സ്‌കോട്ടിഷ് പടയെ കീഴടക്കി പറങ്കിക്കൂട്ടം

Update: 2018-10-15 17:24 GMT

ഗ്ലാസ്‌കോ: ദുര്‍ബലരായ സ്‌കോട്ട്‌ലന്‍ഡിനെതിരേയുള്ള സൗഹൃദ മല്‍സരത്തില്‍ പോര്‍ച്ചുഗലിന് തകര്‍പ്പന്‍ ജയം. റൊണാള്‍ഡോ ഇല്ലാതെ ഇറങ്ങിയ പേര്‍ച്ചുഗീസ് പട ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് സ്‌കോട്ടിഷ് താരങ്ങളെ കീഴ്‌പ്പെടുത്തിയത്. ആേ്രന്ദ സില്‍വ ഉള്‍പ്പെടെ മികച്ച താരങ്ങള്‍ യുവനിരയ്ക്കായി മാറിക്കൊടുത്തപ്പോള്‍ ഗംഭീരമാക്കിയാണ് അവര്‍ കളി അവസാനിപ്പിച്ചത്. ലോക റാങ്കിങ് തെളിയിക്കും പോലെ ആധികാരികമായാണ് പോര്‍ച്ചുഗല്‍ പട വിജയം പിടിച്ചടക്കിയത്.
മല്‍സരത്തിലെ 44ാം മിനിറ്റില്‍ പോര്‍ച്ചുഗലിന്റെ ആദ്യ ഗോള്‍ പിറന്നു. റോഡ്രിഗസിന്റെ പാസില്‍ വോള്‍വ്‌സ് താരം ഹെല്‍ഡര്‍ കോസ്റ്റയാണ് അക്കൗണ്ട് തുറന്നത്. തുടര്‍ന്ന് രണ്ടാം പകുതിയില്‍ 74ാം മിനിറ്റിലാണ് സ്‌കോട്ട്‌ലന്‍ഡിന്റെ വലയില്‍ രണ്ടാം തവണയും പന്തെത്തിയത്. ലോക്കോമോട്ടീവ് മോസ്‌കോ താരം എഡറായിരുന്നു ഇതിനവകാശി. പകരക്കാരനായി ഇറങ്ങിയ റെനാറ്റോ സാഞ്ചസിന്റെ പാസില്‍ നിന്നായിരുന്നു ആ ഗോള്‍ പിറവിയെടുത്തത്. 10 മിനിറ്റുകള്‍ക്ക് ശേഷം ഫെര്‍ണാഡസിന്റെ പാസില്‍ നിന്ന് ബ്രൂമ കൂടി പോര്‍ച്ചുഗലിനായി ലക്ഷ്യം കണ്ടതോടെ മൂന്ന് ഗോളുകള്‍ക്ക് സന്ദര്‍ശകര്‍ മുന്നില്‍. ഇഞ്ചുറി ടൈമില്‍ നൈസ്മിത്ത് സ്‌കോട്ടലന്‍ഡിനായി ആദ്യ വല ചലിപ്പിച്ചെങ്കിലും അത് വെറുമൊരു ആശ്വാസഗോള്‍ മാത്രമായിരുന്നു. 18ന് നാഷന്‍സ് കപ്പില്‍ ഇറ്റലിയുമായാണ് പോര്‍ച്ചുഗലിന്റെ അടുത്ത മല്‍സരം.
Tags:    

Similar News