കുവൈത്ത് സിറ്റി: കൊവിഡ് പ്രതിരോധത്തിനായി കുവൈത്ത് ആരോഗ്യ മന്ത്രാലയം റാന്‍ഡം അടിസ്ഥാനത്തില്‍ പരിശോധനയ്‌ക്കൊരുങ്ങുന്നു. ഏതെങ്കിലും ഭാഗത്ത് കൊവിഡ് വ്യാപനം ഉണ്ടോയെന്ന് അറിയാനാണിത്. സ്ഥിരീകരിച്ചാല്‍ പിന്നീട് ആ ഭാഗങ്ങളില്‍ വിശദമായ പരിശോധന നടത്തും. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ജസീറ എയര്‍വേസ് പാര്‍ക്കിലാണ് ആരോഗ്യ മന്ത്രാലയം ടെസ്റ്റിങ് സെന്റര്‍ ആരംഭിച്ചത്.
18 വയസ്സിനും 70 വയസ്സിനും ഇടയിലുള്ളവരെയാണ് പരിശോധിക്കുക. പ്രതിദിനം 180 പേര്‍ എന്ന രീതിയില്‍ പരിശോധനയ്ക്കു വിധേയരാക്കും. വ്യക്തികളുടെ ഫോണുകളിലേക്ക് പരിശോധനയുടെ ദിവസവും സ്ഥലവും സമയവും മെസ്സേജ് വഴി അറിയിക്കും. സമ്പൂര്‍ണ കര്‍ഫ്യൂ നിലവിലുള്ളതിനാല്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ വിഭാഗത്തിന്റെ പ്രത്യേക അനുമതി നല്‍കിയാണ് ഇവര്‍ക്ക് പരിശോധനയ്ക്കായി പുറത്തുപോകാനുള്ള സൗകര്യമൊരുക്കുക.