സമൂഹത്തിന് വേണ്ടത് നിര്‍ഭയരായ ജനങ്ങള്‍. ഗുല്‍സാര്‍

സ്വതന്ത്രമായ ആവിഷ്‌ക്കാരം നടത്താന്‍ നിര്‍ഭയരായ ജനങ്ങളാണ് ഏത് സമൂഹത്തിന് വേണ്ടതെന്ന് ഓസ്‌ക്കാര്‍ ജേതാവും ഇന്ത്യന്‍ സിനിമക്ക് മികച്ച സംഭാവന നല്‍കിയ പ്രമുഖ കലാകാരനുമായ പത്മഭൂഷണ്‍ ഗുല്‍സാര്‍ പറഞ്ഞു. ഷാര്‍ജ രാജ്യാന്തര പുസ്തക മേളയോടനുബന്ധിച്ച് നടന്ന നിറഞ്ഞ സദസ്സില്‍ സംസാരിക്കുകായിരുന്നു അദ്ദേഹം.

Update: 2019-11-01 07:10 GMT

ഷാര്‍ജ: സ്വതന്ത്രമായ ആവിഷ്‌ക്കാരം നടത്താന്‍ നിര്‍ഭയരായ ജനങ്ങളാണ് ഏത് സമൂഹത്തിന് വേണ്ടതെന്ന് ഓസ്‌ക്കാര്‍ ജേതാവും ഇന്ത്യന്‍ സിനിമക്ക് മികച്ച സംഭാവന നല്‍കിയ പ്രമുഖ കലാകാരനുമായ പത്മഭൂഷണ്‍ ഗുല്‍സാര്‍ പറഞ്ഞു. ഷാര്‍ജ രാജ്യാന്തര പുസ്തക മേളയോടനുബന്ധിച്ച് നടന്ന നിറഞ്ഞ സദസ്സില്‍ സംസാരിക്കുകായിരുന്നു അദ്ദേഹം. അന്‍പതുകളില്‍ ഉണ്ടായ ഗാനങ്ങളുടെ തനിമയും മാധുര്യവും സമീപകാലങ്ങളിലെ ഗാനങ്ങള്‍ക്കില്ലാതെ പോകുന്നതിന്റെ കാരണങ്ങളെ കുറിച്ചുള്ള ചോദ്യത്തിന്, സിനിമകളും അവയിലെ ഗാനങ്ങളും സമൂഹത്തിന്റെ പ്രതിഫലനങ്ങളാണെന്നും സമൂഹം മാറുമ്പോള്‍, സിനിമയുടെയും ഗാനങ്ങളുടെയും സ്വഭാവവും മാറുമെന്നും ഗുല്‍സാര്‍ അഭിപ്രായപ്പെട്ടു. ഷാര്‍ജ പുസ്തകമേളയുടെ 'പുസ്തകം തുറക്കുക മനസ്സ് തുറക്കുക' എന്ന ശീര്‍ഷകം തീര്‍ത്തും അര്‍ത്ഥവത്താണെന്ന് പറഞ്ഞ ഗുല്‍സാര്‍, പുസ്തകം തുറക്കുന്നതിലൂടെ മനസ്സും കണ്ണും ബുദ്ധിയും തുറക്കാന്‍ കഴിയുമെന്ന് കൂട്ടിച്ചേര്‍ത്തു. ടാഗോര്‍ അടക്കമുള്ള പ്രമുഖരായ ബംഗാളി കവികളുടെ രചനകള്‍ തര്‍ജ്ജമ ചെയ്തിട്ടുള്ള ഗുല്‍സാര്‍ തന്റെ വിവര്‍ത്തനാനുഭവങ്ങള്‍ സദസ്സുമായി പങ്കുവച്ചു. ബംഗാളികവിതകള്‍ വിവര്‍ത്തനം ചെയ്യാന്‍ ബംഗാളിഭാഷ പഠിച്ച കാര്യം അദ്ദേഹം വിവരിച്ചു. ഒരേ സാംസ്‌കാരികപശ്ചാത്തലമുള്ള ഭാഷകളുടെ കാര്യത്തില്‍ ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് വിവര്‍ത്തനം നടത്തുമ്പോള്‍ അര്‍ത്ഥശോഷണം ഉണ്ടാകാനുള്ള സാദ്ധ്യത കുറവാണെന്ന് അദ്ദേഹം പറഞ്ഞു. ഭാരതീയമായ എല്ലാ ഭാഷകള്‍ക്കും അര്‍ത്ഥപരമായ ഐകരൂപ്യമുണ്ട്. ടാഗോറിന്റെ ബംഗാളിയും വൈക്കം മുഹമ്മദ് ബഷീറിന്റെ മലയാളവും ഒരേ ചരടില്‍ കോര്‍ത്ത മുത്തുകളാണ്. പുതിയ എഴുത്തുകാര്‍ക്ക് ധാരാളം അവസരങ്ങളാണ് തുറന്നുകിട്ടിയിരിക്കുന്നത്. പുതിയ കാലത്ത്തിന്റെ പ്രത്യേകതയാണത്. പുതിയ സാങ്കേതികതകള്‍ പുതിയ എഴുത്തുകാരെ നന്നായി പിന്തുണയ്ക്കുന്നുണ്ട്.

നൂറ് താളുകള്‍ വായിക്കുക, ഒരു താള്‍ എഴുതുക എന്നതാണ് വായനയും എഴുത്തും തമ്മില്‍ താന്‍ നിര്‍ദ്ദേശിക്കുന്ന അനുപാതമെന്ന് ഗുല്‍സാര്‍ പറഞ്ഞു. ഗഗന്‍ മുല്‍ക്കാണ് ഗുല്‍സാറുമായുള്ള സംവാദം നടത്തിയത്. പരിപാടിയുടെ ഭാഗമായി ഗായകരായ ജയപ്രകാശും നിഷിത ചാള്‍സും ഗുല്‍സാറിന്റെ പ്രശസ്തങ്ങളായ ചലച്ചിത്രഗാനങ്ങള്‍ ആലപിച്ചു. പരിപാടിയുടെ തുടക്കത്തില്‍ ആനന്ദ് പദ്മനാഭന്‍ ഗുല്‍സാറിനെക്കുറിച്ചുള്ള ലഘുവിവരണം നടത്തി. ഓസ്‌കാര്‍ പുരസ്‌കാരം നേടിയ ഇന്ത്യന്‍ ചലച്ചിത്രസംവിധായകനും ഗാനരചയിതാവും കവിയുമാണ് സമ്പൂര്‍ സിംഗ് കല്‍റ എന്ന ഗുല്‍സാര്‍. ഇപ്പോള്‍ പാകിസ്ഥാനിലുള്ള ത്സലം ജില്ലയില്‍ ആയിരത്തിത്തൊള്ളായിരത്തി മുപ്പത്തിനാല് ആഗസ്റ്റ് പതിനെട്ടിന് ജനിച്ച അദ്ദേഹത്തിന്റെ കുടുംബം വിഭജനത്തിനുശേഷം ഇന്ത്യയിലേക്ക് താമസം മാറ്റി. ആയിരത്തിത്തൊള്ളായിരത്തി അറുപത്തിമൂന്നില്‍ സംഗീതസംവിധായകന്‍ എസ്.ഡി.ബര്‍മന്റെ ഒപ്പം ബന്ദിനി എന്ന ചലച്ചിത്രത്തില്‍ ഗാനരചയിതാവായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ആര്‍.ഡി.ബര്‍മന്‍, സലീല്‍ ചൗധരി, വിശാല്‍ ഭരദ്വാജ്, എ. ആര്‍. റഹ്മാന്‍ എന്നിവരുള്‍പ്പെടെ നിരവധി സംഗീതസംവിധായകരോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. രണ്ടായിരത്തിനാലില്‍ പത്മഭൂഷണ്‍ ലഭിച്ചു. സാഹിത്യ അക്കാദമി അവാര്‍ഡ്, ഇന്ത്യന്‍ സിനിമയിലെ പരമോന്നതപുരസ്‌കാരമായ ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ്, നിരവധി ഇന്ത്യന്‍ ദേശീയചലച്ചിത്ര അവാര്‍ഡുകള്‍, ഇരുപത്തൊന്ന് ഫിലിം ഫെയര്‍ അവാര്‍ഡുകള്‍, അക്കാദമി അവാര്‍ഡ്, ഗ്രാമി അവാര്‍ഡ് എന്നിവ നേടിയിട്ടുണ്ട്. ഇന്ത്യന്‍ ആനിമേറ്റഡ് സിറ്റ്‌കോമായ മോട്ടു പട്‌ലുവിനായി തീം സോങ്ങും അദ്ദേഹം എഴുതി. എഴുപതുകളില്‍ ആന്ധി, മൗസം തുടങ്ങിയ ചലച്ചിത്രങ്ങളും, എണ്‍പതുകളില്‍ ടെലിവിഷന്‍ പരമ്പരയായ മിര്‍സ ഗാലിബും അദ്ദേഹം സംവിധാനം ചെയ്തു. ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറ്റിമൂന്നില്‍ കിര്‍ദാര്‍ സംവിധാനം ചെയ്തു.സ്വതന്ത്രമായ ആത്മാവിഷ്‌കാരം നടത്താന്‍ സ്വാതന്ത്ര്യമുള്ള നിര്‍ഭയരായ ജനങ്ങളാണ് ഏതൊരു സമൂഹത്തിലും വേണ്ടതെന്ന് അദ്ദേഹം സദസ്സില്‍ നിന്നുള്ള ചോദ്യത്തിനുള്ള മറുപടിയായി പറഞ്ഞു. 

Tags:    

Similar News