കൊവിഡിനെ നേരിടാന്‍ ഫലപ്രദമല്ല; ഹൈഡ്രോക്‌സിക്ലോറോക്വിന്റെ ഉപയോഗം നിര്‍ത്തിവച്ച് ലോകാരോഗ്യസംഘടന
കൊവിഡ് രോഗികള്‍ക്ക് ഈ മരുന്ന് നല്‍കിയെങ്കിലും യാതൊരു ഫലവും കാണിക്കുന്നില്ലെന്ന് കണ്ടെത്തി. മരുന്ന് ചില രോഗികളില്‍ ഹൃദയപ്രശ്‌നങ്ങള്‍ക്കും മറ്റ് പാര്‍ശ്വഫലങ്ങള്‍ക്കും ഇടയാക്കിയിരുന്നു.
ജനീവ: കൊവിഡ് രോഗികളെ ചികില്‍സിക്കാന്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ മരുന്ന് ഉപയോഗിക്കുന്നത് നിര്‍ത്തിവച്ച് ലോകാരോഗ്യസംഘടന. കൊവിഡിനെ പ്രതിരോധിക്കാനും മരണനിരക്ക് കുറയ്ക്കാനും മലേറിയയ്ക്ക് ഉപയോഗിക്കുന്ന മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിന് കഴിയുന്നില്ലെന്ന് പഠനത്തില്‍ തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് ലോകാരോഗ്യസംഘടനാ മെഡിക്കല്‍ ഓഫിസര്‍ അന്ന മരിയ ഹെനാവോ വ്യക്തമാക്കി. ബുധനാഴ്ചയാണ് ഡബ്ല്യുഎച്ച്ഒ ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്.
നേരത്തെ, ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കൊവിഡിനെ ചെറുക്കുമെന്ന വിവരങ്ങളെത്തുടര്‍ന്ന് അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ ഇന്ത്യയില്‍നിന്ന് ഈ മരുന്ന് വാങ്ങിയിരുന്നു. കൊവിഡിനെതിരേയുള്ള ഗെയിം ചെയ്ഞ്ചര്‍ എന്നായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് അടക്കം ഹൈഡ്രോക്‌സിക്ലോറോക്വിന്‍ മരുന്നിനെ മുമ്പ് വിശേഷിപ്പിച്ചത്. ഐസിഎംആര്‍ പരീക്ഷണത്തില്‍ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ മരുന്ന് പലപ്രദമാണെന്നായിരുന്നു കണ്ടെത്തല്‍. ഇന്ത്യ മരുന്ന് കയറ്റി അയക്കാന്‍ താമസിച്ചതിന്റെ പേരില്‍ ഒരുവേള ഇന്ത്യ- അമേരിക്ക ബന്ധത്തില്‍ വിള്ളല്‍ വീഴുമെന്ന തരത്തില്‍വരെ പ്രസിഡന്റ് ട്രംപ് മുന്നറിയിപ്പ് നല്‍കുകയും ചെയ്യുകയുണ്ടായി.
കൊവിഡ് രോഗികള്‍ക്ക് ഈ മരുന്ന് നല്‍കിയെങ്കിലും യാതൊരു ഫലവും കാണിക്കുന്നില്ലെന്ന് കണ്ടെത്തി. മരുന്ന് ചില രോഗികളില്‍ ഹൃദയപ്രശ്‌നങ്ങള്‍ക്കും മറ്റ് പാര്‍ശ്വഫലങ്ങള്‍ക്കും ഇടയാക്കിയിരുന്നു. ഇതൊക്കെ കണക്കിലെടുത്താണ് ലോകാരോഗ്യസംഘടനയുടെ പുതിയ തീരുമാനം. ലോകത്ത് കൊവിഡിനെ പ്രതിരോധിക്കുന്നതിനുള്ള മരുന്ന് കണ്ടെത്താനുള്ള പരീക്ഷണങ്ങള്‍ തുടരുകയാണെന്നും 35 രാജ്യങ്ങളിലെ 400 ലധികം ആശുപത്രികള്‍ പഠനത്തില്‍ പങ്കെടുക്കുന്നുണ്ടെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കി.