ദുബയ്: തഖ്ദീര്‍ ലോയല്‍റ്റി കാര്‍ഡിനായുള്ള പങ്കാളിത്തത്തിന് ആറ് സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും മൂന്ന് സ്വകാര്യ മേഖലാ സ്ഥാപനങ്ങളുടെയും പ്രതിനിധികളെ തഖ്ദീര്‍ അവാര്‍ഡ് കമ്മിറ്റി തെരഞ്ഞെടുത്തു. ഗ്രാന്‍ഡ് ഹൈപ്പര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് & ക്ലിനിക്‌സ് റോച്ചസ്റ്റര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി എന്നിവയെ തഖ്ദീര്‍ ലോയല്‍റ്റി കാര്‍ഡിന്റെ വ്യത്യസ്ത വിഭാഗങ്ങളില്‍ ഇളവുകള്‍ നല്‍കുന്നതിനായി സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളില്‍നിന്ന് നിന്ന് തഖ്ദീര്‍ അവാര്‍ഡ് കമ്മിറ്റി പ്രത്യേകം തിരഞ്ഞെടുത്തു.
ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഹിസ് ഹൈനസ് ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ രക്ഷാകര്‍തൃത്വത്തില്‍ 2016ല്‍ ആരംഭിച്ച തഖ്ദീര്‍ പുരസ്‌കാരങ്ങള്‍, കമ്പനികള്‍ക്കിടയിലെ തൊഴില്‍ മികവിനെയും തൊഴില്‍ ചെയ്യുന്നവരെയും അംഗീകരിക്കുന്നതിനുള്ള ലോകത്തിലെ തന്നെ ആദ്യ സംരംഭമാണ്. ദുബായിലെ വിവിധ വ്യാപാര, വാണിജ്യ സ്ഥാപനങ്ങളില്‍ നിന്നും മികച്ച തൊഴിലാളികള്‍ക്ക് പ്രതിവര്‍ഷം ദശലക്ഷക്കണക്കിന് ദിര്‍ഹം മൂല്യമുള്ള, ഡിസ്‌കൗണ്ടുകളും മറ്റാനുകൂല്യങ്ങളും ലഭിക്കാന്‍ തഖ്ദീര്‍ ലോയല്‍റ്റി കാര്‍ഡുകള്‍ അനുവദിക്കുന്നു.
ഗ്രാന്‍ഡ് ഹൈപ്പര്‍ എന്ന ബ്രാന്‍ഡ് നാമത്തിലുള്ള റീജന്‍സി ഗ്രൂപ്പ് ഫോര്‍ കോര്‍പ്പറേറ്റ് മാനേജ്‌മെന്റിന്റെ ഹൈപ്പര്‍മാര്‍ക്കറ്റ് വിഭാഗങ്ങളില്‍ 140,000 തഖ്ദീര്‍ കാര്‍ഡുകള്‍ മുഖേന അത്രയുംതന്നെ തൊഴിലാളികള്‍ക്ക് ആകര്‍ഷകമായ ആനുകൂല്യങ്ങളും ഇളവുകളും ലഭിക്കുന്നതാണ്.
ഈ അംഗീകാരം കൈവരിച്ചതില്‍ അഭിമാനിക്കുന്നതായും, തൊഴിലാളി സമൂഹത്തെ പിന്തുണയ്ക്കുന്നതില്‍ ഗ്രാന്‍ഡിന്റെ ശ്രമങ്ങളെ അംഗീകരിച്ച തഖ്ദീര്‍ അവാര്‍ഡ് കമ്മിറ്റിക്ക് നന്ദി അറിയിക്കുന്നതായും റീജന്‍സി ഗ്രൂപ്പ് ചെയര്‍മാന്‍ ശ്രീ ഷംസുദ്ധീന്‍ ബിന്‍മോഹിദ്ദീന്‍ പറഞ്ഞു. ഗ്രാന്‍ഡ് ഹൈപ്പറിന്റെ ബിസിനസ് ലക്ഷ്യങ്ങള്‍ എല്ലായ്‌പ്പോഴും ഗവണ്‍മെന്റ് നയങ്ങള്‍ക്ക് അനുസൃതമായി നിലകൊള്ളുന്നുവെന്ന് മാത്രമല്ല, സമൂഹത്തിന്റെ ക്ഷേമത്തിനും സുസ്ഥിര വികസനത്തിനും വേണ്ടിയുള്ള യുഎഇ ഗവണ്‍മെന്റിന്റെ എല്ലാ സംരംഭങ്ങളെയും പിന്തുണയ്ക്കുന്നതില്‍ സന്തോഷിക്കുകയും ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യു.എ.ഇ. ഗവണ്മെന്റിന്റെ ഇങ്ങനെയുള്ള സംരംഭങ്ങളെ സര്‍വാത്മനാ പിന്‍തുണയ്ക്കുന്ന സമീപനമാണ് ഗ്രാന്‍ഡ് ഹൈപ്പര്‍ എന്നും പുലര്‍ത്തിപ്പോരുന്നത്. എല്ലാ തൊഴിലിടങ്ങളിലും ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നതിനും സമൂഹത്തിലെ തൊഴിലാളി ക്ഷേമത്തിന് ഒരു മാതൃകയാകുന്നതിനുമുള്ള ശ്രമങ്ങള്‍ തുടരുക എന്നതാണ് ഗ്രാന്‍ഡ് തുടര്‍ന്നും ലക്ഷ്യമിടുന്നത്.