വാഹനാപകടത്തില്‍ ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ട കേസ്: സുമനസുകളുടെ സഹായത്താല്‍ ജയില്‍മോചിതനായ പ്രമോദ് നാട്ടിലേക്ക്

നിലമ്പൂര്‍ തേള്‍പാറ സ്വദേശി പ്രമോദ് (40) നാണു ജനകീയ കമ്മിറ്റിയുടെ സഹായത്താല്‍ ദിയാധനം കെട്ടിവച്ച് നാട്ടിലേക്ക് മടങ്ങാന്‍ വഴിതെളിഞ്ഞത്. 2016 ഒക്ടോബര്‍ 10നു ദമ്മാം- ദഹ്‌റാന്‍ റോഡിലായിരുന്നു കേസിനാസ്പദമായ അപകടം നടന്നത്. ഇന്‍ഷുറന്‍സോ മറ്റു രേഖകളോ ഇല്ലാത്ത പ്രമോദിന്റെ വാഹനം ബ്രേക്ക് തകരാറിലായതിനെ തുടര്‍ന്ന് യുപി സ്വദേശിയായ മുഹമ്മദ് സീഷാന്റെ നിര്‍ത്തിയിട്ടിരുന്ന പിക്കപ്പില്‍ വന്നിടിക്കുകയും അദ്ദേഹം തല്‍ക്ഷണം മരിക്കുകയുമായിരുന്നു.

Update: 2019-02-14 16:21 GMT

ദമ്മാം: വാഹനാപകടത്തെ തുടര്‍ന്ന് യുപി സ്വദേശി മരിക്കാനിടയായ സംഭവത്തില്‍ ജയിലിലായിരുന്ന മലയാളി മോചനദ്രവ്യം നല്‍കി നാട്ടിലേക്ക് തിരിക്കുന്നു. നിലമ്പൂര്‍ തേള്‍പാറ സ്വദേശി പ്രമോദ് (40) നാണു ജനകീയ കമ്മിറ്റിയുടെ സഹായത്താല്‍ ദിയാധനം കെട്ടിവച്ച് നാട്ടിലേക്ക് മടങ്ങാന്‍ വഴിതെളിഞ്ഞത്. 2016 ഒക്ടോബര്‍ 10നു ദമ്മാം- ദഹ്‌റാന്‍ റോഡിലായിരുന്നു കേസിനാസ്പദമായ അപകടം നടന്നത്. ഇന്‍ഷുറന്‍സോ മറ്റു രേഖകളോ ഇല്ലാത്ത പ്രമോദിന്റെ വാഹനം ബ്രേക്ക് തകരാറിലായതിനെ തുടര്‍ന്ന് യുപി സ്വദേശിയായ മുഹമ്മദ് സീഷാന്റെ നിര്‍ത്തിയിട്ടിരുന്ന പിക്കപ്പില്‍ വന്നിടിക്കുകയും അദ്ദേഹം തല്‍ക്ഷണം മരിക്കുകയുമായിരുന്നു.

കടുത്ത മൂടല്‍മഞ്ഞുണ്ടായിരുന്നതിനാല്‍ എതിര്‍ദിശയിലുള്ള വാഹനം കാണാന്‍ പ്രമോദിന് കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് തുകബ പോലിസ് കസ്റ്റഡിയിലായ പ്രമോദിനെ ജയിലിലേക്ക് മാറ്റി. എട്ടുമാസത്തെ ജയില്‍വാസത്തിനിടെ ആരും സഹായിക്കാനില്ലാതിരുന്ന പ്രമോദിനെ ദമ്മാമിലെ നവോദയ സാംസ്‌കാരികവേദി പ്രവര്‍ത്തകര്‍ ഇടപെടുകയും ഒരു സ്വദേശി പൗരനെ ഏര്‍പ്പാടാക്കി 2017 മെയില്‍ ജാമ്യത്തിലിറക്കുകയുമായിരുന്നു. തുടര്‍ന്ന് സാമൂഹികപ്രവര്‍ത്തകരായ മുഹമ്മദ് നജാത്തി ചെയര്‍മാനായും ആരിഫ് നിലമ്പൂര്‍, രാജേഷ് ആനമങ്ങാട്, നാസ് വക്കം, ഇ എം കബീര്‍, ശ്രീകുമാര്‍ കോഴിക്കോട്, ഹബീബ് ഏലംകുളം എന്നിവര്‍ അംഗങ്ങളുമായി ജനകീയ കമ്മിറ്റി രൂപീകരിച്ച് സുമനസ്സുകളുടെ സഹായത്തോടെ ദിയാധനം സ്വരൂപിച്ചു. മരണപ്പെട്ട യുപി സ്വദേശി മുഹമ്മദ് സീഷാന്റെ കുടുംബവുമായി ജനകീയ കമ്മിറ്റി ബന്ധപ്പെട്ട് നഷ്ടപരിഹാരം നല്‍കാമെന്നുറപ്പ് നല്‍കിയതോടെ പ്രമോദിന് മാപ്പുനല്‍കാന്‍ തയ്യാറായി. തുടര്‍ന്ന് അല്‍ഖോബാര്‍ അസീസിയ കോടതിയില്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കി നഷ്ടപരിഹാരത്തുക കെട്ടിവച്ചതോടെയാണ് പ്രമോദ് കൊലപാതകക്കുറ്റത്തില്‍നിന്ന് പൂര്‍ണമായും മോചിതനായത്.

വിനീതയാണ് പ്രമോദിന്റെ ഭാര്യ. ആദര്‍ശ്, അമല്‍ എന്നിവര്‍ മക്കളാണ്. ജനകീയ കമ്മിറ്റി കഴിഞ്ഞ ദിവസം ദമ്മാമില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ നാട്ടിലെത്തി ജീവിതോപാധി കണ്ടെത്തുന്നതിന് പ്രമോദിന് രണ്ടുലക്ഷം രൂപ കൈമാറിയതായും അറിയിച്ചു. ഇ എം കബീര്‍, മുഹമ്മദ് നജാത്തി, മോഹന്‍ദാസ്, ഷമിം മലപ്പുറം, ആരിഫ് നിലംബൂര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Tags:    

Similar News