ക്രൊയേഷ്യയില്‍ ശക്തമായ ഭൂചലനം; ഒരുമരണം, നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു (വീഡിയോ)

20,000 ഓളം ആളുകള്‍ വസിക്കുന്ന പെട്രിന്‍ജയിലാണ് ഭൂചലനം കൂടുതല്‍ നാശംവിതച്ചത്. ഇവിടെ അനേകം കെട്ടിടങ്ങള്‍ നിലംപൊത്തി. പട്ടണത്തിന്റെ പകുതിയും തകര്‍ന്നതായി മേയര്‍ പറഞ്ഞു. സമീപരാജ്യമായ സ്ലൊവേനിയ അണവനിലയം അടച്ചുപൂട്ടി.

Update: 2020-12-29 15:52 GMT

സാഗ്രെബ്: മധ്യ ക്രൊയേഷ്യയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഭൂചലനത്തില്‍ 12 വയസുള്ള ഒരു പെണ്‍കുട്ടി മരിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. 20,000 ഓളം ആളുകള്‍ വസിക്കുന്ന പെട്രിന്‍ജയിലാണ് ഭൂചലനം കൂടുതല്‍ നാശംവിതച്ചത്. ഇവിടെ അനേകം കെട്ടിടങ്ങള്‍ നിലംപൊത്തി. തെരുവുകള്‍ മുഴുവന്‍ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ കുന്നുകൂടിക്കിടക്കുകയാണ്. പട്ടണത്തിന്റെ പകുതിയും തകര്‍ന്നതായി മേയര്‍ പറഞ്ഞു.

നഗരത്തില്‍ യഥാര്‍ഥത്തില്‍ വലിയ നാശമാണുണ്ടായത്. ഞങ്ങള്‍ ആളുകളുടെ ജീവന്‍ രക്ഷിക്കുകയാണ്. പലരെയും കാണാതായി. പരിക്കേറ്റ ആളുകളുണ്ട്. ഇതൊരു മഹാദുരന്തമാണ്- മേയര്‍ ഡംബോവിക് ദേശീയ റേഡിയോയോട് പറഞ്ഞു. ക്രൊയേഷ്യന്‍ തലസ്ഥാനമായ സാഗ്രെബിലും അയല്‍ രാജ്യങ്ങളായ ബോസ്‌നിയ, സെര്‍ബിയ എന്നിവിടങ്ങളിലും ഇറ്റലിയിലും വരെ ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.

പ്രാദേശിക സമയം 11.30ന് ആണ് ഭൂകമ്പമുണ്ടായതെന്ന് ക്രൊയേഷ്യന്‍ മാധ്യമം റിപോര്‍ട്ട് ചെയ്തു. പ്രദേശത്ത് വാര്‍ത്താവിനിമയ ബന്ധവും ഗതാഗതവും തടസ്സപ്പെട്ടിട്ടുണ്ട്. നിരവധി വാഹനങ്ങളും തകര്‍ന്നിട്ടുണ്ട്. പ്രഭവകേന്ദ്രത്തില്‍നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള ക്രൊയേഷ്യന്‍ തലസ്ഥാനമായ സെഗ്രെബിലും ഭൂചലനം അനുഭവപ്പെട്ടു. സമീപരാജ്യമായ സ്ലൊവേനിയ അണവനിലയം അടച്ചുപൂട്ടി. കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളില്‍ അകപ്പെട്ടവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഭൂചലനത്തില്‍ ഒരു പെണ്‍കുട്ടി മരിച്ചെന്ന വിവരം ലഭിച്ചിട്ടുണ്ടെന്നും ഇതുവരെ ഞങ്ങള്‍ക്ക് മറ്റ് വിവരങ്ങളൊന്നുമില്ലെന്നും പ്രധാനമന്ത്രി ആന്‍ഡ്രെജ് പ്ലെന്‍കോവിച്ച് പറഞ്ഞു.

പട്ടണത്തില്‍ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താന്‍ രക്ഷാപ്രവര്‍ത്തകരെയും സൈന്യത്തെയും വിന്യസിച്ചിരിക്കുകയാണ്. 20 ഓളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും രണ്ടുപേരുടെ നില ഗുരുതരമാണെന്നും പ്രാദേശിക ചാനലുകള്‍ റിപോര്‍ട്ട് ചെയ്യുന്നു. ഭൂകമ്പബാധിതരെ പ്രവേശിപ്പിക്കുന്നതിനായി കൊവിഡ് രോഗികളെയും പ്രാദേശിക മാനസികരോഗാശുപത്രിയിലുള്ളവരെയും മറ്റ് നഗരങ്ങളിലേക്ക് മാറ്റുമെന്ന് ആരോഗ്യമന്ത്രി വിലി ബെറോസ് പറഞ്ഞു.

Tags:    

Similar News