അബ്ദുര്‍റഹീമിന്റെ കേസ് വീണ്ടും മാറ്റിവച്ചു; മാറ്റുന്നത് തുടര്‍ച്ചയായ 10ാം തവണ

റിയാദ്: സൗദി അറേബ്യയില്‍ തടവില്‍ കഴിയുന്ന അബ്ദുര്‍റഹീമിനെ വധശിക്ഷയില്‍നിന്ന് ഇളവ് ലഭിച്ച് ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനം വീണ്ടും വൈകും. കേസ് കോടതി ഇന്നും പരിഗണിച്ചില്ല. ഇത് തുടര്‍ച്ചയായ പത്താം തവണയാണ് കേസ് കോടതി മാറ്റിവയ്ക്കുന്നത്.
കോഴിക്കോട് ഫറോക്ക് സ്വദേശിയായ അബ്ദുര്‍ റഹീം 2006ലാണ് സൗദിയിലെത്തിയത്. ഒരു മാസം തികയും മുമ്പ് ഡിസംബര്‍ 26ന് ജോലിക്കിടെ സ്പോണ്‍സറായ സൗദി പൗരന്‍ ഫായിസ് അബ്ദുല്ല അബ്ദുറഹിമാന്‍ അല്‍ ശഹ്രിയുടെ 15 വയസ്സുകാരനായ മകന്‍ മരിച്ച കേസിലാണ് ജയിലിലടയ്ക്കപ്പെട്ടത്. ഇക്കഴിഞ്ഞ ജൂലൈ രണ്ടിന് റഹീമിന്റെ വധശിക്ഷ റദ്ദാക്കിയെങ്കിലും ജയില്‍മോചനത്തിലെ നിയമനടപടികള്‍ തുടരുകയായിരുന്നു.
അബ്ദുര്‍ റഹീമിന്റെ മോചനത്തിന് 15 ദശലക്ഷം സൗദി റിയാലായിരുന്നു അറബി കുടുംബം ആവശ്യപ്പെട്ടത്. റിയാദിലെ അബ്ദുല്‍ റഹീം നിയമ സഹായ സമിതി കഴിഞ്ഞ 17 വര്‍ഷത്തിലധികമായി നടത്തി വരുന്ന നിയമ പോരാട്ടത്തിനൊടുവിലാണ് സൗദി കുടുംബത്തിന്റെ വക്കീല്‍ മുഖാന്തരം നടത്തിയ പ്രത്യേക ഇടപെടല്‍ മൂലം 15 ദശലക്ഷം റിയാലിന് മോചനം നല്‍കാന്‍ സമ്മതിച്ചത്. റിയാദ് നിയമ സഹായ സമിതിയുടെ നിര്‍ദേശ പ്രകാരം 2021ല്‍ നാട്ടില്‍ ട്രസ്റ്റ് കമ്മിറ്റി രൂപീകരിച്ചു.
റഹീമിന് വധശിക്ഷ നല്‍കുക എന്ന തീരുമാനത്തില്‍ ഉറച്ചു നിന്നിരുന്ന സൗദി കുടുംബവുമായി അവരുടെ തന്നെ വക്കീലുമാര്‍ നടത്തിയ മധ്യസ്ഥ ശ്രമത്തിനൊടുവിലാണ് ദിയ ധനം സ്വീകരിച്ച് മാപ്പ് നല്‍കാന്‍ സൗദി കുടുംബം തയ്യാറായത്. ദിയാധനം സ്വീകരിച്ചതിന് ശേഷം സൗദി കുടുംബം മാപ്പ് നല്‍കാന്‍ തയ്യാറാണെന്ന് റിയാദ് ക്രിമിനല്‍ കോടതിയെ അറിയിച്ചതിന്റെ തുടര്‍ന്ന് കഴിഞ്ഞ ജൂലൈ രണ്ടിനാണ് റഹീമിന്റെ വധശിക്ഷ റദ്ദാക്കി കൊണ്ടുള്ള കോടതി ഉത്തരവുണ്ടായത്. അതിനിടെ റിയാദിലെത്തിയ മാതാവും സഹോദരനും അമ്മാവനും ജയിലില്‍ റഹീമുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ദിയ നല്‍കി മാപ്പ് നല്‍കാനുള്ള സൗദി കുടുംബത്തിന്റെ തീരുമാനം ഡിസംബറില്‍ ഇന്ത്യന്‍ എംബസി നാട്ടിലെ അബ്ദുര്‍റഹീമിന്റെ കുടുംബത്തെ അറിയിക്കുകയും അതുപ്രകാരം ട്രസ്റ്റ് കമ്മിറ്റി വഴി ഫണ്ട് സമാഹരണത്തിനുള്ള ശ്രമങ്ങള്‍ റിയാദ് നിയമ സഹായ സമിതി ആരംഭിക്കുകയും ചെയ്തു. മലപ്പുറത്തെ സ്പെയിന്‍ കോഡ് എന്ന കമ്പനിയുടെ പ്രത്യേക ആപ്പ് വഴിയാണ് ഫണ്ട് സമാഹരണം കഴിഞ്ഞ മാര്‍ച്ച് പത്തിന് ആരംഭിച്ചത്. ക്രൗഡ് ഫണ്ടിങിലൂടെ ആവശ്യമായ തുക ലഭ്യമായതോടെ ഏപ്രില്‍ 12ന് അവസാനിപ്പിക്കുകയും ചെയ്തു.
അബ്ദുര്‍ റഹീമിന്റെ മോചനത്തിനായി പിരിച്ചത് 47.87 കോടി രൂപയാണെന്ന് റഹീം നിയമ സഹായ സമിതി നേരത്തെ അറിയിച്ചിരുന്നു. അതില്‍ 36.27 രൂപയുടെ ചെലവ് വന്നതായും ബാക്കി 11.60 കോടി രൂപ ട്രസ്റ്റിന്റെ ബാങ്ക് അക്കൗണ്ടിലുള്ളതായും ഭാരവാഹികള്‍ പറഞ്ഞു. ആ തുക എന്തുചെയ്യണമെന്നതില്‍ റഹീം നാട്ടില്‍ വന്നാലുടന്‍ തീരുമാനമെടുക്കുമെന്നും നിയമ സഹായ സമിതി വ്യക്തമാക്കിയിരുന്നു.