ദുബയ്: മലപ്പുറം ഇരുമ്പുഴി സ്വദേശി ദുബയില്‍ വാഹനാപകടത്തില്‍ മരിച്ചു. പറമ്പന്‍ ഭഗവതി പറമ്പത്ത് വീട്ടില്‍ യുസുഫ്-ഫാത്തിമ ദമ്പതികളുടെ മകന്‍ മുഹമ്മദ് സവാദ് (29) ആണ് ഇന്ന് രാവിലെയുണ്ടായ അപകടത്തില്‍ മരിച്ചത്. അബുദബിയിലെ ഒരു മല്‍സ്യ വിതരണ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന സവാദ് ഇന്ന് രാവിലെ ദുബയിലെ മല്‍സ്യ മാര്‍ക്കറ്റില്‍ നിന്നും മീന്‍ വാങ്ങി കൂളര്‍ വാനില്‍ അബുദബിയിലേക്ക് തിരിച്ച് പോകുമ്പോള്‍ ദുബയ് മാളിന് സമീപം ഒരു ട്രക്കിന് പിറകിലിടിച്ചാണ് അപകടം സംഭവിച്ചത്. ഭാര്യ ഫാത്തിമ. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടില്‍ കൊണ്ട് പോയി ഖബറടക്കുമെന്ന് സാമൂഹിക പ്രവര്‍ത്തകരായ നസീര്‍ വാടനപ്പള്ളിയും അശ്‌റഫ് താമരശ്ശേരിയും അറിയിച്ചു.