ്പോര്‍ട്ടുകള്‍.ശ്രീലങ്കന്‍ മാധ്യമങ്ങളാണ് പ്രധാനമന്ത്രി രജപക്‌സേ പ്രസിഡന്റിന് രാജി നല്‍കിയെന്ന് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയായതോടെ രാജിവാര്‍ത്ത പ്രധാനമന്ത്രിയുടെ മീഡിയ സെക്രട്ടറി നിഷേധിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്നതിനിടെയിലാണ് ശ്രീലങ്ക രാഷ്ട്രീയ പ്രതിസന്ധിയിലേക്കും നീങ്ങുന്നത്.സ്വാതന്ത്ര്യം നേടിയ ശേഷം അഭിമുഖീകരിക്കുന്ന ഏറ്റവും ഭീകരമായ സാമ്പത്തിക മാന്ദ്യത്തിലൂടെയാണ് രാജ്യം ഇപ്പോള്‍ കടന്നുപോകുന്നത്. രാജ്യത്ത് ആഴ്ചകളായി കടുത്ത ഭക്ഷണ-ഇന്ധന ദൗര്‍ലഭ്യം നേരിടുകയാണ്.
രണ്ട് വര്‍ഷത്തിനിടെ കരുതല്‍ വിദേശനാണ്യത്തിലുള്ള വലിയ കുറവാണ് ശ്രീലങ്കയെ ദുരിതത്തിലേക്ക് തള്ളിവിട്ടത്. വിദേശനാണ്യത്തില്‍ കുറവ് വന്നതോടെ അവശ്യസാധനങ്ങളുടെ ഇറക്കുമതിയും വിദേശ കടം തിരിച്ചടയ്ക്കലും താറുമാറായി.
ഭക്ഷ്യവസ്തുക്കള്‍, ഇന്ധനം തുടങ്ങി സര്‍വത്ര മേഖലയിലും കടുത്ത വിലക്കറ്റമാണ് ഉണ്ടായത്. പിന്നാലെ രാജ്യത്ത് വലിയ പ്രക്ഷോഭം ഉടലെടുത്തു. ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് തടയിടുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച രാജ്യവ്യാപക കര്‍ഫ്യൂ തുടരുകയാണ്. തലസ്ഥാനമായ കൊളംബോയില്‍ അടക്കം പ്രക്ഷോഭം ശക്തിപ്പെട്ടതിന് പിന്നാലെയാണ് ജനങ്ങള്‍ക്കെതിരേ നടപടി. സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന രാജ്യത്ത് കടുത്ത നിയന്ത്രണങ്ങളാണ് നിലവിലുള്ളത്. സംശയം തോന്നുന്ന ആരെയും സൈന്യത്തിന് അറസ്റ്റ് ചെയ്യാനും തടവില്‍ പാര്‍പ്പിക്കാനും കഴിയും.
ക്രമസമാധാനം ഉറപ്പിക്കാനും സാധന സാമഗ്രികളുടെ വിതരണം ഉറപ്പുവരുത്താനുമാണ് നടപടിയെന്നാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രസിഡന്റ് ഗൊട്ടബയ രജപക്‌സെയുടെ ഉത്തരവില്‍ പറയുന്നത്. പ്രസിഡന്റിന്റെ വസതിക്ക് മുന്നിലടക്കം കഴിഞ്ഞ ദിവസം വ്യാപക പ്രതിഷേധങ്ങളും സംഘര്‍ഷങ്ങളും അരങ്ങേറിയിരുന്നു. അതേസമയം ശ്രീലങ്കയുടെ ദുരിതം പരിഹരിക്കാന്‍ വായ്പ അനുവദിക്കുന്ന കാര്യത്തില്‍ ഐഎംഎഫിന്റെ ചര്‍ച്ചകള്‍ ഈ ആഴ്ച ആരംഭിക്കും. കടക്കെണിയിലായ ലങ്കയ്ക്ക് വിദേശസഹായം ഇല്ലാതെ ഒരടിപോലും മുന്നോട്ടു നീങ്ങാനാവാത്ത സാഹചര്യമാണ്.
കര്‍ഫ്യൂ അവഗണിച്ച് എല്ലാവരേയും ഉള്‍കൊള്ളുന്ന ഇടക്കാല സര്‍ക്കാരിനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് തെരുവിലിറങ്ങിയ നൂറുകണക്കിന് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പോലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചിരുന്നു.