അബഹയില്‍ നിന്നും വിമാന സര്‍വീസ്: അധികൃതര്‍ക്ക് ഇമെയില്‍ സന്ദേശമയക്കുമെന്ന് സോഷ്യല്‍ ഫോറം

മേഖലയിലെ മുഴുവന്‍ പ്രവാസികളും ഫോറം നടത്തുന്ന കാംപയിനുമായി സഹകരിച്ച് ഈ അടിയന്തിര ആവശ്യത്തിലേക്ക് അധികാരികളുടെ ശ്രദ്ധ ക്ഷണിക്കാന്‍ മുന്നോട്ട് വരണമെന്നും കാംപയിന്‍ വിജയിപ്പിക്കണമെന്നും ഇന്ത്യന്‍ സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മറ്റി പ്രസിഡണ്ട് മുഹമ്മദ് കോയ ചേലേമ്പ്ര ജനറല്‍ സെക്രട്ടറി ഹനീഫ ചാലിപ്പുറം എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

Update: 2020-05-20 15:14 GMT

അബഹ(സൗദി): കൊവിഡ് 19 മായി ബന്ധപ്പെട്ട് വൈകിട്ട് 5 മുതല്‍ രാവിലെ 9 വരെ ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന അസീര്‍ മേഖലയില്‍ അധികൃതരില്‍ നിന്നും അനുമതി ലഭിച്ചിട്ടും നാട്ടിലേക്ക് പോകാന്‍ കഴിയാത്ത രോഗികളും ഗര്‍ഭിണികളുമുള്‍പ്പെടുന്ന പ്രവാസികളുടെ ദുരവസ്ഥ പരിഹരിക്കുന്നതിന്റെ ഭാഗമായി സൗദിയിലെ സൗത്ത് റീജിയണിലെ പ്രധാന വിമാനത്താവളമായ അബഹയില്‍ നിന്നും വിമാന സര്‍വ്വീസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇന്ത്യന്‍ കോണ്‍സുലേറ്റിലേക്കും എംബസിയിലേക്കും വിദേശകാര്യ വകുപ്പ് മന്ത്രിക്കും ഇ-മെയിലുകള്‍ അയക്കുമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഭാരവാഹികള്‍ അറിയിച്ചു.

സൗദി സൗത്ത് റീജിയനിലെ അബഹ, ഖമീസ് മുശൈത്ത്, നജ്‌റാന്‍, തസ് ലീസ്, ബീഷ, അലായ, അല്‍നമാസ്, മഹായില്‍, ജീസാന്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്ന് ഏതാണ്ട് തുല്ല്യ ദൂരം യാത്ര ചെയ്ത് എത്താവുന്ന എയര്‍ പോര്‍ട്ട് ആണ് അബഹ. നാട്ടില്‍ പോകാന്‍ പ്രയാസപ്പെടുന്ന ഇവിടെയുള്ള വിദേശികളുടെ യാത്രാദുരിതം അവസാനിപ്പിക്കാന്‍ വന്ദേ ഭാരത് മിഷന്റെ ഭാഗമായുള്ള പദ്ധതിയില്‍ അബഹ വിമാനത്താവളവും ഉള്‍പ്പെടുത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജിദ്ധ കോണ്‍സുലേറ്റിലേക്കും റിയാദ് എംബസിയിലേക്കും വിദേശകാര്യവകുപ്പിലേക്കും ഫോറം ഇതിനോടകം തന്നെ നിവേദനങ്ങള്‍ കൊടുത്തുകഴിഞ്ഞു. തുടര്‍ന്ന് ഈ ആവശ്യമുന്നയിച്ച് ഒരു ഇമെയില്‍ കാംപയിന്‍ നടത്താനും സോഷ്യല്‍ഫോറം തീരുമാനിച്ചിട്ടുണ്ട്.

വലിയൊരു ഇന്ത്യന്‍ കമ്മ്യൂണിറ്റി അധിവസിക്കുന്ന ഈ റീജിയണിലെ രോഗികളും ഗര്‍ഭിണികളും സന്ദര്‍ശന വിസയില്‍ വന്ന് കുടുങ്ങി കിടക്കുന്നവരും കര്‍ഫ്യൂ മൂലം ജോലി നഷ്ടപ്പെട്ടവരും സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുക്കുന്ന പ്രവാസികളും, നിലവില്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന ജിദ്ദ, റിയാദ് , ദമ്മാം എയര്‍പോര്‍ട്ടുകളിലേക്ക് 800 മുതല്‍ 1400 കിലോമീറ്റര്‍ യാത്രചെയ്ത് എത്തിപ്പെടാന്‍ വളരെയധികം കഷ്ടപ്പെടുന്നുണ്ട്. റോഡ് മാര്‍ഗം പോകണമെങ്കില്‍ അനുമതിപത്രം ലഭ്യമാക്കലും, വാഹന സാമ്പത്തിക ചിലവും ഉള്‍പ്പെടെ പ്രയാസം ഏറെയാണ്.

മേഖലയിലെ മുഴുവന്‍ പ്രവാസികളും ഫോറം നടത്തുന്ന കാംപയിനുമായി സഹകരിച്ച് ഈ അടിയന്തിര ആവശ്യത്തിലേക്ക് അധികാരികളുടെ ശ്രദ്ധ ക്ഷണിക്കാന്‍ മുന്നോട്ട് വരണമെന്നും കാംപയിന്‍ വിജയിപ്പിക്കണമെന്നും ഇന്ത്യന്‍ സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മറ്റി പ്രസിഡണ്ട് മുഹമ്മദ് കോയ ചേലേമ്പ്ര ജനറല്‍ സെക്രട്ടറി ഹനീഫ ചാലിപ്പുറം എന്നിവര്‍ അഭ്യര്‍ത്ഥിച്ചു. 

Tags:    

Similar News