കുവൈത്തിൽ കൊറോണ വൈറസ് ബാധിതർ 1154; പകുതിയിലധികവും ഇന്ത്യക്കാർ
ഇന്ന് വൈറസ് സ്ഥിരീകരിക്കപ്പെട്ട 104 പേരടക്കം ആകെ രോഗ ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 634 ആയി.
കുവൈത്ത് സിറ്റി: കുവൈത്തിൽ ഇന്ന് 104 ഇന്ത്യക്കാർ അടക്കം 161 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ റിപോർട്ട് ചെയ്യപ്പെട്ട കൊറോണ വൈറസ് കേസുകളിൽ ഏറ്റവും ഉയർന്ന നിരക്കാണ് ഇന്നത്തേത്.
ഇന്ന് വൈറസ് സ്ഥിരീകരിക്കപ്പെട്ട 104 പേരടക്കം ആകെ രോഗ ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 634 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ച ഇന്ത്യക്കാരിൽ 101 പേർക്ക് മുമ്പ് രോഗം സ്ഥിരീകരിക്കപ്പെട്ടവരുമായുള്ള സമ്പർക്കം വഴിയാണ് രോഗബാധയേറ്റത്. ഒരാൾക്ക് ഈജിപ്ത്തിൽ യാത്ര ചെയ്തതുമായി ബന്ധപ്പെട്ടാണ് രോഗ ബാധയേറ്റത്. 2 പേരുടെ രോഗ ബാധയുടെ ഉറവിടം അന്വേഷണത്തിലാണ് ഇന്നത്തെ ആകെ രോഗികളിൽ 124 പേർക്ക് രോഗബാധയേറ്റവരുമായുള്ള സമ്പർക്കം വഴിയും 6രോഗികളുടെ രോഗ ബാധയുടെ ഉറവിടം അന്വേഷണത്തിലുമാണ്.
ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരിൽ 30 സ്വദേശികൾ ബ്രിട്ടൻ, ജർമനി, അമേരിക്ക എന്നീ രാജ്യങ്ങളിൽ യാത്ര ചെയ്തവരാണ്. ഇന്ത്യക്കാർക്ക് പുറമേ ഇന്ന് രോഗ ബാധയേറ്റ മറ്റു രാജ്യക്കാരുടെ എണ്ണം ഇപ്രകാരമാണ്. സ്വദേശികൾ 34, ഈജിപ്ത്‌കാർ 1, ബംഗ്ലാദേശികൾ 15, പാകിസ്ഥാനി 1, സൗദി 1, ഫിലിപ്പീനി 2 , ബിദൂനി 1, ജോർദ്ദാൻ 1, ബൾഗേറിയൻ 1, രാജ്യത്ത് ഇന്ന് വരെ രോഗ ബാധയേറ്റവരുടെ എണ്ണം ഇതോടെ 1154 ആയിരിക്കുകയാണ്.
ഇന്ന് 10 പേർ രോഗ വിമുക്തി നേടിയതായി ആരോഗ്യമന്ത്രി ബാസിൽ അൽ സബാഹ് വ്യക്തമാക്കി. ഇതോടെ കൊറോണ വൈറസ് ബാധയിൽ നിന്ന് ആകെ രോഗ വിമുക്തി നേടിയവരുടെ എണ്ണം133 ആയി. ആകെ 1020 പേരാണ് ഇപ്പോൾ ചികിൽസയിൽ കഴിയുന്നത്. ഇവരിൽ 27 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്. ഇതിൽ 10 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നുവെന്ന് ആരോഗ്യമന്ത്രാലയ വക്താവ് അബ്ദുല്ല അൽ സനദ് വ്യക്തമാക്കി.