കൊറോണ: കുവൈത്തില്‍ സിബിഎസ്ഇ പരീക്ഷകള്‍ മാറ്റിവച്ചു
നിലവിൽ വിദ്യാലയങ്ങൾക്ക് അവധി ആയിരുന്നുവെങ്കിലും സിബിഎസ്‌ഇ പരീക്ഷകൾ മുൻ നിശ്ചയിച്ച പ്രകാരം നടത്താനിരിക്കുകയായിരുന്നു
കുവൈത്ത് സിറ്റി: കുവൈത്തില്‍ സിബിഎസ്ഇ പരീക്ഷകള്‍ മാറ്റിവച്ചു. നാളെ മുതല്‍ നടക്കാനിരുന്ന പരീക്ഷകളാണ് മാറ്റിവച്ചത്. പത്താം ക്ലാസ്സിലെ സാമൂഹ്യപാഠം പരീക്ഷ മാത്രമാണ് ഇനി നടക്കാനുള്ളത്. എന്നാല്‍ പന്ത്രണ്ടാം ക്ലാസ്സുകാര്‍ക്ക് ഇനി ഏഴു വിഷയങ്ങളുടെ പരീക്ഷ നടക്കാനുണ്ട്. മാറ്റിവെച്ച പരീക്ഷകള്‍ എന്ന് നടക്കുമെന്ന് പിന്നീട് അറിയിക്കും.
കുവൈത്തില്‍ കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായിട്ടാണ് മാര്‍ച്ച് 26 വരെ സ്‌കൂളുകളും കോളേജുകളും അടയ്ക്കാനും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് പൊതു അവധിയും പ്രഖ്യാപിച്ചത്. എന്നാല്‍ സിബിഎസ്ഇ. പരീക്ഷകള്‍ കുവൈത്തില്‍ മാത്രം മാറ്റി വെക്കുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് ഇന്നും പരീക്ഷ തുടര്‍ന്നത്.
എന്നാല്‍ കുവൈത്ത് വിദ്യഭ്യാസ മന്ത്രാലയത്തിന്റെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും കര്‍ശന നിര്‍ദേശമനുസരിച്ചാണ് നാളെ മുതല്‍ തുടര്‍ന്നു നടക്കേണ്ട പരീക്ഷകള്‍ മാറ്റിവെച്ചത്.