അന്വേഷണവുമായി സഹകരിക്കുന്നില്ല; ബിഷപ്പിനെ നുണ പരിശോധനയ്ക്ക് വിധേയനാക്കണമെന്ന് പോലിസ്

Update: 2018-09-23 05:58 GMT


കോട്ടയം: കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്തുവെന്ന കേസില്‍ അറസ്റ്റിലായ മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ നുണപരിശോധന നടത്താന്‍ പോലിസ് കോടതിയെ സമീപിക്കും. പോലിസ് അന്വേഷണത്തോട് നിഷേധാത്മക നിലപാട് തുടരുന്ന സാഹചര്യത്തിലാണിത്. നേരത്തെ ചോദ്യം ചെയ്യലിലുടനീളം കുറ്റം സമ്മതിക്കാന്‍ ഫ്രാങ്കോ തയ്യാറായിരുന്നില്ല. അറിയില്ല, ഓര്‍മയില്ല തുടങ്ങിയ ഉത്തരങ്ങളാണ് ബിഷപ്പ് പല ചോദ്യങ്ങള്‍ക്കും നല്‍കിയിരുന്നത്. ഈ സാഹചര്യത്തിലാണ് ഫ്രാങ്കോയെ നുണപരിശോധനയ്ക്ക് വിധേയനാക്കാനുള്ള പോലിസിന്റെ നീക്കം.

തെളിവുകളുടെയും സാഹചര്യത്തിന്റെയും അടിസ്ഥാനത്തിലുള്ള ചോദ്യം ചെയ്യലില്‍ ഫ്രാങ്കോ മൗനം പാലിക്കുകയായിരുന്നു. അതേസമയം കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകും. ബിഷപ്പിനു വേണ്ടി കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചവരെ പോലിസ് ഉടന്‍ അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് സൂചന. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ച കേസില്‍ വൈദികനായ ജെയിംസ് എര്‍ത്തയില്‍, കന്യാസ്ത്രീയെ അപമാനിക്കുന്ന തരത്തില്‍ ചിത്രങ്ങള്‍ പുറത്തുവിട്ട മിഷണറീസ് ഓഫ് ജീസസ് പിആര്‍ഒ ഉള്‍പ്പടെയുള്ളവരാണ് മറ്റു പ്രതികള്‍. കേസില്‍ ഒരാഴ്ചക്കകം അന്വേഷണം പൂര്‍ത്തിയാക്കാനാണ് ജില്ലാ പൊലിസ് മേധാവി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

തെളിവെടുപ്പിന്റെ ഭാഗമായി ഞായറാഴ്ച രാവിലെ പത്തുമണിയോടെ ബിഷപ്പിനെ കുറവിലങ്ങാട് മഠത്തിലെത്തിച്ചു. മഠത്തിലെ 20ാം നമ്പര്‍ ഗസ്റ്റ് റൂമില്‍ കന്യാസ്ത്രീയെ ബിഷപ്പ് രണ്ടുവട്ടം ബലാല്‍സംഗം ചെയ്തുവെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. സംഭവം നടന്ന 20ാം നമ്പര്‍ മുറിയിലെത്തിച്ചാണ് തെളിവെടുക്കുന്നത്. 9.58 ഓടെയാണ് കോട്ടയം പോലിസ് ക്ലബ്ബില്‍നിന്ന് ബിഷപ്പിനെ കുറവിലങ്ങാട് മഠത്തിലേക്ക് കൊണ്ടുപോയത്. രാവിലെ 11.15ഓടെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി. തിങ്കളാഴ്ച ഉച്ചവരെയാണ് പോലിസിന് ബിഷപ്പിന്റെ കസ്റ്റഡി അനുവദിച്ചിട്ടുള്ളത്.

കഴിഞ്ഞ ജൂണ്‍ 17നാണ് കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീ പൊലിസിനെ പരാതിയുമായി സമീപിച്ചത്. തുടര്‍ന്ന് വൈക്കം ഡിവൈഎസ്പി കെ സുഭാഷിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.
Tags:    

Similar News