മറക്കാതിരിക്കാനാണ് എഴുതുന്നതെന്ന് നോബല്‍ സമ്മാനജേതാവ് ഓര്‍ഹാന്‍ പമുക്
മറക്കാതിരിക്കാന്‍ വേണ്ടി പുസ്തകങ്ങള്‍ എഴുതുന്നതെന്ന് തുര്‍ക്കിയില്‍ നിന്നുള്ള എഴുത്തുകാരനും നോബല്‍ സമ്മാനജേതാവുമായ ഓര്‍ഹാന്‍ പമുക് പറഞ്ഞു. മുപ്പത്തെട്ടാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയുടെ ഉല്‍ഘാടന ദിവസം സദസ്സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഷാര്‍ജ: മറക്കാതിരിക്കാന്‍ വേണ്ടി പുസ്തകങ്ങള്‍ എഴുതുന്നതെന്ന് തുര്‍ക്കിയില്‍ നിന്നുള്ള എഴുത്തുകാരനും നോബല്‍ സമ്മാനജേതാവുമായ ഓര്‍ഹാന്‍ പമുക് പറഞ്ഞു. മുപ്പത്തെട്ടാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയുടെ ഉല്‍ഘാടന ദിവസം സദസ്സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തുര്‍ക്കിയുടെ ഓട്ടോമെന്‍ പാരമ്പര്യത്തേയും തുര്‍ക്കി സംസ്‌കാരത്തേയും സാഹിത്യത്തേയും കുറിച്ചുള്ള ഒര്‍ഹാന്‍ പമുകിന്റെ പ്രഭാഷണം എക്‌സ്‌പോ സെന്ററിലെ ബാള്‍ റൂമിലാണ് അരങ്ങേറിയത്. വൈകിട്ട് ഏഴ് മുതല്‍ എട്ടര വരെ നീണ്ടുനിന്ന പരിപാടി വീക്ഷിക്കാന്‍ ഷാര്‍ജ ഭരണാധികാരി ഹിസ് ഹൈനസ് ഷേയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി എത്തിയിരുന്നു. ലോകത്തെ അറുപത്തിമൂന്ന് ഭാഷകളില്‍ തന്റെ പുസ്തകം പ്രസിദ്ധീകരിക്കുന്നുണ്ടെങ്കിലും, തുര്‍ക്കി ഭാഷയില്‍ എഴുതുന്നതിനാല്‍ താന്‍ പ്രാഥമികമായി തുര്‍ക്കിക്കാര്‍ക്ക് വേണ്ടിയാണ് എഴുതുന്നതെന്ന് അദ്ദേഹം പറഞ്ഞു. തന്റെ രചനകളുടെയെല്ലാം പിന്നില്‍ ദീര്‍ഘനാളത്തെ ഗവേഷണം കൂടിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
താന്‍ ഒരു ഇടതുപക്ഷവാദിയാണെന്ന് പറഞ്ഞ ഓര്‍ഹാന്‍ പമുക്, ഇടതുപക്ഷക്കാരായ തന്റെ പല സുഹൃത്തുക്കളും ഓട്ടോമെന്‍ സംസ്‌കാരത്തെ തള്ളിപ്പറഞ്ഞെങ്കിലും, താന്‍ തന്റെ രചനകളിലെല്ലാം തുര്‍ക്കിയുടെ തനത് സംസ്‌കാരത്തെ ഉയര്‍ത്തിപ്പിടിക്കുകയാണ് ചെയ്തത്. എന്നാല്‍ ഇത് ശരിയായ രീതിയില്‍ മനസ്സിലാക്കാതെയാണ് ഭരണകൂടവും രാഷ്ട്രീയനേതൃത്വങ്ങളും തന്നെ തുര്‍ക്കിവിരുദ്ധനായി ചിത്രീകരിച്ചത്. മ്യൂസിയം ഓഫ് ഇന്നസെന്‍സ് എന്ന നോവലില്‍ പ്രതിപാദിച്ചിട്ടുള്ള വസ്തുക്കളെല്ലാം ശേഖരിച്ച് ഈസ്റ്റാംബൂളില്‍ ഒരു മ്യൂസിയം സജ്ജമാക്കിയിട്ടുണ്ടെന്ന് പറഞ്ഞ ഓര്‍ഹാന്‍ പമുക്, തുര്‍ക്കിയിലെത്തിയാല്‍ മ്യൂസിയം സന്ദര്‍ശിക്കാന്‍ വരണമെന്ന് സദസ്സിനെ ക്ഷണിച്ചു. സൂഫി കവിയായ റൂമിയെ നന്നായി വായിച്ചിട്ടുണ്ടെന്ന് പറഞ്ഞ ഓര്‍ഹാന്‍ പമുക്, സൂഫി സാഹിത്യത്തിലും അറബ് പേര്‍ഷ്യന്‍ ഇസ്ലാം സാഹിത്യത്തിലും ആഴത്തിലുള്ള അര്‍ത്ഥതലങ്ങള്‍ ധാരാളമുണ്ടെന്ന് പറഞ്ഞു. ഈ സാഹിത്യശാഖകളെയെല്ലാം താന്‍ സമീപിച്ചത്, മതപരമായ താത്പര്യത്തേക്കാള്‍ സാഹിത്യപരമായ താത്പര്യം മൂലമാണെന്ന് അദ്ദേഹം പറഞ്ഞു. തനിക്ക് പൊതുവെയുള്ള രോഷം തന്നെ എപ്പോഴും എഴുതാന്‍ പ്രേരിപ്പിക്കുന്ന സ്വഭാവ വിശേഷതയാണെന്ന് അദ്ദേഹം പറഞ്ഞു. തന്നിലുറയുന്ന രോഷത്തെ ക്രിയാത്മകമായി മാറ്റിയെടുക്കാന്‍ കഴിഞ്ഞാല്‍ അത് തന്റെ എഴുത്തിനെ ഉത്തേജിപ്പിക്കും. ഷാര്‍ജ ഭരണാധികാരിയടക്കം വിശിഷ്ടവ്യക്തികള്‍ ശ്രോതാക്കളായി പങ്കെടുത്ത പരിപാടിയില്‍ അലി അല്‍ ഗൊബേഷ് ആണ് ഓര്‍ഹാന്‍ പമുകിനോട് സംവദിച്ചത്. സദസ്സില്‍ നിന്നുള്ള നിരവധി ചോദ്യങ്ങള്‍ക്കും ഓര്‍ഹാന്‍ പമുക് മറുപടി നല്‍കി.നോവല്‍ എഴുതി പൂര്‍ത്തിയാക്കുന്നത് ഒരു വൃക്ഷം പൂര്‍ണ്ണവളര്‍ച്ചയെത്തുന്നതുപോലെയാണ്. നോവലിലെ വരികളും അദ്ധ്യായങ്ങളും രൂപം കൊള്ളുന്നത് വൃക്ഷത്തില്‍ ഇലകളും ശാഖകളും കിളിര്‍ക്കുന്നതുപോലെയാണ്, ഓര്‍ഹാന്‍ പമുക് പറഞ്ഞു.