നാഷ്‌വില്ലെ: ടാര്‍സനായി ഹോളിവുഡില്‍ തിളങ്ങിയ നടന്‍ ജോ ലാറ (58) വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു. യുഎസ്സിലെ നാഷ്‌വില്ലെയില്‍ പ്രാദേശിക സമയം ശനിയാഴ്ച 11ഓടെയാണ് അപകടമുണ്ടായത്. ലാറയും ഭാര്യ ഗ്വെന്‍ ഷാംബ്ലിനും അടക്കം ഏഴുപേര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. സെസ്‌ന 501 എന്ന ബിസിനസ് ജെറ്റാണ് നിയന്ത്രണംവിട്ട് നാഷ്‌വില്ലെയ്ക്ക് 19 കിലോമീറ്റര്‍ അകലെയുള്ള പെര്‍സി പ്രീസ്റ്റ് ലേക്കില്‍ തകര്‍ന്നുവീണത്.
ടെന്നസിയില്‍നിന്ന് ഫ്‌ളോറിഡയിലെ പാം ബീച്ച് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേയായിരുന്നു അപകടം. വിമാനാവശിഷ്ടങ്ങളും മൃതദേഹങ്ങളും കണ്ടെത്തിയതായി റുഥര്‍ഫോര്‍ഡ് കൗണ്ടി ഫയര്‍ ആന്റ് റെസ്‌ക്യൂ അറിയിച്ചു. രാത്രി മുഴുവന്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ആരെയും ജീവനോട് രക്ഷപ്പെടുത്താനായില്ലെന്ന് റൂഥര്‍ഫോര്‍ഡ് കൗണ്ടി ഫയര്‍ റെസ്‌ക്യൂ ക്യാപ്റ്റന്‍ ജോഷ്വ സാണ്ടേഴ്‌സ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
1989ല്‍ 'ടാര്‍സന്‍ ഇന്‍ മാന്‍ഹട്ടന്‍' എന്ന സിനിമയില്‍ ടാര്‍സനായി വേഷമിട്ടയാളാണ് ലാറ. 'ടാര്‍സന്‍: ദ് എപിക് അഡ്വഞ്ചേഴ്‌സ്' എന്ന ടെലിവിഷന്‍ സീരിസിലൂടെയും ജോ ലാറ തരംഗമായി. ബേ വാച്ച് അടക്കമുള്ള നിരവധി പരമ്പരകളിലും ജോ ലാറ അഭിനയിച്ചിട്ടുണ്ട്. 1962 ഒക്ടോബര്‍ 2ന് സാന്‍ഡിഗോയില്‍ ജനിച്ച വില്യം ജോസഫ് ലാറ 1989 ല്‍ മാന്‍ഹട്ടനിലെ സിബിഎസ് ടെലിഫിലിം ടാര്‍സനില്‍ നായകനാവുന്നതിനുമുമ്പ് ഒരു മോഡലായി പ്രവര്‍ത്തിച്ചിട്ടുണ്ട്.