ശക്തമായി തിരിച്ച് വരും എംഎ യൂസുഫലി

കോവിഡ്-19 മൂലമുണ്ടായ പ്രതിസന്ധി താല്‍കാലികമാണെന്നും അവ തരണം ചെയ്ത് ശക്തമായി തിരിച്ച് വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാനും നോര്‍ക്ക വൈസ് ചെയര്‍മാനുമായ എം.എ. യൂസുഫലി വ്യക്തമാക്കി. യു.എ.ഇയിലെ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരുമായി റമദാന്‍ ഓണ്‍ലൈന്‍ മീഡിയാ മജ്‌ലിസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

Update: 2020-05-20 17:16 GMT

ദുബയ്: കോവിഡ്-19 മൂലമുണ്ടായ പ്രതിസന്ധി താല്‍കാലികമാണെന്നും അവ തരണം ചെയ്ത് ശക്തമായി തിരിച്ച് വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാനും നോര്‍ക്ക വൈസ് ചെയര്‍മാനുമായ എം.എ. യൂസുഫലി വ്യക്തമാക്കി. യു.എ.ഇയിലെ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരുമായി റമദാന്‍ ഓണ്‍ലൈന്‍ മീഡിയാ മജ്‌ലിസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലുലു അടക്കമുള്ള റീട്ടെയില്‍ സ്ഥാപനങ്ങള്‍ പ്രയാസങ്ങള്‍ നേരിടുന്നുണ്ടെങ്കിലും ഒരു ജീവനക്കാരുടെയും വേതനം വെട്ടിക്കുറച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഞങ്ങളുടെ ജീവനക്കാരുടെ ആശ്രിതരെ പട്ടിണിക്കിടില്ലെന്നും അദ്ദേഹം വ്യക്തമാക്തി. കുവൈത്ത് യുദ്ധത്തിന് ശേഷം എണ്ണ വില കുത്തനെ ഇടിഞ്ഞ് സാമ്പത്തിക പ്രതിസന്ധി തരണം ചെയ്ത് തിരിച്ച് ശക്തമായ അനുഭവം നമുക്കുണ്ട്. അക്കാലത്ത് ലക്ഷ കണക്കിന് ആളുകളാണ് നാട്ടിലേക്ക് തിരിച്ച് പോയിരുന്നത്. ആത്മ വിശ്വാസവും പ്രതീക്ഷയും മുറുടെ പിടിച്ച് മുന്നോട്ട് നീങ്ങേണ്ടുന്ന സമയമാണിത്.

ലോകത്തിന്റെ ഇന്നത്തെ അവസ്ഥ ഏറെ വേദനാജനകമാണ്. ഏറ്റവും കൂടുതല്‍ ആരോഗ്യ സൗകര്യങ്ങളുള്ള പാശ്ചാത്യ രാജ്യങ്ങളില്‍ പോലും ബുദ്ധി മുട്ട് അനുഭവിച്ച് കൊണ്ടിരിക്കുകയാണ്. അവരുടെ മെഡിക്കല്‍ സംവിധാനങ്ങളെല്ലാം പരാജയപ്പെതിനാലാണ് ലക്ഷ കണക്കിന് ആളുകള്‍ മരണത്തിന് കീഴടങ്ങി കൊണ്ടിരിക്കുന്നത്. കേരളത്തിലേക്ക് 80 ശതമാനം പ്രവാസികള്‍ മടങ്ങി എത്തുമെന്നാണ് കരുതുന്നത്. പലരുടെയും ശമ്പളം 50 ശതമാനം വരെ വെട്ടിക്കുറച്ചിട്ടുണ്ട്. ഇന്ത്യയില്‍ തയ്യല്‍ക്കാര്‍, ബാര്‍ബര്‍മാര്‍ അടക്കമുള്ള ജോലിക്കാര്‍ ഏറെ പ്രയാസത്തിലാണ്.

അടുത്ത 12 മാസത്തേക്കുള്ള ഭക്ഷ്യ വിഭവങ്ങള്‍ ഞങ്ങളും മറ്റു വ്യാപാരികളും സംഭരിച്ചിട്ടുണ്ട്. ഇനിയും സ്‌റ്റോക്ക് വര്‍ധിപ്പിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുന്നു. അടുത്ത ദിവസങ്ങളിലായി 12 പ്രത്യേക വിമാനങ്ങള്‍ കൂടി ഭക്ഷ്യസാധനങ്ങളുമായി എത്തും.

കേന്ദ്ര, കേരള സര്‍ക്കാരുകള്‍ അവരുടെ പരിമിതികള്‍ക്കുള്ളില്‍ നിന്ന് നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്. പൗരന്‍മാരെന്നോ പ്രവാസികളെന്നോ വ്യത്യാസമില്ലാതെ എല്ലാവരെയും ചേര്‍ത്ത് പിടിക്കുന്നവരാണ് യു.എ.ഇയിലെ ഭരണാധികാരികള്‍. ഒരു കോടി ഭക്ഷണപ്പൊതികളുടെ പദ്ധതി ഒന്നര കോടിയും കവിഞ്ഞത് ഇതിന് ഉദാഹരണമാണ്. കേരളം വ്യവസായ പരമായും വിദ്യാഭ്യാസ പരമായും ഇനിയും വികസിക്കേണ്ടതുണ്ട്. കണ്‍സ്യൂമര്‍ സ്‌റ്റേറ്റ് എന്ന ലേബലില്‍ നിന്ന് മാറി സ്വയം പര്യാപ്തരാകണം. ഇത് സര്‍ക്കാരിന്റെ മാത്രം ഉത്തരവാദിത്വമല്ല. സ്വകാര്യ സംരംഭകരും ഇത്തരം നിക്ഷേപങ്ങള്‍ നടത്തണം. എന്നാല്‍, നിക്ഷേപകരെ ആട്ടിയോടിക്കുന്ന സമീപനം കേരളത്തിലുള്ളവരും ഉപേക്ഷിക്കണം. തളര്‍ന്നുപോകേണ്ട സമയമല്ലെന്നും ഈ കാലവും കടന്നുപോകുമെന്നും യൂസുഫലി പറഞ്ഞു. യുഎഇയിലെ എല്ലാ മാധ്യമ പ്രവര്‍ത്തരും പങ്കെടുത്ത ഓണ്‍ലൈന്‍ വാര്‍ത്താ സമ്മേളനത്തില്‍ ലുലു ഗ്രൂപ്പ് ചീഫ് കമ്മ്യൂണിക്കേഷന്‍ ഓഫീസര്‍ വി. നന്ദകുമാര്‍ മോഡറേറ്റര്‍ ആയിരുന്നു.  

Tags:    

Similar News