സ്‌നേഹസാന്ത്വനം അഥവാ പാലിയേറ്റീവ് കെയര്‍

Update: 2016-01-11 05:59 GMT








 

ഷെഹ്‌സാദ്

 

രോ വര്‍ഷവും ഒക്ടോബര്‍ മാസത്തിലെ രണ്ടാം ശനിയാഴ്ചയാണ് ലോക പാലിയേറ്റീവ് കെയര്‍ ദിനമായി ആചരിക്കുന്നത്. കേരളത്തില്‍ ജനുവരി 15 ആണ് പാലിയേറ്റീവ് കെയര്‍ ദിനമായി നാം ആചരിക്കുന്നത്. കഴിഞ്ഞവര്‍ഷം 'കാണാമറയത്തെ ജീവിതങ്ങള്‍ കാണാത്ത രോഗികള്‍' എന്നതായിരുന്നു ദിനാചരണ മുദ്രാവാക്യം.
കിടപ്പിലായ രോഗിയെ സുഹൃത്തിനെപ്പോലെ ആശ്വസിപ്പിച്ച് പരിചരിക്കുകയാണ് പാലിയേറ്റീവ് കെയര്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ലോകമാകെ പത്തര ദശലക്ഷം ജനങ്ങള്‍ പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാണ്. ഇന്ന് കേരളത്തിലെ വിദ്യാര്‍ഥി-യുവജനങ്ങളില്‍ വലിയൊരു വിഭാഗം വീട്ടില്‍ ചെന്ന് വൃദ്ധരെയും അവശരായ രോഗികളെയും ശുശ്രൂഷിക്കുന്ന ഈ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാണ്. പ്രായവ്യത്യാസമില്ലാതെ കുട്ടികള്‍, മുതിര്‍ന്നവര്‍, സ്ത്രീകള്‍ തുടങ്ങി എല്ലാവരും ഇവരുടെ സേവനത്തിന്റെ മധുരം ആസ്വദിക്കുന്നു.

 




 

വീട്ടില്‍ നിന്നു പുറത്തിറങ്ങാന്‍ കഴിയാതെ വീല്‍ചെയറിലും ശയ്യയിലും ജീവിതം ജീവിച്ചുതീര്‍ക്കുന്നവരെ പുറംലോകത്തിന്റെ, പ്രകൃതിയുടെ സൗന്ദര്യത്തിലേക്ക് എത്തിക്കുകയാണ് പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകര്‍ ചെയ്യുന്നത്. അപ്പോള്‍ ആരുമില്ലാത്തവര്‍ക്ക് ഒത്തിരി കരങ്ങള്‍ തങ്ങളെ ആശ്വസിപ്പിക്കാന്‍, സഹായിക്കാന്‍ ഉണ്ടെന്ന തോന്നലുണ്ടാവുന്നു. പാലിയേറ്റീവ് കെയര്‍ ദിനത്തില്‍ വിവിധ കലാപരിപാടികള്‍ കാണാനും അതില്‍ പങ്കാളികളാവാനും തമാശകള്‍ പറയാനും എല്ലാം അവര്‍ക്ക് അവസരം ലഭിക്കുന്നു. ബീച്ചില്‍ പോവാനും കടലിലെ തിരമാലകളില്‍ കാലുമുട്ടിക്കാനും അവസരമുണ്ടാവുന്നു.




 
ലോകത്ത് 12 ലക്ഷം പാലിയേറ്റീവ് വോളന്റിയര്‍മാരും നാലു ലക്ഷം ജോലിക്കാരും 90 ലക്ഷം ജനങ്ങളും ഈ രംഗത്തു കര്‍മനിരതരാണ്. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, സാമൂഹിക പ്രവര്‍ത്തകര്‍, വീട്ടമ്മമാര്‍, ഗൃഹനാഥന്മാര്‍, യുവജനങ്ങള്‍, വിദ്യാര്‍ഥികള്‍ തുടങ്ങി വലിയൊരു ശൃംഖല തന്നെ പ്രതിഫലം പറ്റാതെ സഹജീവി ശുശ്രൂഷയില്‍ മുഴുകുന്നു. എന്നാല്‍, ഈ രംഗത്തെ ആവശ്യങ്ങളുടെ 10 ശതമാനം പരിഹരിക്കാനേ ഇതുവരെ സാധിച്ചിട്ടുള്ളൂ.
വീട്ടില്‍ നിന്നു പുറത്തിറങ്ങാന്‍ കഴിയാതെ വീല്‍ചെയറിലും ശയ്യയിലും ജീവിതം ജീവിച്ചുതീര്‍ക്കുന്നവരെ പുറംലോകത്തിന്റെ, പ്രകൃതിയുടെ സൗന്ദര്യത്തിലേക്ക് എത്തിക്കുകയാണ് പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകര്‍ ചെയ്യുന്നത്. അപ്പോള്‍ ആരുമില്ലാത്തവര്‍ക്ക് ഒത്തിരി കരങ്ങള്‍ തങ്ങളെ ആശ്വസിപ്പിക്കാന്‍, സഹായിക്കാന്‍ ഉണ്ടെന്ന തോന്നലുണ്ടാവുന്നു. പാലിയേറ്റീവ് കെയര്‍ ദിനത്തില്‍ വിവിധ കലാപരിപാടികള്‍ കാണാനും അതില്‍ പങ്കാളികളാവാനും തമാശകള്‍ പറയാനും എല്ലാം അവര്‍ക്ക് അവസരം ലഭിക്കുന്നു. ബീച്ചില്‍ പോവാനും കടലിലെ തിരമാലകളില്‍ കാലുമുട്ടിക്കാനും അവസരമുണ്ടാവുന്നു.


 

പാലിയേറ്റീവ് കെയറിനെക്കുറിച്ചും സാന്ത്വനപരിചരണം ആവശ്യമുള്ളവരെക്കുറിച്ചും അവബോധമുണ്ടാക്കാനും രോഗികളുടെയും കുടുംബത്തിന്റെയും ആവശ്യങ്ങള്‍ സമൂഹത്തിനു മനസ്സിലാക്കി കൊടുക്കാനുമാണ് ഈ ദിനം ആചരിക്കുന്നത്. അതിനുവേണ്ടി കൂട്ടയോട്ടം പോലുള്ള കായികപരിപാടികളും സംഘടിപ്പിക്കാറുണ്ട്.

 

പരിചരണം
പാലിയേറ്റീവ് കെയര്‍ വാസ്തവത്തില്‍ രോഗത്തിന്റെ ചികില്‍സയല്ല; അസുഖത്തിന്റെ ചികില്‍സയാണ്. രോഗം കാന്‍സറോ എയ്ഡ്‌സോ മറ്റെന്തുമാവട്ടെ. അതില്‍ രോഗത്തിന്റെ അനുബന്ധ പ്രശ്‌നങ്ങളായ വേദന, ശ്വാസതടസ്സം, ഛര്‍ദി, വിഷാദം, മനോവിഷമങ്ങള്‍ എല്ലാമുള്‍പ്പെടുന്നു. രോഗചികില്‍സ തുടരുന്നതിനൊപ്പം ഇപ്പറഞ്ഞ അസുഖങ്ങളെക്കൂടി കണ്ടറിഞ്ഞുള്ള സാന്ത്വനവും മരുന്നുമാണു പാലിയേറ്റീവ് കെയര്‍.
ജീവനു കടുത്ത ഭീഷണിയുയര്‍ത്തുകയും ദീര്‍ഘകാലം നീണ്ടുനില്‍ക്കുകയും ചെയ്യുന്ന എല്ലാ രോഗങ്ങള്‍ക്കും രോഗചികില്‍സയ്‌ക്കൊപ്പം പാലിയേറ്റീവ് കെയറും ആവശ്യമാണ്. രോഗിയുടെ വൈകാരിക, സാമൂഹിക പ്രശ്‌നങ്ങള്‍ക്കു കൂടി പരിഹാരമാവുന്ന സമഗ്ര ശുശ്രൂഷയാണു പാലിയേറ്റീവ് കെയര്‍. മാരകരോഗങ്ങള്‍ പിടിപെടുന്ന മിക്ക രോഗികള്‍ക്കുമുണ്ടാവും ദൈവം എന്തിനിങ്ങനെ ശിക്ഷിച്ചു എന്ന വിചാരം. അവര്‍ ചികില്‍സ സ്വീകരിക്കാനുള്ള വൈമുഖ്യം പ്രകടിപ്പിക്കാം. ഒറ്റപ്പെടാനുള്ള പ്രവണത കാട്ടാം. അകാരണമായ ദേഷ്യം, വിഷാദം എന്നിവയുമുണ്ടാവാം. രോഗത്തിന്റെ വൈഷമ്യങ്ങള്‍ കൂട്ടുന്ന തരത്തിലുള്ള വിപരീത ചിന്തകളാവും രോഗിക്ക് ഏറെയും.
ചികില്‍സയുടെ ഉയര്‍ന്ന പണച്ചെലവ്, സാമ്പത്തിക പ്രയാസം, തൊഴില്‍ നഷ്ടമാവല്‍ എന്നിവയും രോഗിയെ മാനസികമായി അലട്ടും. ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം ആശ്വാസവും ഉത്തരവുമാകാന്‍ പാലിയേറ്റീവ് കെയറിനു കഴിയും. ജീവിതത്തില്‍ നഷ്ടമാവുമെന്നു രോഗി ഭയക്കുന്ന അന്തസ്സ് ഊട്ടിയുറപ്പിക്കുകയാണ് ഇവിടെ. അര്‍ഹമായ മാന്യതയും മൂല്യവും തന്റെ ജീവിതത്തിനുണ്ടെന്ന വിശ്വാസത്തിലേക്കു രോഗിയെ കൊണ്ടുവരുകയാണ് പാലിയേറ്റീവ് ശുശ്രൂഷയില്‍. പാലിയേറ്റീവ് കെയര്‍ എന്നാല്‍ ടോട്ടല്‍ കെയര്‍ തന്നെയാണ്.















 

ജീവിതം കുടുംബാംഗങ്ങളോടൊത്ത്, കൂട്ടുകാരോടൊത്ത് അടിച്ചുപൊളിക്കുന്നതിനിടയില്‍ അപ്രതീക്ഷിതമായ ഒരു അപകടമോ മാറാരോഗമോ മൂലം വീണുപോയി വീടിന്റെ നാലു ചുവരുകള്‍ക്കിടയില്‍ ഒറ്റപ്പെട്ടുപോയ ഹതഭാഗ്യരെക്കുറിച്ച് നാം ചിന്തിക്കാറുണ്ടോ? നമ്മെപ്പോലെ വിനോദയാത്ര പോവാനും നല്ല ഭക്ഷണം കഴിക്കാനുമൊക്കെ ആഗ്രഹമുള്ള ആ പാവങ്ങളെ കണ്ടില്ലെന്നു നടിക്കാനാവുമോ നമുക്ക്.അവരുടെ ശരീരമേ തളര്‍ന്നിട്ടുള്ളൂ. പാതി തളര്‍ന്ന ഒരു മനസ്സും ഇനിയും അവധി അറിയാത്ത ഒരായുസ്സും ബാക്കിയുണ്ട് അവര്‍ക്ക്.




 

 

 



 

ആര്‍ക്കൊക്കെ?
ജീവിതാന്ത്യത്തെ മുഖാമുഖം കാണുന്ന രോഗികള്‍ക്കു വരെ പാലിയേറ്റീവ് കെയര്‍ വേണം. ഗുരുതര രോഗങ്ങളുടെ പിടിയിലാണെങ്കിലും ഇനിയും ദീര്‍ഘകാലം ജീവിച്ചിരിക്കാന്‍ സാധ്യതയുള്ള രോഗികള്‍ കൂടി പാലിയേറ്റീവ് കെയറിന്റെ പരിധിയില്‍ വരുന്നുണ്ട്. അതിനാല്‍ പാലിയേറ്റീവ് കെയറിനു വിധേയരാവുന്നവര്‍ മരണത്തെ മുന്നില്‍ കാണുന്നവര്‍ മാത്രമാണെന്ന വിശ്വാസം ശരിയല്ല. പാലിയേറ്റീവ് കെയറിന്റെ സ്‌നേഹപരിചരണങ്ങള്‍ ജീവിതം വീണ്ടെടുക്കാമെന്ന വിശ്വാസം ഒന്നുകൂടി ഉറപ്പിക്കുകയാണ് ചെയ്യുന്നത്.
മറ്റു ചികില്‍സകളെല്ലാം നിഷ്ഫലമാവുമ്പോള്‍ പരീക്ഷിക്കേണ്ട തുറുപ്പുചീട്ടല്ല പാലിയേറ്റീവ് കെയര്‍. ദീര്‍ഘമായ ചികില്‍സാകാലത്തുടനീളം രോഗിയെ തീവ്രവേദന സഹിക്കാന്‍ വിട്ടശേഷം പ്രതീക്ഷയില്ലെന്നു കാണുമ്പോഴല്ല പാലിയേറ്റീവ് കെയര്‍ നല്‍കേണ്ടത്. രോഗചികില്‍സയ്‌ക്കൊപ്പം തുടക്കം മുതല്‍ തന്നെ പാലിയേറ്റീവ് കെയറിന്റെ താങ്ങു വേണം. ഗുരുതരമായ രോഗമാണെന്ന അറിവ് രോഗിക്ക് ആഘാതമാവുന്ന ആദ്യഘട്ടത്തില്‍ സാന്ത്വനത്തിന്റെ പ്രാധാന്യം ഏറെയാണ്. ഈ സമയത്തു കിട്ടുന്ന ആശ്വാസം രോഗത്തെ അതിജീവിക്കാന്‍ രോഗിയെ ഏറെ സഹായിക്കുകയും ചെയ്യും. റേഡിയോതെറാപ്പി, കീമോതെറാപ്പി, സര്‍ജറി തുടങ്ങി ചികില്‍സയുടെ എല്ലാ ഘട്ടങ്ങളിലും പാലിയേറ്റീവ് കെയര്‍ ആശ്വാസം നല്‍കും.
പാലിയേറ്റീവ് കെയര്‍ സാന്ത്വനം നല്‍കുന്നതു രോഗിക്കു മാത്രമല്ല, രോഗിയുടെ കുടുംബത്തിനു കൂടിയാണ്. അതിനാല്‍ത്തന്നെ ഇതിന്റെ ഫലം രോഗിയുടെ മരണശേഷവും നിലനില്‍ക്കും. കാന്‍സറിനും എയ്ഡ്‌സിനും മാത്രമാണു പാലിയേറ്റീവ് കെയര്‍ വേണ്ടിവരുന്നതെന്ന ചിന്തയുണ്ട്. ഇതു ശരിയല്ല. ദീര്‍ഘകാലം നീണ്ടുനില്‍ക്കുകയും ജീവിതത്തെ തകിടംമറിക്കുകയും ചെയ്യുന്ന എല്ലാ രോഗങ്ങള്‍ക്കും പാലിയേറ്റീവ് കെയര്‍ നല്‍കണം. ഹൃദ്രോഗങ്ങള്‍, വൃക്കരോഗങ്ങള്‍, നീണ്ടകാലം നില്‍ക്കുന്ന ശരീരവേദനകള്‍ എന്നിവയ്ക്കു പാലിയേറ്റീവ് കെയര്‍ ആവശ്യമാണ്.



ചികില്‍സ

 

മോര്‍ഫിന്‍ എന്ന വേദനസംഹാരിയാണു സാന്ത്വന ചികില്‍സയില്‍ വേദന ഇല്ലാതാക്കാന്‍ നല്‍കുന്നത്. രോഗികളില്‍ മൂന്നിലൊന്നു പേര്‍ക്കും മോര്‍ഫിന്‍ ഫലപ്രദമാണ്. വേദനയുടെ സ്വഭാവമനുസരിച്ചു മറ്റു വേദനസംഹാരികളുമായി ചേര്‍ത്തു മോര്‍ഫിന്‍ ഉപയോഗിക്കുന്നു. പാലിയേറ്റീവ് ചികില്‍സയ്ക്ക് ഉപയോഗിക്കുന്ന മോര്‍ഫിന്‍ മന്ദതയുണ്ടാക്കുമെന്ന ഭയം ശരിയല്ലെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. ശരിയായ അളവില്‍ മരുന്നു നല്‍കിയാല്‍ പ്രശ്‌നമുണ്ടാവില്ല. മോര്‍ഫിന്‍ കൊണ്ടു ഫലമില്ലാത്ത വേദനകള്‍ക്ക് ഈ മരുന്നു കൊടുക്കുമ്പോള്‍ മാത്രമാണു പ്രശ്‌നം. മോര്‍ഫിന്‍ അഡിക്ഷന്‍ ഉണ്ടാക്കുമെന്ന ധാരണ തെറ്റാണെന്നു ശാസ്ത്രീയമായി തെളിയിച്ചിട്ടുണ്ട്.

 

മോര്‍ഫിനോ മറ്റു വേദനസംഹാരികളോ ഉപയോഗിച്ചുള്ള ചികില്‍സ പാലിയേറ്റീവ് കെയറിന്റെ ഒരു ഭാഗം മാത്രമാണ്. രോഗിക്കു മാനസികമായ കരുത്തുപകരുന്ന, ക്ഷമയോടെയുള്ള പരിചരണവും സാന്ത്വനവുമാണു പാലിയേറ്റീവ് കെയറിന്റെ ജീവന്‍.കേരളത്തിലൊട്ടാകെ നൂറിലേറെ പാലിയേറ്റീവ് കെയര്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ മിക്കതും സന്നദ്ധസംഘടനകളുടെ നേതൃത്വത്തിലുള്ളതാണ്. രോഗികളെ വീടുകളില്‍ സന്ദര്‍ശിച്ചുള്ള പരിചരണമാണു മിക്ക സന്നദ്ധസംഘടനകളും നടത്തുന്നത്. മരണമടയുന്ന രോഗികളുടെ നിരാലംബരായ കുട്ടികളുടെ വിദ്യാഭ്യാസകാര്യങ്ങള്‍ പോലും ഏറ്റെടുത്തു നടത്തുന്ന സംഘടനകളുണ്ട്. കുട്ടികളുടെ ഭാവികാര്യങ്ങളുടെ ഉത്തരവാദിത്തമേല്‍ക്കാന്‍ തയ്യാറുള്ള ആരെങ്കിലുമുണ്ടെന്ന വിശ്വാസം മരണം കാത്തുകഴിയുന്ന രോഗിക്കു പകരുന്ന ആശ്വാസം വലുതാണ്.
പാലിയേറ്റീവ് പരിചരണം നല്‍കാന്‍ കുടുംബാംഗങ്ങള്‍, വോളന്റിയര്‍മാര്‍, പ്രഫഷനലുകള്‍ തുടങ്ങി എല്ലാവര്‍ക്കും കഴിയും. പ്രഫഷനല്‍ യോഗ്യത നേടിയവരുടെ മേല്‍നോട്ടം ഉണ്ടാവേണ്ടതുണ്ടെങ്കിലും പരിശീലനം നേടിയആര്‍ക്കും പാലിയേറ്റീവ് കെയര്‍ നല്‍കാം. മുറിവുകള്‍ ഡ്രസ് ചെയ്യുക, ട്യൂബ് ഫീഡിങ്, സ്‌കിന്‍ കെയര്‍, മൗത്ത് കെയര്‍ തുടങ്ങി അടിസ്ഥാന നഴ്‌സിങ് ജോലികള്‍ അറിയാവുന്നവരായിരിക്കണം ചികില്‍സകര്‍. ഒപ്പം കൗണ്‍സലിങ് പാടവവും വേണം.

 

നാളെ നമുക്കും വേണ്ടിവരും
ജീവിതം കുടുംബാംഗങ്ങളോടൊത്ത്, കൂട്ടുകാരോടൊത്ത് അടിച്ചുപൊളിക്കുന്നതിനിടയില്‍ അപ്രതീക്ഷിതമായ ഒരു അപകടമോ മാറാരോഗമോ മൂലം വീണുപോയി വീടിന്റെ നാലു ചുവരുകള്‍ക്കിടയില്‍ ഒറ്റപ്പെട്ടുപോയ ഹതഭാഗ്യരെക്കുറിച്ച് നാം ചിന്തിക്കാറുണ്ടോ? നമ്മെപ്പോലെ വിനോദയാത്ര പോവാനും നല്ല ഭക്ഷണം കഴിക്കാനുമൊക്കെ ആഗ്രഹമുള്ള ആ പാവങ്ങളെ കണ്ടില്ലെന്നു നടിക്കാനാവുമോ നമുക്ക്.
അവരുടെ ശരീരമേ തളര്‍ന്നിട്ടുള്ളൂ. പാതി തളര്‍ന്ന ഒരു മനസ്സും ഇനിയും അവധി അറിയാത്ത ഒരായുസ്സും ബാക്കിയുണ്ട് അവര്‍ക്ക്. കാന്‍സര്‍ രോഗികള്‍, നട്ടെല്ലിന് ക്ഷതം സംഭവിച്ചവര്‍, മസ്തിഷ്‌കാഘാതം സംഭവിച്ചവര്‍, മാനസികമായി വെല്ലുവിളി നേരിടുന്നവര്‍, കിഡ്‌നി രോഗികള്‍, അപസ്മാര രോഗികള്‍, പ്രായാധിക്യം മൂലം കിടപ്പിലായവര്‍ അങ്ങനെ ഒത്തിരിപേരുണ്ട് നമുക്കു ചുറ്റും. നാമൊന്നു കണ്ണോടിച്ചു നോക്കണമെന്നു മാത്രം. നാളെ നമുക്കും ഈ ഗതി വരില്ലെന്ന് ആരു കണ്ടു. അങ്ങനെ സംഭവിക്കാതിരിക്കട്ടെ!
ഹൈടെക് ഹോസ്പിറ്റലുകളില്‍ പോലും ഇനിയൊന്നും ചെയ്യാനില്ല എന്നു പറഞ്ഞ് കൈയൊഴിയുന്ന ഈ സഹജീവികള്‍ക്ക് വേദനയുടെ, മരണത്തിന്റെ കാണാക്കയങ്ങളിലേക്കു വഴുതിവീഴും മുമ്പ് കൊടുത്തു കൂടെ നമുക്കൊരു കൈത്താങ്.
ദുരിതമനുഭവിക്കുന്നവരുടെയും കിടപ്പിലായവരുടെയും കാര്യത്തില്‍ നമുക്കു പലതും ചെയ്യാനുണ്ടെന്നും ഈ രോഗികളുടെ ചികില്‍സയും പരിചരണവും അവരുടെ കുടുംബത്തിന്റെ മാത്രമല്ല സമൂഹത്തിന്റെ കൂടി ഉത്തരവദിത്തമാണെന്നു നമ്മെ ഓര്‍മപ്പെടുത്തുന്നു പാലിയേറ്റീവ് കെയര്‍ ദിനം. സമയവും ധനവും വേണ്ടാത്തിടത്തെല്ലാം വേണ്ടുവോളം ചെലവഴിക്കപ്പെടുന്ന ഈ കാലത്ത് നമ്മുടെ അയല്‍പക്കത്തുള്ള ഇത്തരം രോഗികളെ സഹായിക്കാന്‍ നമുക്കു കഴിയും. നിങ്ങളുടെ ഒഴിവുസമയത്തില്‍ നിന്ന് അല്‍പനേരം നീക്കിവയ്ക്കാന്‍ തയ്യാറാണോ. എങ്കില്‍ നിങ്ങളുടെ നാട്ടിലുള്ള പാലിയേറ്റീവ് കെയര്‍ ക്ലിനിക്കുമായി ഇന്നു തന്നെ ബന്ധപ്പെടുക. സാന്ത്വനപരിചരണ രംഗത്ത് പങ്കാളിയാവുക.
ദീര്‍ഘമായ ചികില്‍സാകാലത്തുടനീളം രോഗിയെ തീവ്രവേദന സഹിക്കാന്‍ വിട്ടശേഷം പ്രതീക്ഷയില്ലെന്നു കാണുമ്പോഴല്ല പാലിയേറ്റീവ് കെയര്‍ നല്‍കേണ്ടത്. രോഗചികില്‍സയ്‌ക്കൊപ്പം തുടക്കം മുതല്‍ തന്നെ പാലിയേറ്റീവ് കെയറിന്റെ താങ്ങു വേണം.

 
Tags:    

Similar News