മുഖ്യമന്ത്രി പിണറായി നാലുദിന സന്ദര്‍ശനത്തിനായി യുഎഇയിലെത്തി
ഇന്ന് അബുദബിയിലെ വിവിധ ചടങ്ങുകളില്‍ പങ്കെടുക്കുന്ന മുഖ്യമന്ത്രി നാളെ മുതല്‍ ദുബയ്, ഷാര്‍ജ, ഫുജൈറ, അജ്മാന്‍ എന്നീ എമിറേറ്റുകളില്‍ നടക്കുന്ന വിവിധ ചടങ്ങുകളില്‍ സംബന്ധിക്കും
അബൂദബി: കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ നാലു ദിവസത്തെ യുഎഇ സന്ദര്‍ശനത്തിനായി അബുദബിയിലെത്തി. ഇത്തിഹാദ് വിമാനത്തിലെത്തിയ കേരള മുഖ്യമന്ത്രിയെ പ്രമുഖ വ്യവസായിയും നോര്‍ക്ക ഡയറക്ടറുമായ എം എ യുസുഫലിയുടെ നേതൃത്വത്തിലുള്ള സംഘം സ്വീകരിച്ചു. ഇന്ന് അബുദബിയിലെ വിവിധ ചടങ്ങുകളില്‍ പങ്കെടുക്കുന്ന മുഖ്യമന്ത്രി നാളെ മുതല്‍ ദുബയ്, ഷാര്‍ജ, ഫുജൈറ, അജ്മാന്‍ എന്നീ എമിറേറ്റുകളില്‍ നടക്കുന്ന വിവിധ ചടങ്ങുകളില്‍ സംബന്ധിക്കും. വ്യാഴം, വെള്ളി ദിവസങ്ങളിലായി ദുബയ് ഇത്തിസലാത്ത് അക്കാദമിയില്‍ നടക്കുന്ന ലോക കേരള സഭയുടെ പശ്ചിമേഷ്യ മേഖലാ സമ്മേളനത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കും. 15,000 പേര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ പ്രവാസികളുടെ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹാരത്തിനു ശ്രമിക്കും. പ്രവാസി മലയാളികള്‍ക്ക് വിദേശ രാജ്യങ്ങളില്‍ നിന്നു ലഭിച്ച വിജ്ഞാനവും സാങ്കേതിക വിദ്യകളും നാടിന്റെ വളര്‍ച്ചക്ക് എങ്ങനെ വിനിയോഗിക്കാമെന്നുള്ള കാര്യങ്ങളും ചര്‍ച്ചക്ക് വിധേയമാക്കും. ചടങ്ങില്‍ കേരള നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, മുന്‍ മന്ത്രി കെ സി ജോസഫ് സംബന്ധിക്കും.