ദുബയ്: വിദ്യാലയങ്ങള്‍ രൂപകല്‍പന ചെയ്യാന്‍ ഒരു മാര്‍ഗദര്‍ശി. അതാണ് ഡോ. ഫാറൂഖ് വാസിലും പി വി പ്രദീപും തയാറാക്കിയ സ്‌കൂള്‍ ഡിസൈന്‍ എ കോംപ്രഹന്‍സിവ് ഗൈഡ് എന്ന പുസ്തകം. ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ ഹാള്‍ ഏഴില്‍ സെഡ് ഡി 15 ല്‍ ഫ്യൂച്ചര്‍ കിഡ്‌സ് പബ്ലിക്കേഷന്‍ സ്റ്റാളില്‍ പുസ്തകം ലഭ്യമാണെന്ന് ഇരുവരും അറിയിച്ചു. ഫാറൂഖ് വാസില്‍ വിദ്യഭ്യാസ വിചക്ഷണന്‍ ആണെങ്കില്‍ മലയാളിയായ പ്രദീപ് ആര്‍ക്കിടെക്റ്റാണ്. പരമ്പരാഗതമായി പഠിപ്പിച്ചുവരുന്ന രീതികളില്‍ നിന്നും വിഭിന്നമായി ആധുനിക സാങ്കേതിക മികവോടെയുള്ള പഠന സംവിധാനങ്ങള്‍ ഒരുക്കാവുന്ന കെട്ടിടനിര്‍മാണ രീതിയെക്കുറിച്ചാണ് പുസ്തകത്തില്‍ പ്രതിപാദിക്കുന്നത്. പഴയ ക്ലാസ്മുറികള്‍ക്കു പകരം കുട്ടികള്‍ക്ക് സ്ട്രസ് കുറച്ചുകൊണ്ടുള്ള വിദ്യാര്‍ത്ഥി കേന്ദ്രികൃതമായ സംവിധാനങ്ങളാണ് ഇന്നുള്ളത്. അത്തരം നിരവധി സാങ്കേതികവശങ്ങളെക്കുറിച്ചു രചയിതാക്കള്‍ വിശദീകരിച്ചു. സാമൂഹിക സാംസ്‌കാരിക രംഗവുമായി കുട്ടികളെ ബന്ധപ്പെടുത്താവുന്ന വിധത്തിലും രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും അധ്യാപകരും ഒന്നിച്ച് പരസ്പരം സംവദിക്കാവുന്ന വിധത്തില്‍ വിദ്യാലയങ്ങള്‍ ഇനിയും പുരോഗമിക്കേണ്ടതായിട്ടുണ്ട്. പുതിയ നിര്‍മാണ രീതി ഇതിനെ സഹായിക്കുമെന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്. പ്രദീപ് ചൂണ്ടിക്കാട്ടി.