ഖാർത്തൂം: സുഡാനില്‍ ഏറെ നാള്‍ നീണ്ട പ്രക്ഷോഭത്തിനൊടുവില്‍ സൈന്യവും മുഖ്യ പ്രതിപക്ഷവും തമ്മില്‍ അധികാര കൈമാറ്റത്തിന് കരാറായി. ഭരണത്തിലുള്ള ഇടക്കാല സൈനിക കൗണ്‍സിലാണ് അധികാരം കൈമാറാന്‍ തയാറായത്. കരാറിന്റെ സാങ്കേതിക വശങ്ങള്‍ സംബന്ധിച്ച് ഇരുപക്ഷത്തു നിന്നുള്ള പ്രതിനിധികളും ജനാധിപത്യവാദികളുടെ സംഘവും സൈന്യവും ചര്‍ച്ച തുടരും. ഭരണഘടനാ പ്രഖ്യാപനത്തിന് ഇരുപക്ഷവും പൂര്‍ണമായി തയാറാണെന്ന് സുഡാനികളേയും ആഫ്രിക്കക്കാരേയും അന്താരാഷ്ട്ര പൊതുസമൂഹത്തേയും അറിയിക്കുകയാണെന്ന് സുഡാന്‍ വിഷയത്തിലെ ആഫ്രിക്കന്‍ യൂണിയന്‍ മധ്യസ്ഥന്‍ മുഹമ്മദ് ഹസ്സന്‍ ലെബാത്ത് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. മുതിര്‍ന്ന നേതാവായ ഉമര്‍ അല്‍ ബഷീറിനെ നീക്കം ചെയ്തതോടെയാണ് ഏപ്രിലില്‍ സുഡാനില്‍ പ്രശ്നങ്ങള്‍ക്ക് തുടക്കമാവുന്നത്. തുടര്‍ന്ന് നടന്ന പ്രതിഷേധത്തില്‍ നിരവധി പേരാണ് മരിച്ചത്. അധികാര കൈമാറ്റം സംബന്ധിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നതോടെ ജനങ്ങള്‍ നൈല്‍ തെരുവില്‍ ഒത്തു ചേർന്ന് ആഘോഷം തുടങ്ങിയിട്ടുണ്ട്.