ലേബര്‍ ക്യാംപുകളില്‍ നിന്നും തൊഴിലാളികളെ മാറ്റി പാര്‍പ്പിക്കണം: ആലപ്പുഴ പ്രവാസി അസോസിയേഷന്‍
ബുക്കുവാറ ലേബര്‍ ക്യാംപില്‍ ക്വാറന്റൈനില്‍ കഴിയുന്ന തൊഴിലാളികള്‍ക്ക് ഭക്ഷണം എത്തിക്കുന്ന ബഹറിനിലെ ഇന്ത്യന്‍ എംബസിയുടെ നടപടി ഏറെ പ്രശംസനീയമാണെന്ന് യോഗം വിലയിരുത്തി.
മനാമ: കൊവിഡ്19 വ്യാപനം തടയുന്നതിന്റെ ഭാഗമായി ബഹ്‌റിനിലെ ലേബര്‍ ക്യാംപുകളില്‍ കൂട്ടത്തോടെ താമസിക്കുന്ന തൊഴിലാളികളെ ക്യാംപുകളില്‍ നിന്നും മാറ്റി പാര്‍പ്പിക്കണമെന്നു ആലപ്പുഴ പ്രവാസി അസോസിയേഷന്‍ ആവശ്യപ്പെട്ടു. മാറ്റി പാര്‍പ്പിക്കുന്ന തൊഴിലാളികളെ ഒരു മുറിയില്‍ 2 പേരില്‍ കൂടുതല്‍ താമസിക്കുവാന്‍ അനുവദിക്കരുതെന്ന് തൊഴിലുടമകളോട് യോഗം ആവശ്യപ്പെട്ടു.
ബുക്കുവാറ ലേബര്‍ ക്യാംപില്‍ ക്വാറന്റൈനില്‍ കഴിയുന്ന തൊഴിലാളികള്‍ക്ക് ഭക്ഷണം എത്തിക്കുന്ന ബഹറിനിലെ ഇന്ത്യന്‍ എംബസിയുടെ നടപടി ഏറെ പ്രശംസനീയമാണെന്ന് യോഗം വിലയിരുത്തി. അസോസിയേഷന്‍ വൈസ് പ്രസിഡന്റ് സജി കലവൂരിന്റെ അധ്യക്ഷതയില്‍ കൂടിയ വീഡിയോ കോണ്‍ഫെറന്‍സ് യോഗം പ്രസിഡന്റ് ബംഗ്ലാവില്‍ ഷെരീഫ് ഉദ്ഘാടനം ചെയ്തു.
ജനറല്‍ സെക്രട്ടറി സലൂബ് കെ ആലിശ്ശേരി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജോര്‍ജ് അമ്പലപ്പുഴ, ഹാരിസ് വണ്ടാനം, ശ്രീജിത്ത് കൈമള്‍, ജോയ് ചേര്‍ത്തല, പ്രവീണ്‍ മാവേലിക്കര, സീന അന്‍വര്‍,അനില്‍ കായംകുളം, വിജയലക്ഷ്മി, മിഥുന്‍ ഹരിപ്പാട്, ബിനു ആറാട്ടുപുഴ,അനീഷ് ആലപ്പുഴ എന്നിവര്‍ സംസാരിച്ചു.
കൊറോണ വൈറസ് പ്രതിരോധിക്കുന്നതിനും വ്യാപനം തടയുന്നതിനുമായി സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്ന് ബഹറിനിലെ പ്രവാസി സമൂഹത്തോട് യോഗം അഭ്യര്‍ത്ഥിച്ചു.