സംഘപരിവാര ഫാഷിസ്റ്റുകള്‍ക്ക് ബങ്കറില്‍ ഒളിക്കേണ്ട കാലംവരും: കെ കെ അബ്ദുല്‍ ജബ്ബാര്‍

പാര്‍ട്ടിയുടെ നേതാക്കള്‍ ഇന്ത്യയുടെ ഗ്രാമഗ്രാമാന്തരങ്ങളില്‍ കടന്നുചെന്ന് നേരിട്ടനുഭവിച്ച പച്ചയായ യാഥാര്‍ഥ്യങ്ങളില്‍നിന്നാണ് 'വിശപ്പില്‍നിന്നു മോചനം ഭയത്തില്‍നിന്ന് മോചനം' എന്ന കാലഘട്ടം തേടുന്ന മുദ്രാവാക്യം ഉയര്‍ന്നുവന്നിട്ടുള്ളത്. 11 വര്‍ഷങ്ങള്‍ക്കിപ്പുറവും ഇതിന്റെ പ്രസക്തി നിലനില്‍ക്കുന്നു.

Update: 2020-06-23 09:20 GMT

ദമ്മാം: ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളെയും ദലിതുകളെയും മാത്രമല്ല, ഫാഷിസത്തിനെതിരേ പ്രതികരിക്കുന്നവരെയെല്ലാം ശത്രുക്കളായി പ്രഖ്യാപിച്ച് വേട്ടയാടുന്ന ആര്‍എസ്എസ് സംഘപരിവാര ഫാഷിസ്റ്റുകള്‍ക്ക് ബങ്കറില്‍ ഓടിയൊളിക്കേണ്ട കാലംവരുമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍. എസ്ഡിപിഐയുടെ 11ാം സ്ഥാപകദിനത്തോടനുബന്ധിച്ച് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം കേരള സ്റ്റേറ്റ് കമ്മിറ്റി സംഘടിപ്പിച്ച വെബിനാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നമ്മുടെ രാജ്യത്തിന്റെ അടിസ്ഥാനപ്രശ്‌നം ഭയമാണ്. ഇത് 11 വര്‍ഷം മുമ്പ് എസ്ഡിപിഐ വിളിച്ചുപറഞ്ഞു.


 പാര്‍ട്ടിയുടെ നേതാക്കള്‍ ഇന്ത്യയുടെ ഗ്രാമഗ്രാമാന്തരങ്ങളില്‍ കടന്നുചെന്ന് നേരിട്ടനുഭവിച്ച പച്ചയായ യാഥാര്‍ഥ്യങ്ങളില്‍നിന്നാണ് 'വിശപ്പില്‍നിന്നു മോചനം ഭയത്തില്‍നിന്ന് മോചനം' എന്ന കാലഘട്ടം തേടുന്ന മുദ്രാവാക്യം ഉയര്‍ന്നുവന്നിട്ടുള്ളത്. 11 വര്‍ഷങ്ങള്‍ക്കിപ്പുറവും ഇതിന്റെ പ്രസക്തി നിലനില്‍ക്കുന്നു. ഈ മുദ്രാവാക്യം മറ്റു രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഇപ്പോള്‍ ഏറ്റുവിളിക്കുന്നത് സന്തോഷകരമാണ്. ആറുവര്‍ഷമായി സംഘപരിവാര്‍ ഫാഷിസ്റ്റ് സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നത്. മതനിരപേക്ഷതയുടെ ശത്രുക്കളായ ലക്ഷണമൊത്ത ഭീകരസംഘടനയാണ് ആര്‍എസ്എസ്.

അവരുടെ അജണ്ട നടപ്പാക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടിയാണ് ബിജെപിയെന്ന് പറഞ്ഞാല്‍ പലര്‍ക്കും അംഗീകരിക്കാന്‍ മടിയാണ്. രാജ്യത്തിന്റെ കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നത് പാര്‍ലമെന്റിലല്ല, നാഗ്പൂരിലെ സംഘപരിവാര്‍ ആസ്ഥാനത്താണ്. കൊവിഡ് കാലത്ത് ഇന്ത്യയിലെ പാവപ്പെട്ട മനുഷ്യരോട് ഒരു ദാക്ഷിണ്യവും കാണിക്കാത്ത ഭരണകൂടം, ഫാഷിസത്തോടും പൗരത്വനിഷേധ നിയമങ്ങള്‍ക്കുമെതിരേ പ്രതിഷേധിച്ചവരോട് പ്രതികാരം ചെയ്യാനും സമരപോരാട്ടങ്ങളുടെ മുന്നണിയിലുണ്ടായിരുന്ന ഗര്‍ഭിണികളടക്കമുള്ളവരെ കള്ളക്കേസെടുത്ത് ഭീകരനിയമങ്ങള്‍ ചുമത്തി ജയിലിലടക്കാനുമാണ് ലോക്ക് ഡൗണ്‍ മറവില്‍ ആര്‍എസ്എസ് നിയന്ത്രിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചിട്ടുള്ളതെന്നും അബ്ദുല്‍ ജബ്ബാര്‍ പറഞ്ഞു.

പാര്‍ട്ടിയുടെ സ്ഥാപകദിനത്തില്‍ 'ഉപജീവനമല്ല രാഷ്ട്രീയപ്രവര്‍ത്തനം' എന്ന സന്ദേശമുയര്‍ത്തി രാജ്യമൊട്ടാകെ സമരസേവന രംഗത്ത് പാര്‍ട്ടി സജീവമായി നിലനില്‍ക്കുന്നു. ഈ വിപ്ലവം മുന്നോട്ടുകുതിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയില്‍ സോഷ്യല്‍ ഫോറം കേരള സ്റ്റേറ്റ് വൈസ് പ്രസിഡന്റ് നാസര്‍ ഒടുങ്ങാട് അധ്യക്ഷത വഹിച്ചു. സെക്രട്ടറിമാരായ മന്‍സൂര്‍ എടക്കാട്, അന്‍സാര്‍ കോട്ടയം, സെന്‍ട്രല്‍ കമ്മിറ്റി അംഗം ഫാറൂഖ് വവ്വാക്കാവ്, നസീബ് പത്തനാപുരം സംസാരിച്ചു. 

Tags:    

Similar News